വാഷിങ്ടണ്‍: ട്രംപിന് വീണ്ടും തിരിച്ചടി. ജന്‍മാവകാശ പൗരത്വം റദ്ദാക്കിയ ഉത്തരവ് അനിശ്ചിത കാലത്തേക്ക് മരവിപ്പിച്ചു കൊണ്ട് യുഎസ് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. യു.എസില്‍ ഗ്രീന്‍കാര്‍ഡിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഇന്ത്യയില്‍ നിന്നടക്കമുള്ള പൗരന്‍മാര്‍ക്ക് വലിയ ആശ്വാസമാണ് ഈ ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്.

ട്രംപ് ഭരണഘടനയെ മറികടക്കാനാണ് ശ്രമിക്കുന്നതെന്ന് വിധി പുറപ്പെടുവിക്കവെ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജോണ്‍ കഫ്‌നൂര്‍ കുറ്റപ്പെടുത്തി. ജന്‍മാവകാശ പൗരത്വത്തിന്റെ കാര്യത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് ട്രംപിന് തിരിച്ചടിയേല്‍ക്കുന്നത്. നേരത്തേ മേരിലാന്‍ഡ് ഫെഡറല്‍ ജഡ്ജിയും ട്രംപിന്റെ ഉത്തരവ് താല്‍കാലികമായി മരവിപ്പിച്ചിരുന്നു.

''നമ്മുടെ പ്രസിഡന്റിന്റെ സംബന്ധിച്ചിടത്തോളം നിയമവാഴ്ച അദ്ദേഹത്തിന്റെ നയലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള തടസ്സങ്ങളാണെന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. നിയമവാഴ്ച അദ്ദേഹത്തിന് രാഷ്ട്രീയപരമോ വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ വേണ്ടി അവഗണിക്കാനോ ഉള്ള ഒന്നുമാത്രമാണ്.''-ജഡ്ജി ജോണ്‍ കഫ്‌നൂര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഈ കോടതിമുറിയില്‍ നിയമ വാഴ്ച എന്നത് എനിക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന തിളങ്ങുന്ന വിളക്കുമാടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സര്‍ക്കാറുകള്‍ അവരുടെ നയപരമായ കളികള്‍ക്കായി ഉപയോഗിക്കേണ്ട ഒന്നല്ല ഭരണഘടനയെന്നും ജഡ്ജി ഓര്‍മപ്പെടുത്തി. അമേരിക്കയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ജന്‍മാവകാശ പൗരത്വം റദ്ദാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നെങ്കില്‍ ആദ്യം ചെയ്യേണ്ടത്, ഭരണഘടന ഭേദഗതി കൊണ്ടുവരികയാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് യു.എസ് ജസ്റ്റിസ് ഡിപാര്‍ട്‌മെന്റ് അറിയിച്ചു. രണ്ട് ഉത്തരവുകളും രാജ്യവ്യാപകമായി ബാധകമാണ്. കേസ് പുരോഗമിക്കുന്നതുവരെ അവ പ്രാബല്യത്തില്‍ തുടരും. ഫെബ്രുവരി 20നു ശേഷം യു.എസില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്‍മാവകാശം റദ്ദാകുമെന്ന എക്‌സിക്യുട്ടീവ് ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചത്. അതോടെ ഏറ്റവും കൂടുതല്‍ ഭീതിയിലായത് ഇന്ത്യയില്‍ നിന്നുള്ള ദമ്പതികളായിരുന്നു. യു.എസില്‍ ഗ്രീന്‍ വിസ ലഭിക്കുന്നതും കാത്തുകഴിയുന്ന ഇവരില്‍ പലരുടെയും പങ്കാളികള്‍ ഗര്‍ഭിണികളുമായിരുന്നു. അതിനാല്‍ ഫെബ്രുവരി 20ന് മുമ്പ് പ്രസവം നേരത്തേയാക്കാനുള്ള നടപടികള്‍ക്കും ഇന്ത്യന്‍ ദമ്പതികള്‍ ശ്രമം നടത്തിയിരുന്നു.

ട്രംപിന്റെ ഉത്തരവ് പ്രാബല്യത്തില്‍ വന്നാല്‍ യു.എസില്‍ താല്‍കാലിക വിസയില്‍ കഴിയുന്ന മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക്, മാതാപിതാക്കളില്‍ ഒരാള്‍ യു.എസ് പൗരനോ ഗ്രീന്‍ കാര്‍ഡ് ഉടമയോ അല്ലാത്ത പക്ഷം യു.എസ് പൗരത്വം ലഭിക്കില്ല. അങ്ങനെയുള്ള കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് രാജ്യത്ത് ലഭിക്കുന്ന ട്യൂഷന്‍ ഇളവ്, ഫെഡറല്‍ സാമ്പത്തിക സഹായം, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയും നഷ്ടപ്പെടും. ഇത് അവരുടെ വിദ്യാഭ്യാസത്തെ പോലും സാരമായി ബാധിക്കും. മാത്രമല്ല, യു.എസില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് 21 വയസ് തികയുമ്പോള്‍ മറ്റൊരു വിസ ലഭിച്ചില്ലെങ്കില്‍ സ്വയം നാടുകടത്തലിനും നിര്‍ബന്ധിതരായേക്കാം. ഇതും ഗ്രീന്‍ കാര്‍ഡ് ഇല്ലാത്ത കുടിയേറ്റക്കാരുടെ ആശങ്ക വര്‍ധിക്കാന്‍ കാരണമായി.