- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യ ജലം നല്‍കാതിരുന്നാല്‍ യുദ്ധമല്ലാതെ മറ്റു വഴികളില്ല; ആ യുദ്ധത്തില്‍ ഇന്ത്യ പരാജയപ്പെടും; ആറ് നദികളുടെ അധികാരം പാക്കിസ്ഥാന് പിടിച്ചെടുക്കും'; ഭീഷണിയുമായി ബിലാവല്‍ ഭൂട്ടോ; മറുഭാഗത്ത് വെള്ളത്തിനായി അഭ്യര്‍ത്ഥനയുമായി പാക്ക് വിദേശകാര്യ മന്ത്രാലയം
വെള്ളത്തിനായി അഭ്യര്‍ത്ഥനയുമായി പാക്ക് വിദേശകാര്യ മന്ത്രാലയം
കറാച്ചി: പാക്കിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ യുഎസില്‍ വച്ചു നടത്തിയ ആണവഭീഷണിക്കും ഇന്ത്യയ്ക്കെതിരെ മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ നടത്തിയ യുദ്ധ ഭീഷണിക്കും പിന്നാലെ വെള്ളത്തിന് വേണ്ടി ഇന്ത്യയോട് അഭ്യര്‍ത്ഥന നടത്തി പാക്ക് വിദേശകാര്യമന്ത്രാലയം. പഹല്‍ ഗാമില്‍ 26 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധുനദീജല കരാര്‍ റദ്ദാക്കിയിരുന്നു. കരാര്‍ പുനരാരംഭിക്കണമെന്നാണ് പാക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന.
സിന്ധുനദി ജല കരാറുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് -8ന് വന്ന തര്‍ക്കപരിഹാര കോടതിയുടെ വ്യാഖ്യാനം സ്വാഗതം ചെയ്യുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കരാര്‍ സാധാരണ നിലയില്‍ ഉടന്‍ പുനഃരാരംഭിക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിക്കുന്നതായാണ് പാക്ക് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നത്. 'സുപ്രധാന കണ്ടെത്തലില്‍, പാക്കിസ്ഥാന് തടസ്സമില്ലാത്ത ഉപയോഗത്തിനായി പടിഞ്ഞാറന്‍ നദികളിലെ (ചെനാബ്, ഝലം, സിന്ധു) വെള്ളം ഒഴുകാന്‍ ഇന്ത്യ അനുവദിക്കണം എന്ന് കോടതി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ജലവൈദ്യുത നിലയങ്ങളുടെ ഉത്പാദനത്തിനുള്ള പ്രത്യേക ഇളവുകള്‍ ഉടമ്പടിയില്‍ പറഞ്ഞിട്ടുള്ള ആവശ്യകതകള്‍ കര്‍ശനമായി പാലിക്കണം'- പാകിസ്താന്‍ പ്രസ്താവനയില്‍ പറയുന്നു.
പാക് സൈനിക മേധാവിയുടെ ആണവ ഭീഷണി ഉണ്ടായത് അടുത്തിടെയാണ്. ഇതിന് പിന്നാലെ പാക്ക് മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയും രംഗത്തെത്തിയിരുന്നു. ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സിന്ധു നദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യന്‍ നടപടിയെയാണ് ഭൂട്ടോ വിമര്‍ശിച്ചത്. ഇന്ത്യ ജലം നല്‍കാതിരുന്നാല്‍ യുദ്ധമല്ലാതെ മറ്റു വഴികളില്ലെന്ന് ഭൂട്ടോ പറഞ്ഞു. നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യാ സര്‍ക്കാരിന്റെ പ്രവൃത്തികള്‍ പാക്കിസ്ഥാനു വലിയ നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
പാക്കിസ്ഥാനല്ല സംഘര്‍ഷം ആരംഭിച്ചതെന്ന് ഭൂട്ടോ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ള ആക്രമണം ഇനിയും നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍, പാക്കിസ്ഥാനിലെ ഓരോ പ്രവിശ്യകളിലെയും ജനം ഇന്ത്യയ്ക്കെതിരെ പോരാടാന്‍ തയാറാണ്. ആ യുദ്ധത്തില്‍ ഇന്ത്യ പരാജയപ്പെടും. പാക്കിസ്ഥാന്‍ പരാജയപ്പെടില്ലെന്നും ഭൂട്ടോ പറഞ്ഞു.
യുദ്ധമുണ്ടായാല്‍ ആറ് നദികളുടെ അധികാരം പാക്കിസ്ഥാന്‍ പിടിച്ചെടുക്കുമെന്നും ബിലാവല്‍ പറഞ്ഞു. രവി, ബിയാസ്, സത്‌ലജ്, സിന്ധു, ഝലം, ചെനാബ് എന്നീ നദികളെയാണ് ബിലാവല്‍ ഉദ്ദേശിച്ചത്. ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ 1960 ല്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പിട്ട സിന്ധു നദീജല കരാര്‍ 6 നദികളിലെ ജലം പരമാവധി ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇതനുസരിച്ച് കിഴക്കു ഭാഗത്തെ രവി, ബിയാസ്, സത്‌ലജ് നദികളിലെ ജലം പരമാവധി ഉപയോഗിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട്. അതുപോലെ പടിഞ്ഞാറുഭാഗത്തെ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിലെ ജലം പാക്കിസ്ഥാനും ഉപയോഗിക്കാം. 65 വര്‍ഷം പഴക്കമുള്ള ഈ കരാര്‍ കാലഹരണപ്പെട്ടുവെന്നും പുതിയ സാഹചര്യങ്ങള്‍ പരിഗണിച്ച് പുനഃപരിശോധന വേണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. കരാര്‍ പാക്കിസ്ഥാന് അനുകുലമായതിനാല്‍ അവര്‍ ഇതിനു തയാറല്ല.
പാക്ക് സൈനിക മേധാവി ഇന്ത്യയ്ക്കെതിരെ ഭീഷണി ഉയര്‍ത്തിയതിനു പിറ്റേന്നാണ് ഭൂട്ടോ ഭീഷണിയുമായി എത്തിയത്. ആണവരാഷ്ട്രമാണെന്നും പാക്കിസ്ഥാനെ തകര്‍ത്താല്‍ ലോകത്തിന്റെ പകുതി നശിപ്പിച്ചിട്ടേ പോകൂ എന്നുമാണ് യുഎസില്‍ പാക്ക് വംശജരുടെ ഒരു യോഗത്തില്‍ അസിം മുനീര്‍ പറഞ്ഞത്. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. ഇന്ത്യ അണക്കെട്ട് നിര്‍മിച്ചാല്‍ അതു പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കും, തുടര്‍ന്ന് മിസൈല്‍ അയച്ച് തകര്‍ക്കുമെന്നുമാണ് ബിസിനസുകാരനും ഓണററി കോണ്‍സുലുമായ അദ്നാന്‍ അസദ് ടാമ്പയില്‍ സംഘടിപ്പിച്ച ബ്ലാക്ക്-ടൈ അത്താഴവിരുന്നില്‍ പങ്കെടുത്തവരോട് മുനീര്‍ പറഞ്ഞത്.
പാക്കിസ്ഥാന്‍ ഉത്തരവാദിത്തമില്ലാത്ത രാജ്യമാണെന്നതിനു തെളിവാണു അസിം മുനീര്‍ യുഎസില്‍ വച്ചു നടത്തിയ ആണവഭീഷണിയെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. ഇത്തരമൊരു രാജ്യത്തിന്റെ കയ്യില്‍ ആണവായുധം ഉണ്ടാകുന്നതു വലിയ അപകടമാണ്. പാക്കിസ്ഥാനില്‍ ജനാധിപത്യം തരിപോലും ശേഷിക്കുന്നില്ലെന്നും സൈന്യത്തിനാണു നിയന്ത്രണമെന്നും തെളിയിക്കുന്നതാണു സൈനിക മേധാവി മറ്റൊരു രാജ്യത്തു നടത്തിയ പ്രസ്താവനയെന്നും ഇന്ത്യ ഇന്നലെ ചൂണ്ടിക്കാട്ടി.