- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭരണമാറ്റമുണ്ടാകാന്‍ യുഎസ് ഗൂഢാലോചന; ലക്ഷ്യം, ബംഗാള്‍ ഉള്‍ക്കടലിനുമേല്‍ അധികാരം; മൃതദേഹ ഘോഷയാത്ര കാണാന്‍ താല്പര്യമില്ല': ഷെയ്ഖ് ഹസീനയുടെ കത്ത്
ന്യൂഡല്‍ഹി: ബംഗ്ലദേശിലെ പ്രക്ഷോഭത്തിനും അട്ടിമറിക്കും പിന്നില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ ഗൂഢാലോചനയാണെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പ് ബംഗ്ലദേശ് ജനതയെ അഭിസംബോധന ചെയ്യാന്‍ തയാറാക്കിയിരുന്ന കുറിപ്പിലാണ് ഹസീനയുടെ ആരോപണം. ഈ പ്രസംഗത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തായത്. ബംഗ്ലാദേശില്‍ നടന്ന സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ അമേരിക്കയാണെന്ന് പ്രസംഗത്തില്‍ ഹസീന കുറ്റപ്പെടുത്തുന്നു. സെന്റ് മാര്‍ട്ടിന്‍സ് ദ്വീപിന്റെ പരമാധികാരം അമേരിക്കയ്ക്ക് കൈമാറാനും ബംഗാള്‍ ഉള്‍ക്കടലില്‍ അവരുടെ അപ്രമാദിത്വം തുടരാനും അനുവദിച്ചിരുന്നെങ്കില്‍ തനിക്ക് ഭരണത്തില്‍ തുടരാന്‍ […]
ന്യൂഡല്‍ഹി: ബംഗ്ലദേശിലെ പ്രക്ഷോഭത്തിനും അട്ടിമറിക്കും പിന്നില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ ഗൂഢാലോചനയാണെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പ് ബംഗ്ലദേശ് ജനതയെ അഭിസംബോധന ചെയ്യാന്‍ തയാറാക്കിയിരുന്ന കുറിപ്പിലാണ് ഹസീനയുടെ ആരോപണം. ഈ പ്രസംഗത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തായത്. ബംഗ്ലാദേശില്‍ നടന്ന സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ അമേരിക്കയാണെന്ന് പ്രസംഗത്തില്‍ ഹസീന കുറ്റപ്പെടുത്തുന്നു.
സെന്റ് മാര്‍ട്ടിന്‍സ് ദ്വീപിന്റെ പരമാധികാരം അമേരിക്കയ്ക്ക് കൈമാറാനും ബംഗാള്‍ ഉള്‍ക്കടലില്‍ അവരുടെ അപ്രമാദിത്വം തുടരാനും അനുവദിച്ചിരുന്നെങ്കില്‍ തനിക്ക് ഭരണത്തില്‍ തുടരാന്‍ സാധിക്കുമായിരുന്നുവെന്നും ഹസീന പ്രസംഗത്തില്‍ ആരോപിക്കുന്നു. ബംഗ്ലാദേശിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന സെന്റ് മാര്‍ട്ടിന്‍ ദ്വീപ് ലഭിക്കുന്നതോടെ, ബംഗാള്‍ ഉള്‍ക്കടലില്‍ യുഎസിന് വലിയ മേല്‍ക്കോയ്മ ലഭിക്കുമായിരുന്നു. പ്രക്ഷോഭകര്‍ തൊട്ടരികെ എത്തിയതോടെയാണ് ഷെയ്ഖ് ഹസീനയ്ക്ക് ജനങ്ങളെ അഭിസംബോധന ചെയ്യാതെ ബംഗ്ലാദേശ് വിടേണ്ടിവന്നത്. പ്രക്ഷോഭകാരികള്‍ ധാക്കയിലെ ഔദ്യോഗിക വസതിയിലേക്ക് എത്തുമെന്ന് ഉറപ്പായതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം അഭിസംബോധനാ പ്രസംഗം ഹസീന ഒഴിവാക്കിയതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
"രാജ്യത്ത് ഭരണമാറ്റമുണ്ടാകാന്‍ യുഎസ് ഗൂഢാലോചന നടത്തി. മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ഞാന്‍ രാജിവച്ചത്. വിദ്യാര്‍ഥികളുെട മൃതദേഹങ്ങള്‍ക്കു മുകളിലൂടെ അധികാരം പിടിച്ചെടുക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അത് ഞാന്‍ അനുവദിക്കില്ല. ഞാന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നു. മതമൗലികവാദികളുടെ കൗശലങ്ങളില്‍ വീണുപോകരുതെന്ന് രാജ്യത്തോട് അപേക്ഷിക്കുകയാണ്. ഇനിയും ബംഗ്ലദേശില്‍ തുടര്‍ന്നാല്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടേക്കാം.'പ്രസംഗത്തില്‍ ഷെയ്ഖ് ഹസീന ആരോപിച്ചു.
'സെന്റ് മാര്‍ട്ടിന്‍ ദ്വീപിന്റെ പരമാധികാരം അടിയറവെക്കുകയും ബംഗാള്‍ ഉള്‍ക്കടലിനുമേല്‍ അധികാരം സ്ഥാപിക്കാന്‍ അമേരിക്കയെ അനുവദിക്കുകയും ചെയ്തിരുന്നെങ്കില്‍ എനിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയുമായിരുന്നു. തീവ്രവാദികളാല്‍ തെറ്റിദ്ധരിക്കപ്പെടരുതെന്ന് എന്റെ രാജ്യത്തെ ജനങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഞാന്‍ രാജ്യത്ത് തുടര്‍ന്നിരുന്നെങ്കില്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടമായേനെ. ഞാന്‍ സ്വയം മാറുകയാണ്. നിങ്ങളായിരുന്നു എന്റെ ബലം. നിങ്ങള്‍ക്കെന്നെ വേണ്ടാതായി, അതിനാല്‍ ഞാന്‍ പോകുന്നു', ഹസീന തുടര്‍ന്നു.
പ്രതീക്ഷ നഷ്ടപ്പെടരുതെന്നും താന്‍ ഉടന്‍ മടങ്ങിവരുമെന്നും അവാമിലീഗിന്റെ പ്രവര്‍ത്തകരോട് ഷെയ്ഖ് ഹസീന തന്റെ പ്രസംഗത്തിലൂടെ പങ്കുവയ്ക്കാന്‍ ഉദ്ദേശിച്ചിരുന്നു. രാജ്യം വിടാനുള്ള തീരുമാനം വളരെ പ്രയാസമേറിയതാണ്. ജനങ്ങള്‍ തന്നെ തിരഞ്ഞെടുത്തതുകൊണ്ടാണ് താന്‍ അവരുടെ നേതാവായി മാറിയത്, ജനങ്ങളായിരുന്നു തന്റെ ശക്തിയെന്നും പ്രസംഗത്തില്‍ ഷെയ്ഖ് ഹസീന പറയാനിരുന്നെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ബംഗ്ലാദേശിലെ ഹിന്ദു വിഭഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേര്‍ കാനഡയില്‍ പ്രതിഷേധ പ്രകടനം നടത്തി. ബംഗ്ലാദേശിലെ ഹിന്ദുക്കളെ സംരക്ഷിക്കുന്നതിന് ഇടക്കാല സര്‍ക്കാരിന്‍മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കനേഡിയന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് നിരവധി പേര്‍ ടൊറന്റോയില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. വലിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിനൊടുവിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പദവി രാജിവെച്ച് രാജ്യം വിടേണ്ടിവന്നത്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ ഭാഗമായി നാനൂറിലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സൈനിക ഹെലികോപ്റ്ററില്‍ രാജ്യം വിട്ട ഷെയ്ഖ് ഹസീന നിലവില്‍ ഇന്ത്യയിലാണ് കഴിയുന്നത്.