മോസ്‌കോ: മൂന്ന് വര്‍ഷമായി തുടരുന്ന യുക്രൈന്‍-റഷ്യ യുദ്ധത്തിന് അറുതിവരാന്‍ ഇടയാകുമോ? അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച്ചക്ക് അരങ്ങൊരുങ്ങുകയാണ്. ഈ കൂടിക്കാഴ്ച്ചയെ ലോകം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഇരുവരും തമ്മില്‍ അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തുമെന്നും യുഎഇ ആയിരിക്കും വേദിയെന്നും റഷ്യന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പുടിനാണ് യുഎഇ ചര്‍ച്ചക്ക് വേദിയാകണമെന്ന് നിര്‍ദേശിച്ചത്.

പുടിനും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും തമ്മില്‍ നേരിട്ട് ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ പുട്ടിനുമായുള്ള ചര്‍ച്ചക്ക് ട്രംപ് തയ്യാറാകൂ എന്നാണ് നേരത്തെ വൈറ്റ് ഹൗസ് അറിയിച്ചിരുന്നത്. എന്നാല്‍, അതിന് സാധ്യത കുറവാണ്. അതേസമയം സമാധാന ചര്‍ച്ചകളില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടി പങ്കെടുക്കണമെന്നാണ് സെലന്‍സ്‌കിയുടെ നിലപാട്. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ബുധനാഴ്ച മോസ്‌കോയില്‍ വച്ച് മൂന്ന് മണിക്കൂര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നതായി പുടിനും സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച മോസ്‌കോയില്‍ വച്ച് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍-നഹ്യാനുമായി പുട്ടിന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ''കൂടിക്കാഴ്ചയെ തുറന്ന മനസ്സോടെയാണ് ട്രംപ് കാണുന്നത്. ഈ ക്രൂരമായ യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ പ്രസിഡന്റ് ട്രംപ് പ്രസിഡന്റ് പുട്ടിനുമായും പ്രസിഡന്റ് സെലന്‍സ്‌കിയുമായും കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വൈകാതെ പുറത്തുവിടും.'' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.

ട്രംപ്-പുട്ടിന്‍ കൂടിക്കാഴ്ച റഷ്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണെന്നും ലീവിറ്റ് പറഞ്ഞു. എന്നാല്‍ റഷ്യയില്‍ നിന്നാണ് കൂടിക്കാഴ്ചയ്ക്കുള്ള അഭ്യര്‍ത്ഥന വന്നതെന്ന ലീവിറ്റിന്റെ പ്രസ്താവനയെ യൂറി തള്ളി. യുഎസിന്റെ നിര്‍ദേശപ്രകാരമാണ് കൂടിക്കാഴ്ചയെന്നാണ് റഷ്യയുടെ നിലപാട്. റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ വേണ്ടിയാണ് ട്രംപ് ഇന്ത്യക്ക് മേല്‍ 50 ശതമാനം തീരുവ ചുമത്തിയതെന്ന് വിലയിരുത്തലുണ്ട്. റഷ്യയുടെ വ്യാപാര പങ്കാളികളെ സമ്മര്‍ദ്ദത്തിലാക്കിയാല്‍ പുടിന്‍ വഴങ്ങുമെന്ന നിരീക്ഷണമാണുള്ളത്. മൂന്നാഴ്ച്ചക്കുള്ളില്‍ റഷ്യ -യുക്രൈന്‍ യുദ്ധത്തിന് അറുതി വരുത്താന്‍ സാധിച്ചാല്‍ ഇന്ത്യക്ക മേലുള്ള നികുതി ഭീഷണിയും അകന്നേക്കും.

റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നതിന്റെപേരില്‍ ഇന്ത്യ-യുഎസ് ബന്ധം ഉലയുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ഈ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ റഷ്യന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തീയതിയായിട്ടില്ല. ചൊവ്വാഴ്ച റഷ്യയിലെത്തിയ ഡോവല്‍ വ്യാഴാഴ്ച പുതിനുമായി കൂടിക്കാഴ്ച നടത്തി.

റഷ്യയുടെ ദേശീയ സുരക്ഷാസമിതി സെക്രട്ടറി സെര്‍ഗെയി ഷൊയിഗുവുമായും ഡോവല്‍ ചര്‍ച്ചനടത്തി. ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതായിരിക്കും പുതിന്റെ സന്ദര്‍ശനമെന്ന് അജിത് ഡോവലിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വിവിധ മേഖലകളില്‍ ഇന്ത്യ-റഷ്യ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നേതാക്കള്‍ ചര്‍ച്ചനടത്തി.

നേരത്തെ യുക്രെയ്‌നുമായുള്ള യുദ്ധം തുടരുന്നതിനിടെ ആണവ ആയുധങ്ങളുടെ നിയന്ത്രണത്തിനുള്ള ധാരണകളില്‍ വിള്ളല്‍ ആശങ്കയായി മാറിയിരുന്നു. 1987ല്‍ യുഎസുമായി ഒപ്പുവച്ച ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് (ഐഎന്‍എഫ്) കരാറില്‍ നിന്ന് റഷ്യ പിന്‍മാറി. ഇരുരാജ്യങ്ങളും പരസ്പരം ഹ്രസ്വമധ്യദൂര മിസൈലുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്നതായിരുന്നു കരാര്‍.

കരാറിന് വിരുദ്ധമായി റഷ്യയ്ക്കു സമീപം ആണവ മുങ്ങിക്കപ്പലുകള്‍ വിന്യസിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നു. ഇതിന് പ്രതികരണമായി ദിവസങ്ങള്‍ക്കകമാണ് റഷ്യയുടെ മറുപടി. യു എസ് നേരത്തെ തന്നെ ഈ കരാറില്‍ നിന്നും സ്വയം പിന്‍വാങ്ങിയിരുന്നെങ്കിലും റഷ്യ സംയമനം തുടരുകയായിരുന്നു.

സോവിയറ്റ് യുഗത്തിലെ കരാറില്‍ തുടരുന്നതിനുള്ള കാരണങ്ങള്‍ ഇനി അവശേഷിക്കുന്നില്ലെന്നും നേരത്തെ സ്വയം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇനി പാലിക്കില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 1987ല്‍ സോവിയറ്റ് നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവും അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് റീഗനുമാണ് കരാറില്‍ ഒപ്പുവച്ചത്. കരാറനുസരിച്ച് 500 മുതല്‍ 5,500 കിലോമീറ്റര്‍ വരെ പരിധിയുള്ള മിസൈലുകള്‍ ഇരുരാജ്യങ്ങളും ഉപയോഗിക്കുന്നത് പരസ്പരം നിരോധിച്ചിരുന്നു.

അമേരിക്ക നേരത്തെ തന്നെ ഈ കരാറില്‍ വിള്ളല്‍ വീഴ്ത്തി. 2019ല്‍ തന്നെ യു എസ് പിന്മാറ്റം പ്രഖ്യാപിച്ചു. പ്രകോപനം ഉണ്ടാകാതിരിക്കുന്നിടത്തോളം തങ്ങള്‍ യുഎസിനു സമീപം മിസൈലുകള്‍ വിന്യസിക്കില്ലെന്ന നിലപാടില്‍ റഷ്യ ഉറച്ചു നിന്നത് കരാറിനെ ഏകപക്ഷീയമായി ദുര്‍ബലപ്പെടുത്തുന്നതില്‍ നിന്നു കാത്തു.

ഇപ്പോള്‍ യുഎസിന്റെയും അവരുടെ നേതൃത്വത്തില്‍ നാറ്റോ രാജ്യങ്ങളുടെയും ഭാഗത്തുനിന്ന് സ്ഥിരത ലംഘിക്കപ്പെടുന്ന തരത്തിലുള്ള നീക്കങ്ങളുണ്ടാകുന്നതോടെയാണ് റഷ്യയുടെ പിന്‍മാറ്റം. റഷ്യന്‍ മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവും ഇതിനെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ തന്നെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് കരാര്‍ ഇനി പ്രായോഗികമല്ലെന്ന് പറയുകയും അമേരിക്ക ആഗോളതലത്തില്‍ ആണവ ആയുധങ്ങള്‍ വിന്യസിച്ചതായി ആരോപിക്കുകയും ചെയ്തിരുന്നു. യുക്രെയിന്‍ യുദ്ധത്തിന് തുടര്‍ച്ചയായി ലോകത്തിന് ഭീഷണിയായി റഷ്യ -അമേരിക്ക ബന്ധം കൂടുതല്‍ സംഘര്‍ഷ ഭരിതമാവുകയാണ്.