- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുക്രൈൻ യുദ്ധം റഷ്യൻ പ്രതിസന്ധി വർധിപ്പിക്കുമ്പോൾ കോളടിക്കുന്നത് ഇന്ത്യക്ക്; ഇനിയും കുറഞ്ഞ വിലയിൽ ഇന്ത്യക്ക് ക്രൂഡ് ഓയിൽ നൽകാമെന്ന് പറഞ്ഞ് റഷ്യ; നിലവിൽ ഇറാഖ് വാഗ്ദാനം ചെയ്തിട്ടുള്ളതിനേക്കാൾ വൻതോതിൽ കുറഞ്ഞ വിലയെന്ന് റഷ്യയുടെ ഓഫർ; വില പരിധി നിശ്ചയിക്കാനുള്ള ജി7 രാജ്യങ്ങളുടെ നീക്കത്തെ ചെറുക്കാൻ റഷ്യൻ നീക്കം
മോസ്കോ: യുക്രൈനുമായുള്ള യുദ്ധം റഷ്യയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുമ്പോൾ അത് ഗുണം ചെയ്യുന്നത് ഇന്ത്യക്കാണ്. അമേരിക്കൻ എതിർപ്പും മറികടന്ന് ഇന്ത്യ കിട്ടിയ അവസരത്തിൽ കുറഞ്ഞ തുക മുടക്കി ക്രൂഡ് ഓയിൽ വ്യാപകമായി വാങ്ങിക്കൂട്ടുകയാണ്. ഇന്ത്യക്ക് വേണ്ടി ഇനിയും കൂടുതൽ ക്രൂഡ് ഓയിൽ നൽകാൻ തയ്യാറാണെന്നാണ് റഷ്യയുടെ നിലപാടും. ഇപ്പോൾ നൽകുന്നതിനേക്കാൾ വിലക്കുറവിൽ ക്രൂഡ് ഓയിൽ നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കി റഷ്യ വീണ്ടും ഇന്ത്യയെ സമീപിച്ചു.
വില പരിധി നിശ്ചയിക്കുന്നതിന് പിന്തുണ ആവശ്യപ്പെട്ട് ജി7 രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചതിന് പിന്നാലെയാണ് റഷ്യയുടെ നീക്കം. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ ഒപ്പം നിർത്തുകയെന്നത് ജി7 രാജ്യങ്ങൾക്ക് നിർണായകമാണ്. വിശദമായ ചർച്ചയ്ക്കുശേഷം ഇക്കാര്യത്തിൽ തീരുമാനമറിയിക്കാമെന്നാണ് ഇന്ത്യ റഷ്യയെ അറിയിച്ചിരിക്കുന്നത്. നിലവിൽ ഇറാഖ് വാഗ്ദാനം ചെയ്തിട്ടുള്ളതിനേക്കാൾ വൻതോതിൽ കുറഞ്ഞ വിലയാണ് റഷ്യ മുന്നോട്ടുവെച്ചിട്ടുള്ളത്.
രാജ്യത്തെ ശരാശരി ഇറക്കുമതി ചെലവായ ബാരലിന് 110 ഡോളറിൽനിന്ന് 16 ഡോളർ കിഴിവിലാണ് മെയ് മാസത്തിൽ റഷ്യ ഇന്ത്യക്ക് ക്രൂഡ് ഓയിൽ നൽകിയത്. വിലയിലെ വ്യതിയാനത്തിനുനുസരിച്ച് ജൂണിലാകട്ടെ കിഴിവ് ബാരലിന് 14 ഡോളറായും ഓഗസ്റ്റിൽ ആറ് ഡോളറായും കുറഞ്ഞു. എന്നാൽ രാജ്യത്തേയ്ക്ക് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇറാഖ് റഷ്യയിൽനിന്നുള്ളതിനേക്കാൾ ഒമ്പത് ഡോളർ കുറവിനാണ് ജൂണിൽ നൽകിയത്. ഇതേതുടർന്ന് ഇറാഖിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ വൻതോതിൽ വർധനവുണ്ടായി. ഇതോടെ ഇന്ത്യയിലേയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ റഷ്യയുടെ സ്ഥാനം മൂന്നാമതാകുകയുംചെയ്തു.
രാജ്യത്തെ ആവശ്യത്തിനുള്ള അസംസ്കൃത എണ്ണയുടെ 20.6ശതമാനവും ഇറക്കുമതി ഇതോടെ ഇറാഖിൽനിന്നായി. സൗദി അറേബ്യയിൽനിന്ന് 20.8ശതമാനവും റഷ്യയിൽനിന്ന് 18.2ശതമാനവുമാണ് ഇന്ത്യയുടെ ഇറക്കുമതി. ഇറാഖിലെ അസ്ഥിരമായ ആഭ്യന്തര സാഹചര്യവും ആഗോള പ്രതിസന്ധിയും പരിഗണിച്ച് അസംസ്കൃത എണ്ണ ഇറക്കുമതിയിൽ ബദൽ സംവിധാനം ആവശ്യമാണെന്ന് ഇന്ത്യ കരുതുന്നുണ്ട്. ഈ സാഹചര്യത്തിൽ റഷ്യയെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
റഷ്യ-യുക്രൈൻ സംഘർഷത്തിനുമുമ്പ്, രാജ്യത്തേയ്ക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഒരുശതമാനത്തിൽ താഴെയായിരുന്നു റഷ്യയുടെ വിഹിതം. ഏപ്രിലിൽ 8 ശതമാനമായും മെയിൽ 14ശതമാനമായും ജൂണിൽ 18ശതമാനമായും ഇത് ഉയർന്നു. അതേസമയം, ജൂലായിൽ വിഹിതത്തിൽ കുറവുണ്ടായി. കുറഞ്ഞ വില വാഗ്ദാനംചെയ്യുന്നതുവരെ റഷ്യയിൽനിന്നുള്ള അസംസ്കൃത എണ്ണവില ഇറക്കുമതി ഇന്ത്യ തുടരുമെന്നാണ് ലഭിക്കുന്ന സൂചന.
അതേസമയം റഷ്യയിൽ നിന്നും കുറഞ്ഞ നിരക്കിൽ എണ്ണ എത്തുന്നതിന്റെ ആശ്വാസം ഇന്ത്യയിലെ സാധാരണക്കാർക്ക് ലഭിക്കുന്നില്ലെന്ന പരാതിയും വ്യക്തമാണ്.
മറുനാടന് ഡെസ്ക്