- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് മുട്ടന്‍ പണിയുമായി ട്രംപ്; പരസ്പര നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ചു വൈറ്റ്ഹൗസ്; ഇന്ത്യക്കും വന്‍ തിരിച്ചടി; നികുതി ഭീഷണിക്കിടെ ട്രംപിനെ കാണാന്‍ മോദി വാഷിങ്ടണില്‍; രണ്ട് ദിവസത്തെ നിര്‍ണായക കൂടിക്കാഴ്ച്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകും
യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് മുട്ടന്‍ പണിയുമായി ട്രംപ്
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങുന്നത് തൊട്ടുമുമ്പ് ഇന്ത്യക്ക് പണിയുമായി ഡൊണാള്‍ഡ് ട്രംപ്. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് ട്രംപ് ഭരണകൂടം പരസ്പര നികുതി (റസിപ്രോക്കല്‍ താരിഫ്) ചുമത്തുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്ന രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയും നികുതി ഏര്‍പ്പെടുത്തുമെന്നതാണ് പരസ്പ്പര നികുതി. ഇത് ഇന്ത്യക്ക് വന്‍ തിരിച്ചടിയായി മാറിയേക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു തൊട്ടുമുന്‍പാണ് ഇന്ത്യയെ ഉള്‍പ്പെടെ ബാധിക്കുന്ന നിര്‍ണായക നീക്കം. ചില യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ കനത്ത തീരുവയാണു ചുമത്തുന്നതെന്നും അതേ മട്ടില്‍ തീരുവ ചുമത്തി തിരിച്ചടിക്കാനറിയാമെന്നും ഡോണള്‍ഡ് ട്രംപ് ഡിസംബറില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. 'ഇന്ത്യയും ബ്രസീലുമാണ് യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഏറ്റവുമധികം തീരുവ ചുമത്തുന്നത്. തീരുവ ചുമത്താന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കുഴപ്പമില്ല, പക്ഷേ തിരിച്ച് ഞങ്ങളും അതുതന്നെയാണു ചെയ്യാന്‍ പോകുന്നത്' ട്രംപ് ഡിസംബറില്‍ പറഞ്ഞു.
'യുഎസിനെ എങ്ങനെയാണോ പരിഗണിക്കുന്നത്, അതുപോലെയാകും തിരിച്ചുള്ള പരിഗണന' എന്ന് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നികും ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെ പ്രതികരിച്ചിരുന്നു. യുഎസിന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് ആഡംബര കാറുകള്‍ ഉള്‍പ്പെടെയുള്ള മുപ്പതിലേറെ ഇനങ്ങളുടെ ഇറക്കുമതി തീരുവ പുനഃപരിശോധിക്കാന്‍ ഇന്ത്യ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യുഎസിന്റെ നിര്‍ണായക തീരുമാനം.
അതിനിടെ രണ്ടു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചിനാകും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുക. അമേരിക്കയില്‍ നിന്ന് സൈനിക വിമാനങ്ങള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചനകള്‍. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കും. ഈ വര്‍ഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡോണള്‍ഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും.
വാഷിങ്ങ്ടണിന് അടുത്തുള്ള ആന്‍ഡ്രൂസ് എയര്‍ ഫോഴ്സ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയര്‍ ഹൗസിലേക്ക് താമസിക്കാനായി എത്തിയ മോദിക്ക് ഊഷ്മള വരവേല്‍പ്പാണ് ഇവിടെ ഒരുക്കിയത്. ബ്ലെയര്‍ ഹൗസിന് മുന്നില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നിരവധി ഇന്ത്യക്കാരും എത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് നേരെ എതിര്‍ വശത്താണ് ബ്ലെയര്‍ ഹൗസ് സ്ഥിതി ചെയ്യുന്നത്.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയേക്കും. സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ശൃംഖല വഴി ബ്രോഡ്ബാന്‍ഡ് സേവനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തേക്കും. സ്റ്റാര്‍ലിങ്ക് സേവനം ഇന്ത്യയില്‍ തുടങ്ങാന്‍ സന്നദ്ധമാണെന്ന് നേരത്തെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. അതേസമയം ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് ചര്‍ച്ചയാകുമോ എന്ന് വ്യക്തമല്ല.
നേരത്തെ ഫ്രാന്‍സ് സന്ദര്‍ശിച്ച ശേഷമാണ് മോദി അമേരിക്കയില്‍ എത്തിയത്. ഇന്ത്യ-ഫ്രാന്‍സ്് വ്യാപാര, നിക്ഷേപ ബന്ധം ശക്തമാക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും കൂടിക്കാഴ്ച്ച നടത്തിയത്. ഇന്തോ-പസഫിക് മേഖലയിലും വിവിധ ആഗോള വേദികളിലും കൂടുതല്‍ ആഴത്തിലുള്ള ഇടപെടല്‍ നടത്തുമെന്നും ഇരുവരും പ്രഖ്യാപിച്ചു. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളില്‍ പൊതുജന താല്‍പര്യങ്ങള്‍ക്കുവേണ്ടി നിര്‍മിതബുദ്ധി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താനും ഫ്രഞ്ച് നഗരമായ മാര്‍സെയിലില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും തീരുമാനിച്ചു.
കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധങ്ങളും ആഗോള, മേഖല വിഷയങ്ങളും പരാമര്‍ശവിധേയമായതായി തുടര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭ രക്ഷാസമിതി അടിയന്തരമായി പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യവും നേതാക്കള്‍ ഊന്നിപ്പറഞ്ഞു. രക്ഷാസമിതി ഉള്‍പ്പെടെ വിവിധ ആഗോള വിഷയങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ മാക്രോണ്‍ പിന്തുണച്ചു. കൊടുംക്രൂരതകളുടെ കാര്യത്തില്‍ വീറ്റോ ഉപയോഗം നിയന്ത്രിക്കാന്‍ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കാനും ഇരു നേതാക്കളും തീരുമാനിച്ചു.
നിര്‍മിത ബുദ്ധിയെക്കുറിച്ചുള്ള ഇന്ത്യ-ഫ്രാന്‍സ് പ്രഖ്യാപനം, ഇന്ത്യ-ഫ്രാന്‍സ് നൂതനാശയ വര്‍ഷം 2026 ലോഗോ എന്നിവയും കൂടിക്കാഴ്ചക്കൊടുവില്‍ പുറത്തിറക്കി. ഇന്തോ-ഫ്രഞ്ച് സെന്റര്‍ ഫോര്‍ ദ ഡിജിറ്റല്‍ സയന്‍സസ് സ്ഥാപിക്കുന്നതിന് ഇന്ത്യയുടെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ഫ്രാന്‍സിന്റെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ ഡിജിറ്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും തമ്മില്‍ ഉദ്ദേശ്യപത്രത്തിലും ഒപ്പുവെച്ചു. ഫ്രഞ്ച് സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്ററായ സ്റ്റേഷന്‍ എഫില്‍ 10 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാനുള്ള കരാറിലും അഡ്വാന്‍സ്ഡ് മോഡുലാര്‍ റിയാക്ടറുകള്‍, സ്‌മോള്‍ മോഡുലാര്‍ റിയാക്ടറുകള്‍ എന്നിവയിലെ സഹകരണത്തിനുള്ള ഉദ്ദേശ്യ പ്രഖ്യാപനത്തിലും ഒപ്പുവെച്ചു.
ആണവോര്‍ജ പങ്കാളിത്തത്തിനുള്ള ഗ്ലോബല്‍ സെന്ററുമായി സഹകരണത്തിന് ഇന്ത്യന്‍ ആണവോര്‍ജ വകുപ്പും ഫ്രഞ്ച് ആള്‍ട്ടര്‍നേറ്റിവ് എനര്‍ജീസ് ആന്‍ഡ് ആറ്റമിക് എനര്‍ജി കമീഷനും തമ്മിലെ ധാരണപത്രം പുതുക്കാനും തീരുമാനമായി. 2025ല്‍ ഉഭയകക്ഷി സഹകരണത്തിനുള്ള പ്രധാന മുന്‍ഗണനകളായി ഡിജിറ്റല്‍ ആരോഗ്യം, ആന്റി മൈക്രോബയല്‍ പ്രതിരോധം, ആരോഗ്യ വിദഗ്ധരുടെ കൈമാറ്റം എന്നിവ ഇന്ത്യയും ഫ്രാന്‍സും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഇരു രാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിലാണ് കൂടിക്കാഴ്ചയുടെ ഒരുഭാഗം നടന്നത്.