- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷെയ്ഖ് സഹീനയെ ബംഗ്ലാദേശിന് വിട്ടുകൊടുക്കില്ല; ഹസീനയുടെ വിസാ കാലാവധി നീട്ടി ഇന്ത്യ; നീക്കം തിരിച്ചയക്കാന്‍ ബംഗ്ലാദേശ് സമ്മര്‍ദം തുടരുന്നതിനിടെ
ഷെയ്ഖ് സഹീനയെ ബംഗ്ലാദേശിന് വിട്ടുകൊടുക്കില്ല;
ന്യൂഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി നല്‍കി ഇന്ത്യ. ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കവേയാണ് ഇന്ത്യയുടെ നീക്കം. ഹസീനയടക്കം 96 പേരുടെ പാസ്പോര്‍ട്ട് പുനഃസ്ഥാപിച്ചതായി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ കഴിഞ്ഞദിവസം അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യ വിസാ കാലാവധി നീട്ടിയത്.
16 വര്‍ഷം നീണ്ട അവാമി ലീഗിന്റെ ഭരണം അട്ടിമറിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്. ഹസീനയെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഇന്ത്യയോട് നയതന്ത്രതലത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഹസീനയടക്കം നിരവധി പേര്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണല്‍ അറസ്റ്റ് വാറന്റ് ഇറക്കിയിരുന്നു. ഹസീനയ്ക്ക് പുറമേ മുന്‍മന്ത്രിസഭാംഗങ്ങള്‍, ഉപദേശകര്‍, സൈനികര്‍ എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. നൂറുകണക്കിനാളുകളെ കാണാതായ കേസിലാണിത്. ഹസീനയുടെ പേരില്‍ മൂന്നുകേസുകളാണ് അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണല്‍ എടുത്തത്.
ഫെബ്രുവരി 12-നുമുന്‍പ് ഇവരെ ട്രിബ്യൂണലിനുമുന്‍പില്‍ ഹാജരാക്കണമെന്ന് ഐ.ജി.യോട് ഐ.സി.ടി. നിര്‍ദേശിച്ചു. കേസിന്റെ അടുത്തവാദം ഫെബ്രുവരി 12-നാണ്. ഹസീനയുടെപേരില്‍ ഐ.സി.ടി.യിറക്കുന്ന രണ്ടാമത്തെ അറസ്റ്റുവാറന്റാണ് തിങ്കളാഴ്ചത്തേത്. അവരുടെപേരില്‍ ഐ.സി.ടി. മൂന്നു കേസെടുത്തിട്ടുണ്ട്.
ഹസീനയുടെ മുന്‍ പ്രതിരോധ ഉപദേഷ്ടാവ് താരീഖ് അഹ്‌മദ് സിദ്ദീഖ്, മുന്‍ ഐജി പി ബേനസീര്‍ അഹ്‌മദ് എന്നിവരടക്കം 10 പേര്‍ക്കും വാറന്റുണ്ട്. 11 പേര്‍ക്കെതിരെ ഒക്ടോബറിലിറക്കിയ അറസ്റ്റ് വാറന്റ് നിലനില്‍ക്കെയാണ് ട്രൈബ്യൂണല്‍ വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 12നകം ഷെയ്ഖ് ഹസീനയെയും കൂട്ടരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് ഉത്തരവ്. ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ പതനത്തിലേക്ക് നയിച്ച സംഘര്‍ഷത്തില്‍ 230 ലേറെ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജിവെച്ച ഷെയ്ഖ് ഹസീന ഓഗസ്ത് അഞ്ചു മുതല്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. പിന്നാലെ ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കാന്‍ ബംഗ്ലാദേശ് ആവശ്യപ്പെട്ടിട്ടും ഇന്ത്യ അഭയം നല്‍കുന്നത് തുടരുകയാണ്.