ന്യൂഡല്‍ഹി: മെക്‌സിക്കോയ്ക്കും കാനഡക്കും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും മേല്‍ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ അമേരിക്ക ഇന്ത്യയുടെ കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനം എടുത്തിരുന്നില്ല. ഇത് ഇന്ത്യയുമായുള്ള നയതന്ത്രബന്ധം സുഗമമായി മുന്നോട്ടു പോകുമെന്ന പ്രതീക്ഷയിലാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നികുതി ഭീഷണി നിലനില്‍ക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ സന്ദര്‍ശനത്തിന് ഒരുങ്ങുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈമാസം യു.എസ് സന്ദര്‍ശിക്കും. 12, 13 തീയതികളിലാകും സന്ദര്‍ശനമെന്നാണ് പുറത്തുവരുന്ന വിവരം. വൈറ്റ്ഹൗസില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഫ്രാന്‍സില്‍ 10, 11 തീയതികളില്‍ നടക്കുന്ന എ.ഐ (നിര്‍മിത ബുദ്ധി) ഉച്ചകോടിക്കു ശേഷമായിരിക്കും മോദി അമേരിക്കയിലേക്ക് പോകുക. ഇരു നേതാക്കളും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷം ഫെബ്രുവരി 12-ന് വൈകുന്നേരമാണ് മോദി അമേരിക്കയിലെത്തുക. രണ്ട് ദിവസം അവിടെ തങ്ങുന്ന മോദിക്ക് വൈറ്റ്ഹൗസ് സന്ദര്‍ശനമടക്കം മറ്റ് ഔദ്യോഗിക പരിപാടികളുമുണ്ട്. മോദിക്ക് വൈറ്റ് ഹൗസില്‍ അത്താഴവിരുന്നൊരുക്കുമെന്നും സൂചനയുണ്ട്. അനധികൃത കുടിയേറ്റ വിഷയമടക്കമുള്ളവ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. വിഷയത്തില്‍ നരേന്ദ്രമോദി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നത്.

ട്രംപ് അധികാരമേറ്റശേഷം ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേയുള്ള നടപടികളെ സംബന്ധിച്ചാണ്. അനധികൃത കുടിയേറ്റക്കാരെന്ന് തെളിയുന്നവരെ തിരിച്ചെത്തിക്കുമെന്ന് ഇന്ത്യയും അറിയിച്ചിട്ടുണ്ട്. ഇന്ത്യയുമായി വളരെ നല്ല ബന്ധമാണുള്ളത്' ട്രംപ് നേരത്തെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. യുഎസിലുള്ള അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ മോദി ഉചിതമായതു ചെയ്യുമെന്നും ട്രംപ് പറഞ്ഞു. 18,000 ഇന്ത്യക്കാര്‍ അനധികൃത കുടിയേറ്റക്കാരായി ഉണ്ടെന്നാണ് കണക്ക്.

ഐടി അടക്കം വിദഗ്ധ മേഖലയിലുള്ള ഇന്ത്യക്കാരുടെ കാര്യത്തില്‍ ട്രംപ് ഭരണകൂടം അനുകൂല നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ട്രംപ് ഭരണകാലത്ത്, 2019 ല്‍ മോദി യുഎസ് സന്ദര്‍ശിക്കുകയും ഹൂസ്റ്റണില്‍ വലിയ സമ്മേളനം നടത്തുകയും ചെയ്തിരുന്നു. ട്രംപും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അതിനിടെ ഉയര്‍ന്ന ഇറക്കുമതി തീരുവയിലൂടെ അമേരിക്കയ്ക്കു ദോഷം വരുത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ യുഎസും ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുമെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചിരുന്നു.

അമേരിക്കയിലേക്ക് കൂടുതല്‍ പണമെത്തുന്ന പഴയ സംവിധാനത്തിലേക്കു മടങ്ങിപ്പോകണം. നികുതി ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന വിദേശരാജ്യങ്ങള്‍ അമേരിക്കയില്‍ വന്നു ഫാക്ടറി തുടങ്ങുകയാണു വേണ്ടത്. ഫാര്‍മസ്യൂട്ടിക്കല്‍സ്, സെമി കണ്ടക്ടര്‍ മേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപം സ്വാഗതം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ പല പ്രഖ്യാപനങ്ങളും ഇന്ത്യന്‍ രൂപയുടെ വിലയിടിവിനും ഓഹരി വിപണിയിലെ തകര്‍ച്ചക്കും കാരണമായിട്ടുണ്ട്.