മോസ്‌കോ: റഷ്യക്കെതിരെ പ്രയോഗിക്കാന്‍ യുക്രൈന് മിസൈല്‍ നല്‍കിയ അമേരിക്കന്‍, യുകെ സര്‍ക്കാറുകളോട് കടുത്ത അമര്‍ഷത്തിലാണ് റഷ്യ. നാറ്റോ കക്ഷികളുടെ നീക്കത്തിന് മറുപടിയായി പുടിന്‍ ശക്തമായ ഭാഷയില്‍ രംഗത്തുവന്നു. യുക്രൈനെതിരെ ദ്വീര്‍ഘദൂര മിസൈല്‍ പ്രയോഗിച്ചതിന് ശേഷമാണ് അമേരിക്കയ്ക്കു കക്ഷികള്‍ക്കും ഭീഷണിയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിര്‍ പുടിന്‍ രംഗത്തെത്തിയത്.

യു.കെയെ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് പുടിന്‍ ഭീഷണിപ്പെടുത്തി. യുക്രെയ്ന്‍ യുദ്ധത്തിനിടെ റഷ്യ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു.കെയേയും മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് പുടിന്‍ അറിയിച്ചിരിക്കുന്നത്. യുദ്ധസാഹചര്യങ്ങളില്‍, ഏറ്റവും പുതിയ റഷ്യന്‍ മീഡിയം റേഞ്ച് മിസൈല്‍ സംവിധാനങ്ങളിലൊന്നാണ് പരീക്ഷിച്ചതെന്നാണ് പുടിന്‍ വ്യക്തമാക്കിയത്. ആണവ രഹിത ഹൈപ്പര്‍സോണിക് ഉപകരണത്തില്‍ ബാലിസ്റ്റിക് മിസൈ പ്രയോഗിച്ചു. റഷ്യയെ ആക്രമിക്കാന്‍ യുക്രൈന് ആയുധങ്ങള്‍ നല്‍കുന്ന രാജ്യങ്ങളെ ആക്രമിക്കാന്‍ റഷ്യക്ക് അവകാശമുണ്ടെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

പുടിന്റെ പ്രസ്താവനയെ അപലപിച്ച് യു.കെ സര്‍ക്കാറും രംഗത്തെത്തി. ബലിസ്‌റിക് മിസൈലുകള്‍ ഉപയോഗിച്ച് യുക്രെയ്ന്‍ യുദ്ധം വ്യാപിപ്പിക്കാനുള്ള പുടിന്റെ ശ്രമങ്ങളെ യു.കെ അപലപിച്ചു. കഴിഞ്ഞ ദിവസം ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പുടിന്റെ പ്രസ്താവന. യുക്രെയ്‌ന് ആയുധങ്ങള്‍ നല്‍കിയ രാജ്യങ്ങള്‍ക്കെതിരെ ആക്രമണം നടത്തുമെന്നാണ് പുടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. റഷ്യ ലക്ഷ്യംവെക്കുന്ന രാജ്യങ്ങള്‍ക്ക് സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയാണെന്നും പുടിന്‍ പറഞ്ഞു.

അമേരിക്കന്‍, ബ്രിട്ടീഷ് ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചതിന് മറുപടിയായി യുക്രെയ്ന്‍ പ്രതിരോധ വ്യവസായത്തിന് പേരുകേട്ട സ്ഥലമായ ഡിനിപ്രോയില്‍ ആക്രമണം നടത്തിയതെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. പുടിന്റെ പ്രസ്താവനക്ക് പിന്നാലെ ആയിരക്കണക്കിന് കിലോ മീറ്റര്‍ പ്രഹരശേഷിയുള്ള മിസൈല്‍ ആദ്യമായാണ് പുടിന്‍ പ്രയോഗിക്കുന്നതെന്ന പ്രസ്താവനയുമായി യു.കെ പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മറിന്റെ വക്താവ് രംഗത്തെത്തി. റഷ്യയുടെ അശ്രദ്ധവും നിയമവിരുദ്ധവുമായ അധിനിവേശത്തിനെതിരെ പ്രതിരോധിക്കാനുള്ള സഹായം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം യുക്രൈയ്‌ന് നേരെ ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലാണ് പ്രയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാജ്യത്തിനു നേരെ ഇത്തരം മിസൈല്‍ റഷ്യ പ്രയോഗിക്കുന്നത്. പുതുക്കിയ ആണവനയരേഖയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് യുക്രൈന്‍ ലക്ഷ്യമാക്കിയുള്ള റഷ്യന്‍ ആക്രമണം. കഴിഞ്ഞ ദിവസം അമേരിക്കന്‍ നിര്‍മിത ആയുധങ്ങള്‍ റഷ്യക്കു നേരെ യുക്രൈന്‍ പ്രയോഗിച്ചിരുന്നു.

യുക്രൈനിലെ ഡിനിപ്രോയിലുള്ള തന്ത്രപ്രധാന കെട്ടിടങ്ങള്‍ക്കു നേരെയാണ് റഷ്യ ആക്രമണം നടത്തിയത്. ഡിനിപ്രോയില്‍നിന്ന് 1000 കിലോമീറ്റര്‍ അകലെ റഷ്യയിലെ അസ്ട്രാക്കന്‍ മേഖലയില്‍നിന്നാണ് മിസൈല്‍ തൊടുത്തത്. 5,800 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യത്തിലേക്ക് പ്രയോഗിക്കാവുന്ന ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ ആറ് പതിറ്റാണ്ട് മുമ്പാണ് റഷ്യ വികസിപ്പിച്ചത്. യുക്രൈനും സഖ്യകക്ഷികളായ പാശ്ചാത്യ രാജ്യങ്ങള്‍ക്കമുള്ള ശക്തമായ മുന്നറിയിപ്പായാണ് ഇപ്പോഴത്തെ ആക്രമണം.

പരമ്പരാഗതമായി ആണവ ആയുധങ്ങള്‍ വഹിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍. അതേസമയം മറ്റ് ആയുധങ്ങളും ഇവയ്ക്ക് വഹിക്കാനാകും. രാസായുധമായും ജൈവായുധമായും മിസൈല്‍ പ്രയോഗിക്കാനാകും. ഇതിനു പുറമെ നൂതന സാങ്കേതികവിദ്യയുടെ സഹോയത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്റിപെന്‍ഡെന്റ്‌ലി ടാര്‍ഗറ്റബിള്‍ റീഎന്‍ട്രി വെഹിക്കിളും (എംഐആര്‍വി) റഷ്യ യുദ്ധരംഗത്ത് ഉപയോഗിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് റഷ്യ ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി വ്യാഴാഴ്ച രാവിലെ യുക്രൈന്‍ വ്യോമസേന പ്രസ്താവനയില്‍ പുറത്തുവിട്ടിരുന്നു. അതേസമയം ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ഒഴിഞ്ഞുമാറി. ഇതേക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

യുക്രൈന്‍ യുദ്ധത്തില്‍ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന സൂചന നല്‍കി റഷ്യയുടെ ആണവായുധ നയങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള നിയമത്തില്‍ കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഒപ്പുവെച്ചിരുന്നു. യുദ്ധം 1000 ദിവസം പിന്നിട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു റഷ്യയുടെ നിര്‍ണായകതീരുമാനം. ആണവായുധശേഷിയല്ലാത്ത ഒരു രാജ്യം ആണവശക്തിയായ മറ്റൊരു രാജ്യത്തിന്റെ പിന്തുണയോടെ റഷ്യക്കുനേരേ നടത്തുന്ന ആക്രമണം സംയുക്ത ആക്രമണമായി കണക്കാക്കുമെന്നായിരുന്നു ആണവനയത്തിലെ മാറ്റം.

സുപ്രധാനമായ അത്തരം ആക്രമണങ്ങള്‍ക്കെതിരേ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. റഷ്യയില്‍ യുഎസ് നിര്‍മിത ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈന് അനുമതി നല്‍കിയതിനുപിന്നാലെയാണ് ഭേദഗതി കൊണ്ടുവന്നത്.

അതേസമയം ഇപ്പോഴത്തെ നീക്കങ്ങള്‍ ലോകത്തെ ആശങ്കയിലേക്ക് തള്ളിവിട്ടിരിക്കയാണ്. ആശയുദ്ധഭീതിയിലാണ് ലോകം. റഷ്യ ഉള്‍പ്പെടെ ലോകത്തെ വന്‍ സൈനിക ശക്തികളുടെ വലിയ ആണവ ശേഖരം തന്നെയുണ്ട്. സോവിയറ്റ് യൂണിയന്‍ വിഭജിക്കപ്പെട്ട സമയത്ത് റഷ്യക്കാണ് ഏറ്റവും പ്രധാനപ്പെട്ട ആണവ സംവിധാനങ്ങളും ആണവായുധങ്ങളും ലഭിച്ചത്. അത് കൊണ്ട് തന്നെ ഒരു പക്ഷെ ലോകത്തെ ഏറ്റവുമധികം ആണവായുധങ്ങള്‍ കൈവശമുള്ള രണ്ടാമത്തെ രാജ്യം റഷ്യ തന്നെ ആയിരിക്കാനാണ് സാധ്യത.

ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്‌സ് എന്ന സംഘടനയുടെ കണക്കുകള്‍ പ്രകാരം റഷ്യയുടെ കൈവശം 5580 ആണവായുധങ്ങള്‍ ഉണ്ടെന്നാണ്. ഇവയില്‍ 1200 ഓളം കാലഹരണപ്പെട്ടു പോയിരിക്കുന്നു. എന്നാല്‍ 4380 എണ്ണം ഇപ്പോഴും കാര്യക്ഷമമാണ്. ഇവയില്‍ തന്നെ 1710 എണ്ണം ഇപ്പോള്‍ തന്നെ ഏത് സമയത്തും ആക്രമണം നടത്താന്‍ ഉതകുന്ന തരത്തില്‍ വിന്യസിച്ചിരിക്കുകയാണ്. ഇതില്‍ തന്നെ 870 ആണവായുധങ്ങള്‍ ബാലിസ്റ്റിക് മിസൈലുകളില്‍ ഘടിപ്പിച്ചിരിക്കുകയാണ്. 640 എണ്ണം അന്തര്‍വാഹിനികളിലും 200 എണ്ണം യുദ്ധവിമാനങ്ങളിലും തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ്.

ദീര്‍ഘദൂരത്തിലും ഹ്രസ്വദൂരത്തിലും എല്ലാം തൊടുത്തുവിടാന്‍ കഴിയുന്നവയാണ് ഈ മിസൈല്‍ ശേഖരം. അമേരിക്കയുടെ കൈവശമുള്ളത് 5748 ആണവായുധങ്ങളാണ്. അതായത് ലോകത്തെ ഏറ്റവും വലിയ ആണവായുധ ശേഖരം സ്വന്തമായിട്ടുള്ളത് അമേരിക്കയ്ക്കാണ്. ഇവയില്‍ 1419 എണ്ണം ഏത് നിമിഷവും ആക്രമണത്തിന് സജ്ജമാക്കിയിരിക്കുകയാണ്.

മറ്റുള്ള ഓരോ രാജ്യത്തിന്റെയും കൈവശമുള്ള ആണവായുധങ്ങളുടെ എണ്ണം ഇങ്ങനെയാണ്- ചൈന 500, ഫ്രാന്‍സ് 290, ബ്രിട്ടന്‍ 225, ഇന്ത്യ 172, പാക്കിസ്ഥാന്‍ 170 എന്നിങ്ങനെയാണ്. ഉത്തരകൊറിയയുടെ കൈയ്യില്‍ 50 ആണവായുധങ്ങള്‍ ഉണ്ടെന്നും അവയുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടക്കുന്നതായും പറയപ്പെടുന്നു. റഷ്യയുടെ കൈശമുള്ള ആണവായുധങ്ങള്‍ മൊത്തം ഭാരം ആയിരം ടണ്‍ ആണ്. അതായത് രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയിലെ ഹിരോഷിമയില്‍ വര്‍ഷിച്ച അണുബോംബിന്റെ ആറിരട്ടി വലിപ്പവും ശക്തിയും ഇതിനുണ്ട്. കൂടാതെ റഷ്യ അവരുടെ ഭൂഖണ്ഡാന്തര മിസൈല്‍ ലോഞ്ചറുകളിലാണ് ആണവായുധങ്ങള്‍ ഉറപ്പിച്ചിരിക്കുന്നത്.