- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഒന്നും കാണില്ല! ട്രംപിന്റെ ഓര്‍ഡറില്‍ കണ്ണ് കെട്ടി പ്ലാനറ്റ് ലാബ്‌സ്; പശ്ചിമേഷ്യന്‍ യുദ്ധക്കാഴ്ചകള്ക്ക് 'ഇരുട്ടുവീഴുന്നു'; ഇനി സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവിടില്ലെന്ന് പ്ലാനറ്റ് ലാബ്‌സ്; അമേരിക്കയെ ചൊടിപ്പിച്ചത് ഹൈഫ തുറമുഖത്തും ഇസ്രായേലിലെ എണ്ണ ശുദ്ധീകരണ ശാലകളിലും ഇറാന്‍ മിസൈലുകള്‍ പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായത്
ഇനി ഒന്നും കാണില്ല! ട്രംപിന്റെ ഓര്‍ഡറില്‍ കണ്ണ് കെട്ടി പ്ലാനറ്റ് ലാബ്‌സ്

കാലിഫോര്‍ണിയ: പശ്ചിമേഷ്യയില്‍ ഇസ്രായേലും ഇറാനും തമ്മിലുള്ള പോരാട്ടം അന്തിമഘട്ടത്തിലേക്ക് നീങ്ങവെ, ആകാശക്കാഴ്ചകളില്‍ നിര്‍ണ്ണായക നിയന്ത്രണവുമായി അമേരിക്ക. ലോകത്തെ പ്രമുഖ സ്വകാര്യ ഉപഗ്രഹ ചിത്ര ദാതാക്കളായ പ്ലാനറ്റ് ലാബ്‌സ് പശ്ചിമേഷ്യന്‍ മേഖലയിലെ ഹൈ-റെസല്യൂഷന്‍ ചിത്രങ്ങള്‍ പുറത്തുവിടുന്നത് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടര്‍ന്നാണ് ഈ നീക്കമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
വൈറ്റ് ഹൗസിലെ ക്രോസ് ഹാളില്‍ നടത്തിയ പ്രസംഗത്തില്‍ പശ്ചിമേഷ്യന്‍ യുദ്ധത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ട്രംപ് പങ്കുവെച്ചിരുന്നു. ഹൈഫ തുറമുഖത്തും ഇസ്രായേലിലെ എണ്ണ ശുദ്ധീകരണ ശാലകളിലും ഇറാന്‍ മിസൈലുകള്‍ പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് അമേരിക്കയെയും സഖ്യകക്ഷികളെയും ചൊടിപ്പിച്ചിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭരണകൂടം നല്‍കിയ പ്രത്യേക നിര്‍ദേശത്തെത്തുടര്‍ന്നാണ് പ്ലാനറ്റ് ലാബ്‌സ് ദൃശ്യങ്ങള്‍ പുറത്തുവിടുന്നത് നിര്‍ത്തലാക്കിയത്. വൈറ്റ് ഹൗസിലെ ക്രോസ് ഹാളില്‍ നടത്തിയ പ്രസംഗത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട സുപ്രധാന സൈനിക വിവരങ്ങളും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇറാന്‍ വിക്ഷേപിച്ച മിസൈലുകള്‍ ഇസ്രായേലിലെ ഹൈഫ തുറമുഖത്തും എണ്ണശുദ്ധീകരണ ശാലകളിലും പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിരുന്നു.
ഇതിനുപിന്നാലെയാണ് ഇറാന്റെയും പശ്ചിമേഷ്യയിലെ മറ്റ് സംഘര്‍ഷ മേഖലകളുടെയും ഉയര്‍ന്ന വ്യക്തതയുള്ള ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്നത് കമ്പനി അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചത്. നിശ്ചിത മേഖലകളില്‍ നിന്നുള്ള ഹൈ-റെസല്യൂഷന്‍ ചിത്രങ്ങള്‍ ഇനി മുതല്‍ ലഭ്യമാകില്ല. യുദ്ധം അവസാനിക്കുന്നത് വരെ ഈ നിയന്ത്രണം തുടര്‍ന്നേക്കും. 2026 മാര്‍ച്ച് 9 മുതലുള്ള ചിത്രങ്ങള്‍ക്കാണ് ഈ നിയന്ത്രണം ബാധകമാകുന്നത്. അതീവ ഗുരുതരമായ സാഹചര്യങ്ങളിലും പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളിലും മാത്രമേ ഇനി മുതല്‍ ചിത്രങ്ങള്‍ അനുവദിക്കൂ. ഓരോ അപേക്ഷയും പ്രത്യേകമായി പരിശോധിച്ച ശേഷമായിരിക്കും അനുമതി നല്‍കുക.
ശത്രുരാജ്യങ്ങള്‍ ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് അമേരിക്കന്‍ സൈന്യത്തെയോ സഖ്യകക്ഷികളെയോ ലക്ഷ്യം വെക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍. നേരത്തെ ഈ ചിത്രങ്ങള്‍ ലഭ്യമാക്കുന്നതില്‍ 96 മണിക്കൂര്‍ കാലതാമസം വരുത്തിയിരുന്നത് പിന്നീട് 14 ദിവസമായി വര്‍ധിപ്പിച്ചിരുന്നു. ഇപ്പോഴത് അനിശ്ചിതകാല വിലക്കിലേക്ക് മാറ്റിയിരിക്കുകയാണ്. 2026 ഫെബ്രുവരി 28ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആരംഭിച്ച വ്യോമാക്രമണമാണ് മേഖലയെ യുദ്ധത്തിലേക്ക് നയിച്ചത്. ഇതിന് പിന്നാലെ ഇസ്രായേലിനും ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കും നേരെ ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.
മുന്‍ നാസ ശാസ്ത്രജ്ഞരായ ക്രിസ് ബോപ്പുയിസന്‍, വില്‍ മാര്‍ഷല്‍, റോബി ഷിംഗ്ലര്‍ എന്നിവര്‍ ചേര്‍ന്ന് 2010ല്‍ കാലിഫോര്‍ണിയയില്‍ സ്ഥാപിച്ച സ്വകാര്യ സാറ്റലൈറ്റ് കമ്പനിയാണിത്. ഭൂമിയുടെ ഉപരിതലത്തിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ സഹായിക്കുന്ന നൂറുകണക്കിന് ചെറിയ ഉപഗ്രഹങ്ങള്‍ ഇവര്‍ക്കുണ്ട്. ഓരോ ദിവസവും ഭൂമിയുടെ എല്ലാ ഭാഗങ്ങളും സ്‌കാന്‍ ചെയ്യാന്‍ ശേഷിയുള്ള ലോകത്തിലെ തന്നെ ചുരുക്കം ചില സ്വകാര്യ ഏജന്‍സികളില്‍ ഒന്നാണിത്.
മാക്‌സര്‍, ബ്ലാക്ക് സ്‌കൈ തുടങ്ങിയ പ്രമുഖ ഉപഗ്രഹ ചിത്ര ദാതാക്കളും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. അമേരിക്കന്‍ പ്രതിരോധ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കമ്പനികളായതിനാല്‍, ദേശീയ സുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാരിന്റെ ഇത്തരം നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇവര്‍ ബാധ്യസ്ഥരാണ്. എന്നാല്‍ സംഘര്‍ഷ മേഖലക്ക് പുറത്തുള്ള സ്ഥലങ്ങളുടെ ചിത്രങ്ങള്‍ ലഭ്യമാക്കുന്നതില്‍ മാറ്റമുണ്ടാകില്ലെന്നും കമ്പനി അറിയിച്ചു.


