- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം ചര്‍ച്ച ചെയ്യില്ല; സാഹചര്യത്തിന് അനുസരിച്ച് പെരുമാറും'; ഇസ്ലാമാബാദിലേക്കുള്ള യാത്ര ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മാത്രമെന്ന് എസ്. ജയശങ്കര്‍; വിദേശകാര്യ മന്ത്രിയുടെ പാക്ക് സന്ദര്‍ശനം ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം
ഷാങ്ഹായ് സഹകരണ സഖ്യത്തിന്റെ ഒരു നല്ല അംഗമാകാനാണ് പോകുന്നത്
ന്യൂഡല്‍ഹി: ഇസ്ലാമാബാദിലേക്ക് പോകുന്നത് ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം ചര്‍ച്ച ചെയ്യാനല്ലെന്നും മറിച്ച് തന്റെ സന്ദര്‍ശനം ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഷാങ്ഹായ് സഹകരണ സഖ്യ (എസ്.സി.ഒ.)ത്തിന്റെ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നവേളയില്‍ പാകിസ്താനുമായി ചര്‍ച്ച നടത്തില്ലെന്ന് എസ് ജയശങ്കര്‍ പറഞ്ഞു.
ഈ സന്ദര്‍ശനം ഒരു ബഹുരാഷ്ട്ര പരിപാടിയുടെ ഭാഗമാണ്. അല്ലാതെ ഇന്ത്യ-പാകിസ്താന്‍ ബന്ധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനല്ല ഞാന്‍ അവിടെ പോകുന്നത്. ഷാങ്ഹായ് സഹകരണ സഖ്യത്തിന്റെ ഒരു നല്ല അംഗമാകാനാണ് അവിടെ പോകുന്നത്,' അദ്ദേഹം ഡല്‍ഹിയില്‍ വ്യക്തമാക്കി. പക്ഷേ ഒരു മര്യാദയുള്ള വ്യക്തി എന്ന നിലയില്‍ സാഹചര്യത്തിന് അനുസരിച്ച് പെരുമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയില്‍ ഐസി സെന്റര്‍ ഫോര്‍ ഗവേണന്‍സ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്ഥാന്‍ ഇന്ത്യ ബന്ധത്തിന്റെ സ്വഭാവം വ്യത്യസ്തമായതിനാല്‍ ധാരാളം മാധ്യമശ്രദ്ധയുണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഈ യാത്ര ഒരു ബഹുരാഷ്ട്ര പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരിക്കും. ഒരിക്കലും ഇന്ത്യ-പാക് ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനല്ല താന്‍ അവിടെ പോകുന്നത്. എസ്സിഒയില്‍ നല്ലൊരു അംഗമാകാനാണ് അവിടെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷാങ്ഹായ് ഉച്ചകോടി ഇത്തവണ ഇസ്ലാമാബാദില്‍ നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എടുത്തുപറഞ്ഞു. കാരണം ഇന്ത്യയെപ്പോലെ പാകിസ്ഥാനും ഈ സംഘത്തില്‍ അടുത്തിടെ അംഗമായതാണ്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പാക്കിസ്ഥാനിലേക്ക് പോകുമെന്ന് വെള്ളിയാഴ്ച എംഇഎ നേരത്തെ അറിയിച്ചിരുന്നു.
ഒക്ടോബര്‍ 15, 16 തീയതികളിലായി ഇസ്ലാമാബാദില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സഖ്യ (എസ്.സി.ഒ.)ത്തിന്റെ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് എസ്. ജയശങ്കര്‍ പാകിസ്താനിലേക്ക് പോകുന്നത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ജയശങ്കറിന്റെ ആദ്യ പാകിസ്താന്‍ സന്ദര്‍ശനമാണിത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തെ അദ്ദേഹം നയിക്കും.
2015-ന് ശേഷം ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ ആദ്യ പാകിസ്താന്‍ സന്ദര്‍ശനമാണിത്. സുഷമ സ്വരാജാണ് അവസാനമായി പാകിസ്താന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി. 2015 ഡിസംബറില്‍ അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവര്‍ ഇസ്ലാമാബാദ് സന്ദര്‍ശിച്ചിരുന്നു.
ഷാങ്ഹായ് സഹകരണ സഖ്യം കൗണ്‍സില്‍ ഓഫ് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ് (സി.എച്ച്.ജി.) നിലവിലെ അധ്യക്ഷസ്ഥാനം പാകിസ്താനാണ്. ഇതോടെയാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന എസ്.സി.ഒ. രാഷ്ട്രതലവന്മാരുടെ യോഗത്തിന് പാകിസ്താന്‍ ആതിഥേയത്വം വഹിക്കുന്നത്. ഇസ്ലാമാബാദില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാകിസ്താന്‍ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്താനില്‍ രാജ്യത്തിന്റെ ഉന്നതനേതാവ് പോകേണ്ടെന്ന ഇന്ത്യയുടെ നയം ഇക്കാര്യത്തിലും തുടരുമെന്നാണറിയുന്നത്. കഴിഞ്ഞവര്‍ഷം കിര്‍ഗിസ്താനിലെ ബിഷ്‌കെക്കില്‍ നടന്ന ഉച്ചകോടിയിലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത്. കശ്മീര്‍ പ്രശ്നവും അതിര്‍ത്തി കടന്നുള്ള ഭീകരവാദവും കാരണം ന്യൂഡല്‍ഹിയും ഇസ്ലാമാബാദും തമ്മിലുള്ള ബന്ധം വഷളായതിനിടയിലാണ് ജയശങ്കറിന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശനം.
2020ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ഷാങ്ഹായ് ഉച്ചകോടിയില്‍, പാക്കിസ്ഥാനെ പ്രതിനിധീകരിച്ചത് വിദേശകാര്യ പാര്‍ലമെന്ററി സെക്രട്ടറിയാണ്. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനായാണ് ഇന്ത്യ ആതിഥേയത്വം വഹിച്ചത്. അന്ന് വിഡിയോ ലിങ്ക് വഴി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് പങ്കെടുത്തിരുന്നു. ഇന്ത്യ, ചൈന, റഷ്യ, പാക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.