പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറി പ്രക്ഷോഭകാരികള്‍; വിലപിടിച്ച വസ്തുക്കളെല്ലാം കവര്‍ന്നു; ഇന്ത്യന്‍ പൗരന്മാര്ക്ക് ജാഗ്രത നിര്‍ദേശം
ധാക്ക: ബംഗ്ലാദേശില്‍ കലാപം തുടരുന്നതിനിടെ രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറി. കണ്ണില്‍ കണ്ട വിലപിടിച്ച വസ്തുക്കളെല്ലാം ജനക്കൂട്ടം കൈക്കലാക്കിയെന്നാണ് ബംഗ്ലാദേശില്‍ നിന്നുള്ള പുതിയ വാര്‍ത്ത. ഔദ്യോഗിക വസതിയായ ഗണഭബന്റെ നിയന്ത്രണം പ്രക്ഷോഭകാരികള്‍ പിടിച്ചെടുത്തിട്ടുണ്ട്. ധാക്കയില്‍ ഷെയ്ക് മുജീബുര്‍ റഹ്മാന്റെയടക്കം പ്രതിമകള്‍ പ്രക്ഷോഭകര്‍ തകര്‍ത്തിട്ടുണ്ട്. അതേസമയം കലാപം രൂക്ഷമായതോടെ ഇന്ന് ഉച്ചക്കാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യംവിട്ടത്. സഹോദരിക്കൊപ്പം സൈനിക വിമാനത്തിലാണ് ഇവര്‍ രാജ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
ധാക്ക: ബംഗ്ലാദേശില്‍ കലാപം തുടരുന്നതിനിടെ രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറി. കണ്ണില്‍ കണ്ട വിലപിടിച്ച വസ്തുക്കളെല്ലാം ജനക്കൂട്ടം കൈക്കലാക്കിയെന്നാണ് ബംഗ്ലാദേശില്‍ നിന്നുള്ള പുതിയ വാര്‍ത്ത. ഔദ്യോഗിക വസതിയായ ഗണഭബന്റെ നിയന്ത്രണം പ്രക്ഷോഭകാരികള്‍ പിടിച്ചെടുത്തിട്ടുണ്ട്. ധാക്കയില്‍ ഷെയ്ക് മുജീബുര്‍ റഹ്മാന്റെയടക്കം പ്രതിമകള്‍ പ്രക്ഷോഭകര്‍ തകര്‍ത്തിട്ടുണ്ട്.
അതേസമയം കലാപം രൂക്ഷമായതോടെ ഇന്ന് ഉച്ചക്കാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യംവിട്ടത്. സഹോദരിക്കൊപ്പം സൈനിക വിമാനത്തിലാണ് ഇവര്‍ രാജ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രധാനമന്ത്രി രാജിവെച്ചതോടെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സേന മേധാവി അറിയിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചുവെന്ന് പറഞ്ഞ, സേന മേധാവി ജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അക്രമം അവസാനിപ്പിക്കണമെന്നും ഇടക്കാല സര്‍ക്കാര്‍ ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുമെന്നും സേന മേധാവി വ്യക്തമാക്കി.
പ്രധാനമന്ത്രി ഹസീനയുടെ രാജി ആവശ്യപ്പെട്ട് തെരുവിലറങ്ങിയ പതിനായിരങ്ങളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര് വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ഞായറാഴ്ച 98 പേര് കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതിഷേധം രൂക്ഷമായത്. സര്‍ക്കാര്‍ ജോലികള്‍ക്കുള്ള സംവരണ സമ്പ്രദായത്തിനെതിരെയാണ് വിദ്യാര്‍ഥികള്‍ തെരുവിലറങ്ങിയത്. ആദ്യഘട്ട പ്രക്ഷോഭത്തില്‍ 67 പേര് കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം അവസാനത്തോടെ ആരംഭിച്ച പ്രതിഷേധം, ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പൊലീസുമായി ഏറ്റുമുട്ടിയതോടെ മൂര്‍ധന്യത്തിലെത്തി.
1971-ലെ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതാണ് പ്രക്ഷോഭത്തിന് കാരണം. ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പോരാട്ടമാണ് ഷെയ്ഖ് ഹസിനയുടെ പതനത്തില്‍ കലാശിച്ചത്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ദിവസങ്ങളായി അക്രമാസക്തമായിരുന്നു. ഹസീനയുടെ രാജിക്കായി പ്രതിഷേധക്കാരും അവരെ നേരിടാന്‍ ഭരണകക്ഷിയായ അവാമി ലീഗ് പ്രവര്‍ത്തകരും തെരുവില്‍ നിരവധി തവണ ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലില്‍ ഇന്നലെ നൂറോളം പേര് കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 14 പേര് പൊലീസുകാരാണ്. സംഘര്‍ഷം നേരിടാന്‍ ബംഗ്ലാദേശില്‍ രാജ്യവ്യാപകമായി അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യന്‍ പൗരന്മാര് ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. അതീവ ജാഗ്രത പാലിക്കാന്‍ ബംഗ്ലാദേശിലെ ഇന്ത്യന്‍ പൗരന്മാര്ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യാക്കാര്‍ക്കായി ഹെല്പ്ലൈന് തുറന്നിട്ടുണ്ട്. നമ്പര്‍ - +8801958383679, +8801958383680, +8801937400591.
ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ നൂറിലധികംപേര്‍ കൊല്ലപ്പെട്ടു. സാഹചര്യം മോശമാണെന്നു ബംഗ്ലദേശ് നിയമമന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു. ധാക്ക വിടുന്നതിനു മുന്‍പു പ്രസംഗം റെക്കോര്‍ഡ് ചെയ്യാന്‍ ഷെയ്ഖ് ഹസീന ആഗ്രിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് അവരോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
സര്‍ക്കാര്‍ ജോലിയിലെ സംവരണ വിഷയത്തില്‍ തുടങ്ങിയ പ്രക്ഷോഭം സര്‍ക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. സംവരണ വിഷയത്തില്‍ ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന സംഘര്‍ഷങ്ങളില്‍ ഇരുന്നൂറിലധികം പേര് കൊല്ലപ്പെട്ടിരുന്നു. ഇതു കെട്ടടങ്ങിയതിനു പിന്നാലെയാണു സര്‍ക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തെ 13 ജില്ലകളില്‍ കലാപം വ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്നു പ്രഖ്യാപിച്ച ഷെയ്ഖ് ഹസീന രാജ്യത്ത് അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്നു മുതല്‍ 3 ദിവസം ദേശീയ അവധിയും പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്റര്‍നെറ്റ് സൗകര്യം തടയാന്‍ മൊബൈല്‍ കമ്പനികളോടും ആവശ്യപ്പെട്ടു.
'വിവേചന വിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനം' എന്ന കൂട്ടായ്മയാണു നിസ്സഹകരണ സമരം പ്രഖ്യാപിച്ചത്. നികുതിയും വിവിധ സര്‍ക്കാര്‍ ബില്ലുകളും അടയ്ക്കരുതെന്നു സമരക്കാര്‍ ആഹ്വാനം ചെയ്തിരുന്നു. സമരത്തില്‍ അണിചേരാന്‍ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാരെയും ആഹ്വാനം ചെയ്തതോടെ ഓഫിസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ശനിയാഴ്ച ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും പ്രക്ഷോഭകര്‍ തയാറായില്ല. ഇതിനു പിന്നാലെയാണു വിദ്യാര്‍ഥികളല്ല, ഭീകരപ്രവര്‍ത്തകരാണു പ്രക്ഷോഭത്തിനു പിന്നിലെന്നും ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്നും ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചത്. രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ഭീകരരെ അടിച്ചമര്‍ത്താന്‍ ജനങ്ങളോട് ഹസീന ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. ഇതു സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.