- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മനുഷ്യരാശിയുടെ വിജയം കൂട്ടായ്മയില്‍, യുദ്ധക്കളത്തിലല്ല; ലോക സംഘടനകളിലെ പരിഷ്‌കാരങ്ങള്‍ പ്രധാനമാണ്'; യു.എന്‍ പൊതുസഭയില്‍ നരേന്ദ്ര മോദി; യുക്രൈന് പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി
യുക്രൈന് പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി
ന്യൂയോര്‍ക്ക്: യുദ്ധകലുഷിതമായ ലോകത്ത് സമാധാനത്തിന്‍ ആഹ്വാനം ചെയ്തു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എന്‍ പൊതുസഭയില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രി സമാനാനത്തിനായി നിലകൊണ്ടത്. മനുഷ്യരാശിയുടെ വിജയം യുദ്ധക്കളത്തിലല്ല, കൂട്ടായ്മയിലാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി.
ആഗോള സമാധാനത്തിനും വികസനത്തിനും ലോക സംഘടനകളിലെ പരിഷ്‌കാരങ്ങള്‍ പ്രധാനമാണെന്നും പരിഷ്‌കരണമാണ് പ്രസക്തിയുടെ താക്കോലെന്നും യു.എന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു. ഭാവിക്ക് വേണ്ടത് മനുഷ്യ കേന്ദ്രീകൃത സമീപനമാണ്. ലോക സമാധാനമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സുസ്ഥിര വികസനത്തിലൂടെ ഇന്ത്യ ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് ഉയര്‍ത്തിയെന്നും ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. ''ഇന്ന് മനുഷ്യരാശിയുടെ ആറിലൊന്നിന്റെ ശബ്ദമായി ഞാന്‍ ഇവിടെയുണ്ട്. ഞങ്ങള്‍ 250 ദശലക്ഷം ആളുകളെ ഇന്ത്യയില്‍ ദാരിദ്ര്യത്തില്‍നിന്ന് ഉയര്‍ത്തി, സുസ്ഥിര വികസനം വിജയിക്കുമെന്ന് ഞങ്ങള്‍ കാണിച്ചുതന്നു. ഈ വിജയാനുഭവം ഗ്ലോബല്‍ സൗത്തിനൊപ്പം പങ്കിടാന്‍ ഞങ്ങള്‍ തയാറാണ്'' -മോദി പറഞ്ഞു.
വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചും മോദി സംസാരിച്ചു. ഭീകരവാദം ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയായി തുടരുമ്പോള്‍, മറുവശത്ത് സൈബര്‍, ബഹിരാകാശ മേഖലകള്‍ സംഘര്‍ഷത്തിന്റെ പുതിയ വേദികളായി ഉയര്‍ന്നുവരുന്നു. സാങ്കേതികവിദ്യയുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗത്തിന് സന്തുലിത നിയന്ത്രണം ആവശ്യമാണ്. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ (ഡി.പി.ഐ) ഒരു പാലമാകണം, തടസമാകരുത്. ആഗോള നന്മക്കായി, ഇന്ത്യ ഡി.പി.ഐ പങ്കിടാന്‍ തയാറാണ്. ഇന്ത്യയെ സംബന്ധിച്ച് 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നത് പ്രതിബദ്ധതയാണെന്നും മോദി പറഞ്ഞു.
അതേസമയം യുഎന്‍ സുരക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കുന്നതിനായുള്ള അഭിപ്രായങ്ങള്‍ സ്വരൂപിക്കാനുമുള്ള ശ്രമം ഇന്ത്യ നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഇന്ത്യക്ക് പുറമെ രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും സ്ഥിരാംഗത്വം നല്‍കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. സുരക്ഷ സമിതി വിപുലീകരിക്കാനുള്ള ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങണമെന്നും അമേരിക്ക യുഎന്‍ പൊതുസഭയില്‍ ആവശ്യപ്പെട്ടു.
അതേസമയം, ന്യൂയോര്‍ക്കില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി.റഷ്യ- യുക്രെയ്ന്‍ യുദ്ധം എത്രയും വേഗം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് മോദി അറിയിച്ചു.
റഷ്യ യുക്രെയിന്‍ സംഘര്‍ഷം തീര്‍ക്കാന്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറെന്ന സൂചനയാണ് മോദി-സെലന്‍സ്‌കി കൂടിക്കാഴ്ചയിലൂടെ ഇന്ത്യ മുന്നോട്ടുവെച്ചിരിക്കുന്നത്. ബന്ധപ്പെട്ട എല്ലാ 'കക്ഷികളുടെയും 'ഇടപെടലിലൂടെ പ്രശ്‌നം പരിഹരിക്കണം എന്നാണ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതെന്ന് കൂടിക്കാഴ്ചക്കുശേഷം കേന്ദ്രമിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. നേരത്തെ രണ്ടു രാജ്യങ്ങള്‍ക്കിടയിലെ ചര്‍ച്ചയെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. സാധ്യമായ എല്ലാ രീതികളിലൂടെയും നയതന്ത്ര ചര്‍ച്ചകളിലൂടെയും പ്രശ്‌നം പരിഹരിക്കണമെന്നും അതിനുള്ള എല്ലാ പിന്തുണയും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
ത്രിദിന സന്ദര്‍ശനത്തിനായി യു.എസില്‍ എത്തിയ പ്രധാനമന്ത്രി, യുക്രെയ്ന്‍ സന്ദര്‍ശനത്തെ കുറിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തിയിരുന്നു. മോദിയുടെ യുക്രെയ്ന്‍ സന്ദര്‍ശനത്തെയും സമാധാന സന്ദേശത്തെയും ബൈഡന്‍ അഭിനന്ദിച്ചതായി യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത വാര്‍ത്താകുറിപ്പില്‍ പറയുന്നു.