ലണ്ടൻ: സാധാരണ പാലം പണിയുക എൻജിനിയർമാരും വിദഗ്ധ തൊഴിലാളികളുമാണ്. മികച്ച വൈദഗ്ധ്യം തന്നെ ഇതിനു വേണം താനും. രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പാലം പണിയൽ മലയാളികൾക്ക് വളരെ സുപരിചിതവുമാണ്. പാർട്ടികൾ തമ്മിലുള്ള പാലമാണ് കേരളത്തിലെ മുന്നണി സംവിധാനം. അദൃശ്യമായ ഈ പാലത്തിലൂടെയാണ് പതിറ്റാണ്ടുകളായി കേരളത്തിന്റെ സഞ്ചാരം. ഇപ്പോൾ ഇത്തരത്തിൽ ഉള്ള അദൃശ്യമായ ഒരു പാലം പണി ഇന്ത്യയ്ക്കും യുകെയ്ക്കും ഇടയിൽ സംഭവിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.

ബ്രക്‌സിറ്റിനെ തുടർന്ന് സംഭവിച്ച വ്യാപാര നഷ്ടം തീർക്കാൻ ബ്രിട്ടൻ വളരെ കരുതലോടെ സൃഷ്ടിച്ച അദൃശ്യ പാലമാണ് ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള വ്യാപാര കരാർ. ബോറിസ് ജോൺസണും നരേന്ദ്ര മോദിയും ചേർന്ന് നിർമ്മിച്ച ഈ പാലത്തിലൂടെ ബ്രിട്ടൻ കോടികളുടെ വ്യാപാരം ഇന്ത്യയിൽ നിന്നും പ്രതീക്ഷിക്കുമ്പോൾ ഈ പാലത്തിലൂടെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ യുകെയിൽ എത്തിച്ച് അവരിലൂടെ മികച്ച ഭാവി എന്നതാണ് ഇന്ത്യയുടെ സ്വപ്നം. ഒരു പാലമിട്ടാൽ അങ്ങുമിങ്ങും വേണം എന്ന പഴമൊഴി അക്ഷരാർത്ഥത്തിൽ സുസാധ്യമാക്കുകയാണ് ഇരു രാജ്യങ്ങളും.

ഋഷി പാലത്തിൽ വേഗ നിയന്ത്രണം ഏർപ്പെടുത്തുമോ?

രണ്ടു രാജ്യങ്ങൾ തമ്മിൽ രൂപപ്പെടുത്തിയ കരാറുകൾക്കു ഭരണാധികാരിൽ വരുകയും പോകുകയും ചെയ്യുമ്പോൾ സമൂലമായ അഴിച്ചു പണികൾ സാധാരണ പതിവില്ല. പ്രത്യേകിച്ചും ഋഷി സുനക് കൂടി അംഗമായ മന്ത്രിസഭയാണ് ഇന്ത്യയുമായി കരാർ ഉണ്ടാക്കിയത്. എന്നാൽ അന്ന് ബോറിസ് ജോൺസൺ എന്ന ബ്രിട്ടീഷ് വംശജൻ പ്രധാനമന്ത്രി ആയിരുന്നതിനാൽ അപാകത കാണാതിരുന്നവർ പോലും ഇപ്പോൾ ഇന്ത്യൻ വംശജനും ഇന്ത്യക്കാരി ഭാര്യയും കൂടെയുള്ള ഋഷി സുനകിലൂടെ അതേ കരാർ നടപ്പാക്കപ്പെടുമ്പോൾ നെറ്റി ചുളിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. ഇക്കാര്യം സുനകിനും നന്നായി അറിയാം. അതിനാൽ വേണ്ടത്ര കരുതലോടെയേ അദ്ദേഹം പാലത്തിലൂടെയുള്ള സഞ്ചാരം അനുവദിക്കൂ. ഒരു പക്ഷെ സ്വന്തം നിലനിൽപ്പിനായി ഈ പാലത്തിലൂടെ വേഗത കുറച്ചുള്ള ഗതാഗത നിയന്ത്രണം പോലും ഏർപെടുത്തിയാലും അതിശയിക്കേണ്ടതില്ല.

വിദ്യാർത്ഥികളുടെ വരവിൽ എന്തുകൊണ്ട് ഋഷി ഉടക്കിടാൻ സാധ്യത?

കച്ചവടം കൈനിറയെ ഇന്ത്യയിൽ നിന്നും ലഭിക്കുമ്പോൾ പകരം ഇന്ത്യക്ക് കൈനിറയെ വിസ നൽകാൻ ഋഷി ബാധ്യസ്ഥനാണ്. എന്നാൽ അൽബേനിയയിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇന്ഗ്ലീഷ് ചാനൽ വഴി ചെറു ബോട്ടുകളിലും വായു നിറച്ച കൂറ്റൻ ടയർ ട്യൂബിനു സമാനമായ നൗകകളിലും എത്തികൊണ്ടിരിക്കുന്ന പതിനായിരക്കണക്കിന് അഭയാർത്ഥികൾ തലവേദന ആകുമ്പോൾ കുടിയേറ്റ കണക്കിൽ പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികളെ കൂടി കാണാതിരിക്കാനാകില്ല.

ഇവർക്കെല്ലാം താമസവും ആശുപത്രി സേവനവും ഒക്കെ ഏർപ്പെടുത്തുക എന്നത് ചെറിയ വെല്ലുവിളിയല്ല. നിലവിൽ യുകെയിലെ ബജറ്റ് ഹോട്ടലുകൾ എല്ലാം തന്നെ അഭയാർത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതോടെ വീടുകൾ വാടകക്ക് നൽകാൻ തയ്യാറുള്ളവർ അത് സർക്കാരിനെ ഏൽപ്പിച്ചാൽ അഭയാർത്ഥികൾക്ക് നൽകി പകരം വാടക സർക്കാർ നൽകുന്ന പദ്ധതി വരെ പ്രഖ്യാപിക്കാൻ നിരബന്ധിതമായ സാഹചര്യമാണ് ഋഷി സുനകിന്റെ മുൻപിൽ ഉള്ളത്.

വലിയ പട്ടണങ്ങളിൽ ആശുപത്രികളിൽ 20 മുതൽ 26 മണിക്കൂർ വരെ അത്യാവശ്യ മെഡിക്കൽ സേവനത്തിനും ഡോക്ടർമാരെയും കാണാൻ കാത്തിരിക്കണം എന്ന സാഹചര്യത്തിൽ രോഗികൾ ഒരു മണിക്കൂർ വരെ കാർ ഓടിച്ചു ഇടത്തരം തിരക്ക് കുറഞ്ഞ ആശുപത്രികൾ തേടി എത്തുകയാണ്. എവിടെയാണ് തിരക്കൽപ്പം കുറവുള്ളത് എന്ന് കണ്ടുപിടിക്കുന്ന ജോലിയും രോഗികൾ തന്നെ ഏറ്റെടുക്കുന്നു. ഇതൊക്കെ എത്രകാലം ഈ വിധത്തിൽ മുന്നോട്ടു പോകും എന്ന ചോദ്യത്തിന് കൂടിയാണ് ഈ ദിവസങ്ങളിൽ സുനക് ഉത്തരം കണ്ടെത്തണ്ടതെന്നു വിമർശകർ വിലയിരുത്തുന്നു.

ഈ സാധ്യതയിലാണ് തൽക്കാലത്തേക്ക് എങ്കിലും വിദ്യാർത്ഥികളുടെ വരവിൽ ചെറിയൊരു ബ്രേക്ക് വേണമെന്ന് സുനക് തീരുമാനിക്കാൻ സാധ്യത വളരുന്നത്. ഇതിനുള്ള കുറുക്കു വഴിയാണ് ആരോപണ വിധേയയായി ലിസ് ട്രസ് മന്ത്രിസഭയിൽ നിന്നും രാജി വച്ച സ്യുവെല്ല ബ്രെവർമൻ തന്നെ വീണ്ടും ഹോം സെക്രട്ടറി ആയി നിയമിത ആയത്. വിസ കാലാവധി കഴിഞ്ഞ വിഭാഗത്തിൽ ഇന്ത്യൻ വംശജരാണ് അനധികൃതമായി യുകെയിൽ കൂടുതൽ ഉള്ളതെന്ന് സ്യുവെല്ല നടത്തിയ പരസ്യ പ്രഖ്യാപനം ഇന്ത്യൻ ഭാഗത്തു വലിയ പ്രകോപനമാണ് സൃഷ്ടിച്ചത്. ഇത് തിരിച്ചറിഞ്ഞ അന്നത്തെ പ്രധാനമന്ത്രി ബ്രെവർമാനെ സ്വകാര്യമായി ശാസിച്ചതിനു അവർ പകരം വീട്ടിയത് ബിർമിൻഹാമിൽ നടന്ന ടോറി പാർട്ടി സമ്മേളന വേദിയിലാണ്. അന്ന് മൈക്കേൽ ഗോവ് എന്ന മുതിർന്ന പാർട്ടി നേതാവും സ്യുവെല്ലയെ പിന്താങ്ങി സംസാരിച്ചു.

ഇതോടെ തന്റെ സ്വപ്ന പദ്ധതി കടലാസ് വഞ്ചി പോലെ മുങ്ങുന്ന കാഴ്ച നിസ്സഹായയായി ലിസ് ട്രസിന് കണ്ടു നിൽക്കേണ്ടി വന്നു. അവർ വാണിജ്യ സെക്രട്ടറി ആയിരുന്ന സമയത്തു നിരന്തരം ഡൽഹിയിൽ എത്തിയാണ് ഇന്ത്യയുമായി വ്യാപാര - വിസ കരാർ സാധ്യമാക്കിയത്. ദിവസങ്ങൾക്ക് മുൻപ് രാജി വച്ച ആൾ വീണ്ടും അതേ കസേരയിൽ എത്തിയതും സർക്കാരിനെ നിശിത വിമർശനത്തിന് തയ്യാറായ സീനിയർ നേതാവ് ഋഷിക്കൊപ്പം മന്ത്രിക്കസേരയിൽ നിർണായക പദവിയിൽ എത്തിയതുമെല്ലാം ഇപ്പോൾ കൂട്ടിവായിക്കപ്പെടുകയാണ്. കുടിയേറ്റ നയത്തിന്റെ കാര്യത്തിൽ ബ്രെവർമാനെ പോലെ ഉള്ളവരുടെ കാഴ്ചപ്പാടാണ് ഋഷിക്കും. ഇതാണ് ഇന്ത്യൻ പക്ഷത്തെ ആശങ്കപ്പെടുത്തുന്നത്. ബ്രിട്ടീഷുകാരുടെ കയ്യടി കിട്ടാൻ ഇന്ത്യൻ വിദ്യാർത്ഥികളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാനായാൽ ഋഷിക്ക് രാഷ്ട്രീയമായി നേട്ടമാകും എന്നതും നിരീക്ഷിക്കപ്പെടുന്നു.

ഇന്ത്യയുടെ മരുമകൻ പദവി പാരയാകാതിരിക്കാൻ

ഇക്കഴിഞ്ഞ ആഗസ്റ്റിൽ നടന്ന പാർട്ടി സമ്മേളനത്തിൽ ഇന്ത്യ വിഷയവുമായി ബന്ധപ്പെട്ടു സംസാരിക്കുമ്പോളാണ് ഋഷി തുറന്ന മനസോടെ ഇരു രാജ്യങ്ങളും തമ്മിൽ സഹകരിക്കേണ്ട ആവശ്യം വ്യക്തമാക്കിയത്. പിന്നീട് വടക്കൻ ഇംഗ്ലണ്ടിൽ കൺസർവേറ്റീവ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രാസംഗികൻ എത്തിയപ്പോഴേക്കും ഋഷി തനി ഇന്ത്യക്കാരൻ ആയി മാറിക്കഴിഞ്ഞിരുന്നു. ''നമസ്‌തേ, സലാം'' എന്നൊക്കെ പറയുക മാത്രമല്ല അറിയാവുന്ന ഹിന്ദിയൊക്കെ തട്ടിവിട്ടു ഹൃദയം കൊണ്ട് സംസാരിക്കാനാണ് അദ്ദേഹം പരിശ്രമിച്ചത്. ''നമുക്കറിയാം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാണ്. ആ ബന്ധം ഉറപ്പിച്ചെടുക്കുന്ന പാലമാണ് നമ്മൾ'', ഇത്തരത്തിൽ ശക്തമായ ബന്ധം തന്നെയാണ് ഋഷി വാക്കുകളിൽ വരച്ചിട്ടത്. ഋഷി ഇപ്പോൾ പ്രധാനമന്ത്രി ആയപ്പോൾ അന്നത്തെ പ്രസംഗത്തിൽ നിന്നുള്ള വാക്കുകൾ മനഃപൂർവം കടമെടുത്തതാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ വിശേഷിപ്പിച്ചതും. ഋഷി സൂചിപ്പിച്ച പാലം എന്ന വാക്ക് മനഃപൂർവം ഉപയോഗിച്ചിരുന്നു.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുകെയിൽ പഠിക്കുവാൻ മാത്രമല്ല ബ്രിട്ടീഷ് വിദ്യാർത്ഥികൾക്കും കമ്പനികൾക്കും ഇന്ത്യയിൽ അനായാസം പ്രവർത്തിക്കാൻ ഉള്ള സൗകര്യം കൂടി ഉറപ്പാക്കാൻ താൻ ശ്രമിക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. ഇക്കഴിഞ്ഞ വ്യാഴാഴ്ച മോദിയുമായി നടത്തിയ വിഡിയോ കോൺഫ്രൻസ് സംഭാഷണത്തിലും നിറചിരിയോടെ, ഏറെക്കാലം അടുത്തറിയുന്ന ഒരാളോട് എന്ന പോലെയുള്ള ഋഷിയുടെ ചിത്രമാണ് അദ്ദേഹത്തിന്റെ ഓഫിസ് ട്വീറ്റ് ചെയ്തത് എന്നതും ബന്ധങ്ങൾ സുദൃഢമാണ് എന്ന സൂചന നൽകുന്നുണ്ട്.

ഇതൊക്കെ മനസ്സിൽ ഉണ്ടെങ്കിലും ഇന്ത്യ ബന്ധം രാഷ്ട്രീയമായി വിവാദമായി ഉയർന്നാൽ താൻ ധന സെക്രട്ടറി ആയിരിക്കെ ഔദ്യോഗിക വസതിയിൽ ദീപാവലി ആഘോഷിച്ചതും മകൾ അനുഷ്‌ക സ്‌കൂളിൽ കുച്ചിപ്പുടി നൃത്തം അവതരിപ്പിച്ചതും ഒക്കെ ഋഷി എന്ന രാഷ്ട്രീയക്കാരാനു മറക്കേണ്ടി വരും. വീട്ടിലെ വിശ്വാസവും അടിക്കടിയുള്ള ക്ഷേത്ര സന്ദർശനവും ഒക്കെ രാഷ്ട്രീയമായി തിരിച്ചടി ആകാതിരിക്കാൻ ഇനി ഋഷി കൂടുതൽ കരുതെലെടുക്കുമെന്നുറപ്പ്.

കാരണം ഇന്ത്യക്കാരൻ എന്ന ലേബലിലല്ല അദ്ദേഹം പ്രധാനമന്ത്രി ആയത്. അതിനാൽ തന്നെ ആ ലേബൽ തനിക്കു മേൽ കരിനിഴൽ ആയി വീഴാതിരിക്കാൻ അദ്ദേഹം മനഃപൂർവം ശ്രദ്ധിക്കുകയും ചെയ്യും. അതിനാൽ പാലത്തെക്കുറിച്ചൊക്കെ മുൻപ് പറഞ്ഞിട്ടുണ്ടെങ്കിലും അതിലൂടെ എത്ര വേഗത്തിൽ നടന്നെത്തണം എന്ന കാര്യത്തിൽ അദ്ദേഹം എന്ത് തീരുമാനം എടുക്കും എന്നതാണ് ഇപ്പോൾ ഏറ്റവും കൗതുകം നിറഞ്ഞ രാഷ്ട്രീയ ചോദ്യം. അതിനു ഋഷിയുടെ നടപടികളിലൂടെ കാലമാണ് ഉത്തരം നൽകുക.