- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഡൂറോയെ പോലെ നെതന്യാഹുവിനെയും യുഎസ് തട്ടിക്കൊണ്ടുപോകണമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി; നെതന്യാഹു മനുഷ്യരാശി കണ്ട ഏറ്റവും മോശം കുറ്റവാളിയാണ് എന്നും ഖ്വാജ ആസിഫ്; പാക്ക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന കേട്ടില്ലെന്ന് ട്രംപ്; ഇന്ത്യ-പാക യുദ്ധം നിര്‍ത്തിയത് താനെന്ന് ആവര്‍ത്തനം; എന്നെക്കാള്‍ നൊബേലിന് അര്‍ഹനായ മറ്റൊരാളില്ലെന്നും ട്രംപ്
മഡൂറോയെ പോലെ നെതന്യാഹുവിനെയും യുഎസ് തട്ടിക്കൊണ്ടുപോകണമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി
ഇസ്ലാമാബാദ്: വെനസ്വേല പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയ നടപടിയില്‍ ട്രംപിനെതിരെ ലോകത്തിന്റെ കടുത്ത വിമര്‍ശനം ഉയരുമ്പോള്‍ വിചിത്ര വാദവുമായി പാക്കിസ്ഥാന്റെ പ്രതിരോധ മന്ത്രി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ യുഎസ് തട്ടിക്കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നതായി ഖ്വാജ ആസിഫ് പറഞ്ഞു. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, മഡൂറോയെ തട്ടിക്കൊണ്ടുപോയതുപോലെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും യുഎസ് തട്ടിക്കൊണ്ടുപോകണമെന്നാണ് ഖ്വാജ ആസിഫ് പറഞ്ഞത്.
തുര്‍ക്കിയും നെതന്യാഹുവിനെ തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും, ഞങ്ങള്‍ ഇതിനായി പ്രാര്‍ഥിക്കുന്നുണ്ടെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി. നെതന്യാഹു മനുഷ്യരാശി കണ്ട ഏറ്റവും മോശം കുറ്റവാളിയാണ്. ലോകം ഇത്രയും വലിയ ഒരു കുറ്റവാളിയെ ഇതുവരെ കണ്ടിട്ടില്ല. ഗാസയില്‍ പലസ്തീനികള്‍ക്കെതിരെ ഇസ്രയേല്‍ നടത്തിയ അതിക്രമങ്ങള്‍ക്ക് തുല്യമായ ഒരു അതിക്രമവും ചരിത്രത്തിലില്ലെന്നും ഖ്വാജ ആസിഫ് ചൂണ്ടിക്കാട്ടി.
മഡൂറോയെ തടവിലാക്കിയതിന് പിന്നാലെ ആഗോളതലത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. മഡൂറോ യുഎസില്‍ വച്ച് വിചാരണ നേരിടണമെന്നായിരുന്നു ട്രംപിന്റെ ആഹ്വാനം. മയക്കു മരുന്ന്-ഭീകരവാദ ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, മെഷീന്‍ ഗണ്ണുകളും വിനാശകരമായ മറ്റു ആയുധങ്ങളും കൈവശം വയ്ക്കല്‍, യുഎസിനെതിരെ ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മഡൂറോയെ യുഎസ് സൈന്യം തടവിലാക്കിയത്.
അതേസമയം ഖ്വാജയുടെ പ്രസ്താവന കേട്ടിട്ടില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം തടഞ്ഞതില്‍ വീണ്ടും അവകാശവാദം അദ്ദേഹം വീണ്ടും ഉന്നയിച്ചു. ആളുകള്‍ക്ക് ട്രംപിനെ ഇഷ്ടമായാലും ഇല്ലെങ്കിലും, 8 വലിയ യുദ്ധങ്ങളാണ് താന്‍ ഒത്തുതീര്‍പ്പാക്കിയതെന്നാണ് ട്രംപ് ആവര്‍ത്തിക്കുന്നത്. അവയില്‍ ചിലത് 36, 32, 31, 28, 25 വര്‍ഷങ്ങളായി തുടരുന്നവയായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ തുടങ്ങാനിരുന്ന യുദ്ധവും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ട്രംപ് പറഞ്ഞു.
''എട്ട് യുദ്ധവിമാനങ്ങള്‍ ആകാശത്ത് വെടിവച്ചിട്ട ആ സാഹചര്യം ആണവായുധങ്ങള്‍ ഇല്ലാതെ തന്നെ ഞാന്‍ വേഗത്തില്‍ പരിഹരിച്ചു. ചരിത്രത്തില്‍ എന്നെക്കാള്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനായ മറ്റൊരാളില്ല. ഞാന്‍ വീമ്പ് പറയുകയല്ല, മറ്റാരും യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല. നിങ്ങള്‍ തടയുന്ന ഓരോ യുദ്ധത്തിനും നിങ്ങള്‍ക്ക് നൊബേല്‍ സമ്മാനം ലഭിക്കേണ്ടതാണ്.
ആര്‍ക്കും നിര്‍ത്താന്‍ കഴിയില്ലെന്ന് കരുതിയ യുദ്ധങ്ങളാണ് ഞാന്‍ നിര്‍ത്തിയത്. എനിക്ക് സമ്മാനങ്ങളിലല്ല കാര്യം, ജീവന്‍ രക്ഷിക്കുന്നതിലാണ്. കോടിക്കണക്കിന് ആളുകളുടെ ജീവന്‍ ഞാന്‍ രക്ഷിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തില്‍ കുറഞ്ഞത് ഒരു കോടി ആളുകളുടെ ജീവനെങ്കിലും പ്രസിഡന്റ് ട്രംപ് രക്ഷിച്ചു എന്നായിരുന്നു പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഇവിടെ വന്ന് പരസ്യ പ്രസ്താവന നടത്തിയത്'' ഡോണള്‍ഡ് ട്രംപ് പറഞ്ഞു.




