വത്തിക്കാന്‍ സിറ്റി/കാരക്കാസ്: വെനസ്വേലയില്‍ അമേരിക്ക നടത്തിയ അധിനിവേശത്തില്‍ ആശങ്ക രേഖപ്പെടുത്തി മാര്‍പാപ്പ. വെനസ്വേല സ്വതന്ത്രരാജ്യമായി തുടരണമെന്ന് മാര്‍പാപ്പ ആവശ്യപ്പെ്ടു. ജനങ്ങളുടെ അവകാശങ്ങള്‍ക്ക് പൂര്‍ണമായ ബഹുമാനം നല്‍കണമെന്നും വെനസ്വേലന്‍ ഭരണഘടന പ്രകാരമുള്ള നിയമങ്ങള്‍ പാലിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. അക്രമത്തെ മറികടന്ന നീതിയുടേയും സമാധാനത്തിന്റേയും പാതയിലേക്ക് വെനസ്വേലയെ നയിക്കാന്‍ സാധിക്കണം. രാജ്യത്തിന്റെ പരമാധികാരം ഉറപ്പാക്കണമെന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വസികളോട് സംസാരിക്കുന്നതിനിടെ മാര്‍പാപ്പ പറഞ്ഞു.

'വെനസ്വേലയിലെ സംഭവവികാസങ്ങള്‍ ഞാന്‍ വളരെ ആശങ്കയോടെയാണ് പിന്തുടരുന്നത്. പ്രിയപ്പെട്ട വെനസ്വേലന്‍ ജനതയുടെ നന്മ മറ്റെല്ലാ പരിഗണനകളേക്കാളും നിലനില്‍ക്കണം. ഇത് അക്രമത്തെ മറികടക്കുന്നതിലേക്കും നീതിയുടെയും സമാധാനത്തിന്റെയും പാതകള്‍ പിന്തുടരുന്നതിലേക്കും നയിക്കണം. ഇതിനെല്ലാം വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, കൊറോമോട്ടോയിലെ മാതാവിന്റെയും വിശുദ്ധരായ ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസിന്റെയും കാര്‍മെന്‍ റെന്‍ഡില്‍സിന്റെയും മധ്യസ്ഥതയില്‍ ഞങ്ങളുടെ പ്രാര്‍ത്ഥന സമര്‍പ്പിച്ചുകൊണ്ട് നിങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ ക്ഷണിക്കുന്നു' എന്നും മാര്‍പാപ്പ പറഞ്ഞു.

അതേസമയം, വെനസ്വേലന്‍ പ്രസിഡന്റ് നികോളാസ് മഡുറോയെ അമേരിക്കന്‍ സൈന്യം പിടികൂടിയതിന് പിന്നാലെ രാജ്യത്ത് പ്രതേഷേധം ശക്തമാണ്. അപ്രതീക്ഷിത സൈനിക നീക്കത്തിന് മറുപടിയായി മഡുറോ അനുകൂലികള്‍ തെരുവിലിറങ്ങിയതോടെ വെനസ്വേലന്‍ നഗരങ്ങള്‍ യുദ്ധക്കളമായി മാറി. തലസ്ഥാനമായ കാരക്കാസിലും വലന്‍സിയയിലും ആയുധധാരികളായ മഡുറോ അനുകൂലികള്‍ (ഷാവിസ്റ്റുകള്‍) പരക്കെ അക്രമം അഴിച്ചുവിട്ടു. രാത്രിയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയിലൂടെ സായുധ സംഘങ്ങള്‍ മുദ്രാവാക്യം വിളികളുമായി ഇരച്ചുകയറി. 'ഞങ്ങള്‍ക്ക് മഡുറോയെ വേണം' എന്ന മുദ്രാവാക്യങ്ങളുമായി എത്തിയ പ്രതിഷേധക്കാര്‍ നഗരത്തിലെ ഗതാഗത സംവിധാനങ്ങളും വ്യാപാര സ്ഥാപനങ്ങളും സ്തംഭിപ്പിച്ചു.

അക്രമം ഭയന്ന് ജനങ്ങള്‍ വീടിനുള്ളില്‍ത്തന്നെ കഴിയുകയാണ്. മെട്രോ സര്‍വീസുകളും ബസുകളും പൂര്‍ണ്ണമായും നിര്‍ത്തിവച്ചു. പെട്രോള്‍ പമ്പുകള്‍ അടഞ്ഞുകിടക്കുന്നു. ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന ഭീതിയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മുന്നില്‍ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. പലയിടങ്ങളിലും തിക്കും തിരക്കും ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സായുധ സംഘങ്ങള്‍ വീടുകളില്‍ അതിക്രമിച്ചു കയറി സാധനങ്ങള്‍ കൊള്ളയടിക്കുമോ എന്ന ആശങ്കയിലാണ് സാധാരണ പൗരന്മാര്‍.

വെനസ്വേലയിലെ ഏറ്റവും വലിയ സൈനിക കേന്ദ്രമായ ഫ്യൂര്‍ട്ടെ ടിയുന ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വന്‍ വ്യോമാക്രമണത്തിന് പിന്നാലെയാണ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും സൈന്യം കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ഇവരെ നിലവില്‍ ന്യൂയോര്‍ക്കിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം.




നിക്കോളാസ് മഡുറോയെ അമേരിക്ക ബന്ദിയാക്കിയതിന് പിന്നാലെ പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ഏറ്റെടുത്തു. വെനസ്വേലന്‍ സുപ്രീംകോടതിയുടെ ഭരണഘടന ചേംബര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി. വെനസ്വേലന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 233, 234 പ്രകാരം പ്രസിഡന്റിന്റെ ആഭാവത്തില്‍ പകരം ചുമതല വൈസ് പ്രസിഡന്റിനാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈസ് പ്രസിഡന്റ് സ്ഥാനത്തിന് പുറമേ ധനകാര്യ, എണ്ണ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത് ഡെല്‍സി റോഡ്രിഗസായിരുന്നു.

മഡുറോയ്ക്കെതിരായ നടപടിക്ക് പിന്നാലെ ഡെല്‍സി റോഡ്രിഗസിന്റെ നേതൃത്വത്തില്‍ ദേശീയ പ്രതിരോധ കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അടക്കം യോഗത്തില്‍ പങ്കെടുത്തു. മഡുറോയ്ക്കെതിരായ നടപടിയെ യോഗം ശക്തമായി അപലപിച്ചു. മഡുറോയെയും ഭാര്യ സീലിയ ഫ്ളോറസിനെയും ഉടന്‍ വിട്ടയക്കണ് യോഗം ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ നടപടി അന്താരാഷ്ട്ര നിയമത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും മേലുള്ള കടന്നുകയറ്റമാണെന്നും ഡെല്‍സി പറഞ്ഞിരുന്നു. നടപടിയെ വെനസ്വേലന്‍ ജനത തള്ളിക്കളയണം. ലാറ്റിന്‍ അമേരിക്കന്‍ രാജ്യന്‍ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഡെല്‍സി ആവശ്യപ്പെട്ടിരുന്നു.

അതേസമയം വെനസ്വേലന്‍ പരമാധികാരത്തിന് മേല്‍ കടന്നുകയറി, പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കിയതിനെതിരെ ലോകരാജ്യങ്ങളില്‍ പ്രതിഷേധം ശക്തമാണ്. യുഎസില്‍ വൈറ്റ്‌ഹൌസിന് മുന്നിലും പ്രധാന നഗരങ്ങളിലും ജനം തെരുവിലിറങ്ങി.ക്യൂബ,ചിലി, ബാര്‍സലോണ, അര്‍ജന്റീന, ഇറ്റലി തുടങ്ങിയ ലോകരാജ്യങ്ങളില്‍ ഉടനീളം അമേരിക്കന്‍ നടപടിക്കെതിരെ ജനരോഷം ആഞ്ഞടിക്കുകയാണ്.

വെനസ്വേലന്‍ പരമോന്നതക്ക് മേല്‍ അമേരിക്ക നടത്തിയ അധിനിവേശത്തില്‍ ലോകരാജ്യങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉടലെടുക്കുന്നത്. സൌത്ത് അമേരിക്കന്‍ രാജ്യങ്ങളിലും കരീബീയന്‍ രാജ്യങ്ങളിലും ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങി.'നോ വാര്‍ ഓണ്‍ വെനസ്വേല', 'ഹാറ്റ്‌സ് ഓഫ് വെനസ്വേല' തുടങ്ങിയ ബാനറുകളുമായാണ് ജനം തെരുവുകളില്‍ ഒത്തുകൂടിയത്.ബ്രൂക്ക്‌ലിങ്ങിലെ ഡിറ്റന്‍ഷന്‍ സെന്ററിന് പുറത്തും ജനം പ്രതിഷേധവുമായെത്തി.




മഡൂറോയ്ക്ക് പിന്തുണയുമായി ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ പതിനായിരക്കണക്കിന് പേര്‍ തെരുവിലിറങ്ങി. കൊളംബിയയിലും ഗ്രീസിലും സ്‌പെയിനിലും ഇറ്റലിയിലും റോമിലും ആയിരക്കണക്കിന് പേര്‍ പ്രതിഷേധിച്ചു. ഗ്രീസില്‍ അമേരിക്കന്‍ പതാക പ്രതിഷേധക്കാര്‍ അഗ്‌നിക്ക് ഇരയാക്കി. യുഎസ് നടപടിക്കെതിരെ കൊളംബിയയിലും ജനം തെരുവിലിറങ്ങി. മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കിയ നടപടി പുനപരിശോധിക്കണമെന്നും മഡൂറോയെ വിട്ടയക്കണമെന്നും പുടിന്‍ ആവശ്യപ്പെട്ടു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് മഡൂറോയെന്നും പുടിന്‍ വ്യക്തമാക്കി.

യുഎസിന്റെ നടപടി എല്ലാ പരിധികളും ലംഘിക്കുന്നതാണെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡാ സില്‍വ അഭിപ്രായപ്പെട്ടു. മഡൂറോയ്ക്ക് എതിരാണെങ്കിലും വിദേശ സൈന്യത്തിന്റെ അധിനിവേശത്തെ ഇറ്റലി അംഗീകരിച്ചില്ല. അതേസമയം, യുഎസ് നടപടിയെ പിന്തുണച്ച് യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തി, നിയമവിരുദ്ധമായാണ് മഡൂറോ അധികാരത്തില്‍ തുടര്‍ന്നതെന്ന് യൂണിയന്‍ കുറ്റപ്പെടുത്തി.