ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഡൊണാള്‍ഡ് ട്രംപിന് ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചില്ലെങ്കിലും അമേരിക്കയുമായുള്ള ബന്ധം ഊഷ്മളമാക്കാന്‍ വേണ്ടതു ചെയ്യുമെന്ന സൂചനയാണ് മോദി നല്‍കിയത്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ട്രംപിന് മോദി ആശംസകള്‍ അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നതിനും ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞു. വരാനിരിക്കുന്ന വിജയകരമായ കാലയളവിന് ആശംസകള്‍ നേരുന്നുവെന്നും മോദി എക്സില്‍ കുറിച്ചു.

'അമേരിക്കയുടെ 47ാമത് പ്രസിഡന്റെന്ന ചരിത്രപരമായ സ്ഥാനാരോഹണ വേളയില്‍ എന്റെ പ്രിയപ്പെട്ട പ്രസിഡന്റ് സുഹൃത്തിന് അഭിനന്ദനങ്ങള്‍. നമ്മുടെ രണ്ട് രാജ്യങ്ങള്‍ക്കും പ്രയോജനമുണ്ടാകുന്നതിനും ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരിക്കല്‍ കൂടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന വിജയകരമായ കാലയളവിന് ആശംസകള്‍', അദ്ദേഹം കുറിച്ചു.

ട്രംപിന്റെ രണ്ടാം വരവില്‍ ഇന്ത്യക്ക് പ്രതീക്ഷയും ആശങ്കയുമുണ്ട്. മോദിയും ട്രംപും തമ്മിലുള്ള വ്യക്തിബന്ധം അടിവരയിടുന്നതായിരുന്നു മോദി ട്രംപിനയച്ച അഭിനന്ദന സന്ദേശം. പക്ഷെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിലും കുടിയേറ്റത്തിലും ട്രംപ് നിലപാടു കടുപ്പിക്കാനാണ് സാധ്യത. വിദേശത്തുനിന്നുള്ള ഇറക്കുമതി തീരുവ ഉയര്‍ത്തുമെന്ന പ്രഖ്യാപനം നടപ്പാക്കിയാല്‍ ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍സ്, ട്‌കെസ്‌റ്റൈല്‍സ് മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ബൈഡന്‍ ഭരണകൂടത്തിന് കീഴില്‍ ഇന്ത്യയും യു.എസും പ്രതിരോധ രംഗത്ത് മികച്ച സഹകരണമായിരുന്നു.ട്രംപും ഇക്കാര്യത്തില്‍ മാറ്റം വരുത്താനിടയില്ല.ചൈനയെ പ്രതിരോധിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് ട്രംപിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും പ്രതീക്ഷിക്കാം. ആഗോള വ്യവസ്ഥിതിയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണിയാണ് ഇന്ത്യയെയും യുഎസിനെയും ചേര്‍ത്തുനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത്.ചൈനയുടെ ഭീഷണി നേരിടുന്നതിന് അമേരിക്ക രൂപപ്പെടുത്തിയ ബഹുമുഖ പദ്ധതികളിലൊന്നാണ് ക്വാഡ് എന്ന ചതുര്‍രാഷ്ട്രസഖ്യം.ചൈനയെ തീര്‍ത്തും ശത്രുപക്ഷത്താക്കാനുള്ള വൈമുഖ്യം മൂലം ഇന്ത്യ അല്‍പം മടിച്ചുനില്‍ക്കുന്നതിനാല്‍ ക്വാഡ് ഇതുവരെ പൂര്‍ണ സൈനിക സഖ്യമായി മാറിയിട്ടില്ല.

2020 ല്‍ ലഡാക്കില്‍ ചൈനയുമായി സംഘര്‍ഷം മൂര്‍ഛിച്ചപ്പോള്‍ ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കു പിന്തുണ നല്‍കി.ധാര്‍മികമായി പിന്തുണയ്ക്കുക മാത്രമല്ല,പര്‍വതമേഖലകളില്‍ ഉപകാരപ്പെടുന്ന ചില യുദ്ധോപകരണങ്ങള്‍ നല്‍കുകയും ചെയ്തു.ഏറ്റുമുട്ടലിലേക്കു നീങ്ങിയാല്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി. പിന്നീട് ജോബെയ്ഡന്‍ അധികാരത്തിലെത്തിയപ്പോഴും ഈ നിലപാടില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായില്ല.ഇതൊക്കെയാണ് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതെങ്കില്‍ തിരിച്ചടിയാകുന്നത് വ്യാപര മേഖലയിലെ ഇറക്കുമതി കയറ്റുമതി തീരുവകളിലെ അസ്വാരസ്യങ്ങളാണ്.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിലും കുടിയേറ്റത്തിലും ട്രംപ് നിലപാടു കടുപ്പിക്കാനാണ് സാധ്യതയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.വിദേശത്തുനിന്നുള്ള ഇറക്കുമതി തീരുവ ഉയര്‍ത്തുമെന്ന പ്രഖ്യാപനം നടപ്പാക്കിയാല്‍ ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെക്‌സ്‌റ്റൈല്‍സ് മേഖലകളെ പ്രതികൂലമായി ബാധിക്കും.യു.എസില്‍ നിന്നുള്ള ഇറക്കുമതിക്ക് മറ്റുരാജ്യങ്ങളേക്കാള്‍ ഉയര്‍ന്ന നികുതിയാണ് ഇന്ത്യ ഏര്‍പ്പെടുത്തുന്നതെന്ന വിമര്‍ശനവും ഏറെക്കാലമായി ട്രംപ് ഉയര്‍ത്തുന്നുണ്ട്.കഴിഞ്ഞ തവണ അധികാരത്തിലിരുന്നപ്പോള്‍ ഇന്ത്യയെ ഇറക്കുമതി തീരുവയുടെ രാജാവെന്നാണ് ട്രംപ് വിശേഷപ്പിച്ചത്.എന്നാല്‍ ഭീഷണിപ്പെടുത്തി കാര്യംനേടാനുള്ള ട്രംപിന്റെ തന്ത്രമാണ് ഇതെന്ന് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നു.

വീണ്ടും അധികാരത്തിലെത്തുമ്പോള്‍ ഇറക്കുമതി തീരുവ ട്രംപ് ഒരായുധമാക്കുമെന്നാണ് കരുതപ്പെടുന്നത്.അങ്ങിനെയെങ്കില്‍ അതിന്റെ പ്രത്യഘാതം ഇന്ത്യ സമ്പദ്ഘടന നേരിടേണ്ടി വരുമെന്നും വിലയിരുത്തലുകള്‍ ഉണ്ട്.മധ്യപൂര്‍വദേശത്തെ ഇന്ത്യക്കാരിലൂടെ ഈ രാജ്യങ്ങളില്‍ അഭിപ്രായരൂപീകരണം നടത്താനും ഭരണകൂടങ്ങളെ സ്വാധീനിക്കാനും യുഎസ് ഇന്ത്യയുടെ സഹായം പ്രതീക്ഷിക്കും.വാണിജ്യത്തില്‍ ഇന്ത്യയ്ക്കു നല്‍കിയിരുന്ന മുന്‍ഗണനാ പദവി റദ്ദാക്കിയത് ട്രംപായിരുന്നു.ബൈഡന്‍ അത് പുനഃസ്ഥാപിച്ചില്ല.കച്ചവടത്തില്‍ ഒരുതരം വിവേചനവും പരിഗണനകളും പാടില്ലെന്നു വാദിക്കുന്ന ട്രംപ് വീണ്ടും വരുമ്പോള്‍ നീക്കുപോക്ക് പ്രതീക്ഷിക്കേണ്ടതില്ല.

ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 10.30 ഓടെയായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബ്രെറ്റ് കവനോവ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അടക്കമുള്ളവര്‍ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു.

അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങിയെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായിരിക്കും പ്രഥമ പരിഗണന നല്‍കുക. അമേരിക്ക ആദ്യമെന്ന നയത്തിന് തന്നെ പ്രാമുഖ്യം നല്‍കും. നീതിയുക്തമായ ഭരണം ഉറപ്പാക്കും. അമേരിക്കയെ മഹത്തരമാക്കുമെന്നും ട്രംപ് പറഞ്ഞു. വോട്ടര്‍മാര്‍ക്ക് ട്രംപ് നന്ദി പറയുകയും ചെയ്തു.

ജെന്‍ഡര്‍, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന പ്രഖ്യാപനങ്ങളും ട്രംപ് നടത്തി. അമേരിക്കയില്‍ ഇനി മുതല്‍ സ്ത്രീ എന്നും പുരുഷനുമെന്നുമുള്ള രണ്ട് ജെന്‍ഡറുകള്‍ മാത്രമേ ഉണ്ടാകൂ എന്ന് ട്രംപ് പറഞ്ഞു. മറ്റ് ലിംഗങ്ങള്‍ നിയമപരമായി അനുവദിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു. ട്രാന്‍സ്ജെന്‍ഡേഴ്സിന് തിരിച്ചടി നല്‍കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം.

അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിന് വലിയ കയ്യടിയാണ് വേദിയില്‍ നിന്ന് ലഭിച്ചത്. മെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയയ്ക്കും. നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്നും ട്രംപ് പറഞ്ഞു. യുഎസില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ ഏറെ നിര്‍ണായകമാകുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം.

ഡൊണാള്‍ഡ് ട്രംപ് വീണ്ടുമൊരിക്കല്‍ കൂടി അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ അതിന്റെ പ്രതിഫലനങ്ങളെന്തൊക്കെയാകുമെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യ.നിലവില്‍ ട്രംപ് പ്രഖ്യാപിച്ച അജണ്ടയില്‍ മോദിയോടുള്ള സൗഹൃദവും മറ്റ് ഘടങ്ങളും ഉള്‍പ്പെടുത്തി ഇന്ത്യയോടുള്ള നയവും മാറ്റുമോ എന്നതാണ് അതില്‍ പ്രധാനം.കാരണം കുടിയേറ്റ നിയമത്തിലും വ്യാപരമേഖലയിലെ ഇടപെടലുകളിലും ട്രംപ് മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയ്ക്കും തലവേദനായകുന്നതാണ്.അതിനാല്‍ തന്നെ ഇന്ത്യക്ക് ആശങ്കയും പ്രതീക്ഷയും ഒരുപോലെയാണ് ഈ വിഷയത്തില്‍ എന്ന് പറയേണ്ടി വരും.