ഇസ്ലാമാബാദ്: അതിര്‍ത്തി സംഘര്‍ഷം കനത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ സമാധാന വഴിയിലേക്ക്. അതിര്‍ത്തിയില്‍ വെടിനിര്‍ത്താന്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ദോഹയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ഖത്തറും തുര്‍ക്കിയുമാണ് മധ്യസ്ഥരായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരാനും തീരുമാനമായി. സംഘര്‍ഷം രൂക്ഷമായതോടെയാണ് ദോഹയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നത്.

താലിബാന്‍ സര്‍ക്കാര്‍ തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്നതായി ആരോപിച്ചാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. സംഘര്‍ഷത്തില്‍ ഇരുഭാഗത്തും ആള്‍നാശമുണ്ടായി. പാക്കിസ്ഥാന്‍ സേന അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിമേഖലകളില്‍ വെള്ളിയാഴ്ച രാത്രി നടത്തിയ ബോംബാക്രമണങ്ങളില്‍ 3 പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ മൂര്‍ച്ഛിച്ചു.

താല്‍ക്കാലിക വെടിനിര്‍ത്തല്‍ 2 ദിവസത്തേക്കു കൂടി നീട്ടിയതിനു പിന്നാലെയായിരുന്നു ആക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ നോര്‍ത്ത് വസീറിസ്ഥാനില്‍ സൈനിക ക്യാംപിനുനേരെയുണ്ടായ ചാവേറാക്രമണത്തിനു തിരിച്ചടിയായാണു വ്യോമാക്രമണം. ആക്രമണത്തില്‍ 4 ചാവേറുകളെ പാക്ക് സേന വധിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഒറാക്‌സായി ജില്ലയിലെ സേനാ ക്യാംപിനു നേരെ നിരോധിത സംഘടനയായ തെഹ്രികെ താലിബാന്‍ പാക്കിസ്ഥാന്റെ (ടിടിപി) ഹാഫിസ് ഗുല്‍ ബഹാദുര്‍ വിഭാഗം നടത്തിയ ഭീകരാക്രമണത്തില്‍ ലഫ്. കേണലും മേജറുമടക്കം 11 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പാക്ക് ആക്രമണത്തില്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ഉര്‍ഗുന്‍ ജില്ലയില്‍നിന്നുള്ള കബീര്‍, സിബ്ഗത്തുല്ല, ഹാറൂണ്‍ എന്നീ പ്രാദേശിക കളിക്കാരാണു കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

അതിനിടെ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി പാക്ക് സൈനിക മേധാവി അസിം മുനീറും രംഗത്തുവന്നിരുന്നു. സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യന്‍ സൈന്യത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് അസിം മുനീര്‍ ആവര്‍ത്തിച്ചു. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പാക്കിസ്ഥാന്‍ മിലിട്ടറി അക്കാദമിയിലെ (പിഎംഎ) ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അസിം മുനീര്‍.

ആണവായുധമുള്ള സാഹചര്യത്തില്‍ യുദ്ധത്തിന് ഇടമില്ലെന്ന് ഇന്ത്യന്‍ സൈനിക നേതൃത്വത്തിന് ഉപദേശവും താക്കീതും നല്‍കുന്നതായി അസിം മുനീര്‍ പറഞ്ഞു. സംഘര്‍ഷമുണ്ടായാല്‍ ഊഹിക്കാവുന്നതിലും അപ്പുറമുള്ള സൈനികവും സാമ്പത്തികവുമായ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. '' പ്രകോപനം സൃഷ്ടിക്കുന്നവരുടെ പ്രതീക്ഷകള്‍ക്കപ്പുറം പാക്കിസ്ഥാന്‍ പ്രതികരിക്കും. അതിന്റെ ഫലമായി ഉണ്ടാകുന്ന സൈനിക, സാമ്പത്തിക നഷ്ടങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരുടെ ഭാവനകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരിക്കും. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇന്ത്യയ്ക്കായിരിക്കും''അസിം മുനീര്‍ പറഞ്ഞു.

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലെ സംഘര്‍ഷം രൂക്ഷമായതോടെ ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരബന്ധവും നിലച്ചു. കറാച്ചി ഉള്‍പ്പെടെ പാക്കിസ്ഥാനിലെ തുറമുഖങ്ങളിലും അതിര്‍ത്തി നഗരങ്ങളിലുമായി കയറ്റുമതി ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാന്‍ എത്തിച്ച ആയിരക്കണക്കിന് കണ്ടെയ്‌നറുകളാണ് കെട്ടിക്കിടക്കുന്നതെന്ന് പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ ജോയിന്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് അഭിപ്രായപ്പെട്ടു.

ഒരിടവേളയ്ക്കുശേഷം സമീപകാലത്താണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും വ്യാപാരബന്ധം വീണ്ടും സജീവമാക്കിയത്. 2025ന്റെ ആദ്യ 6 മാസത്തെ കണക്കനുസരിച്ച് 100 കോടി ഡോളറിന്റേതാണ് (8,500 കോടി രൂപ) ഉഭയകക്ഷി വ്യാപാരം. ഇതില്‍ 27.7 കോടി ഡോളറിന്റേത് (2,400 കോടി രൂപ) പാക്കിസ്ഥാനിലേക്കുള്ള അഫ്ഗാന്റെ കയറ്റുമതിയാണ്. പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനിലേക്ക് 71.2 കോടി ഡോളറിന്റെ (6,100 കോടി രൂപ) കയറ്റുമതിയും നടത്തുന്നു.

സമീപഭാവിയില്‍തന്നെ വ്യാപാരം 1,000 കോടി ഡോളറിലേക്ക് ഉയര്‍ത്താന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതിനിടെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം അതിരൂക്ഷമായത്. പച്ചക്കറികള്‍, ഡ്രൈഫ്രൂട്‌സ് തുടങ്ങിയവയാണ് അഫ്ഗാനില്‍ നിന്ന് പാക്കിസ്ഥാന്‍ പ്രധാനമായും വാങ്ങുന്നത്. അഫ്ഗാന്‍ തിരികെ മരുന്നുകള്‍, അരി, പഞ്ചസാര തുടങ്ങിയവയും. വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കും അഫ്ഗാന്‍ ആശ്രയിക്കുന്നത് കറാച്ചി ഉള്‍പ്പെടെ പാക്കിസ്ഥാന്റെ തുറമുഖങ്ങളെയും വിമാനത്താളങ്ങളെയുമായിരുന്നു.

വ്യാപാരബന്ധം ശക്തമാക്കാനായി ഇരു രാജ്യങ്ങളും സമീപകാലത്ത് പരസ്പരം ചില ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവയും കുറച്ചിരുന്നു. അഫ്ഗാന്റെ മുന്തിരി, മാതളനാരങ്ങ, ആപ്പിള്‍, തക്കാളി എന്നിവയുടെ തീരുവ പാക്കിസ്ഥാനും തിരികെ പാക്കിസ്ഥാന്റെ മാമ്പഴം, വാഴപ്പഴം, ഉരുളക്കിഴങ്ങ് എന്നിവയുടെ തീരുവ അഫ്ഗാനും 60 ശതമാനത്തില്‍നിന്ന് 27 ശതമാനത്തിലേക്ക് കുറച്ചിരുന്നു.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലെ വ്യാപാരവും നടന്നിരുന്നത് പാക്കിസ്ഥാനിലൂടെയായിരുന്നു. ഇന്ത്യ-പാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തന്നെ പാക്കിസ്ഥാന്‍ വഴിയുള്ള വ്യാപാരം തടസ്സപ്പെട്ടിരുന്നു. ഇപ്പോള്‍ പാക്ക്-അഫ്ഗാന്‍ സംഘര്‍ഷം കൂടുതല്‍ പ്രതിസന്ധിയായിട്ടുണ്ട്.

ഇന്ത്യയില്‍നിന്ന് അഫ്ഗാനിലേക്കും തിരിച്ചും അട്ടാരി-വാഗ അതിര്‍ത്തി വഴിയുള്ള ചരക്കുനീക്കത്തിന് പാക്കിസ്ഥാന്‍ അനുമതി നിഷേധിക്കുമെന്ന ആശങ്ക ശക്തമാണ്. വാഗയിലേക്ക് നീങ്ങുന്ന അഫ്ഗാന്‍ ട്രക്കുകളില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരെ ഒഴിവാക്കി പാക്ക് ഡ്രൈവര്‍മാരെ നിയോഗിക്കാനും പാക്കിസ്ഥാന്‍ ശ്രമിക്കുന്നത് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു.