ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ച ഷെയ്ക് ഹസീന ഇനി രാഷ്ട്രീയത്തിലേക്ക് മടങ്ങില്ല. മകനും മുന്‍ മുഖ്യഉപദേഷ്ടാവുമായ സാജീബ് വജേദ് ജോയ് ആണ് ബിബിസിയോട് ഇക്കാര്യം പറഞ്ഞത്.

രാജ്യത്തെ പരിഷ്‌കരണ പാതയില്‍ നയിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടും പൊതുജനവികാരം എതിരായതില്‍ നിരാശ പൂണ്ടാണ് രാജി വയ്ക്കാന്‍ തീരുമാനിച്ചതെന്ന് ജോയ് പറഞ്ഞു. ഹസീന അധികാരത്തിലേറുമ്പോള്‍, ഒരു പരാജയപ്പെട്ട രാജ്യമായിരുന്നു ബംഗ്ലാദേശ്. ഒരു ദരിദ്ര രാജ്യമായിരുന്നു. ഏഷ്യയിലെ കുതിച്ചുവരുന്ന കടുവകളില്‍ ഒന്നായാണ് ഇന്നുവരെ ബംഗ്ലാദേശിനെ കണക്കാക്കിയിരുന്നത്, ജോയ് പറഞ്ഞു.
എന്നാല്‍ ഷെയ്ക് ഹസീനയുടെ ഭരണത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും മാത്രമല്ല, പൗരസ്വാതന്ത്രത്തിന് കൂച്ചുവിലങ്ങുന്നതായും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതൊക്കെ ഹസീന കൊണ്ടുവന്ന സാമ്പത്തിക പുരോഗതിക്കും, വികസനേട്ടങ്ങള്‍ക്കും മേല്‍ കരിനിഴല്‍ വീഴ്്ത്തി.

അതേസമയം, മറ്റൊരു രാജ്യത്ത് രാഷ്ട്രീയ അഭയം ലഭിക്കും വരെ ഹസീന ഇന്ത്യയില്‍ തന്നെ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര കലാപം രൂക്ഷമായതിന് പിന്നാലെ പ്രധാനമന്ത്രിപദം രാജിവെച്ച ഹസീന, രാജ്യംവിട്ട് തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയിരുന്നു. ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് പോകാനാണ് അവരുടെ പദ്ധതിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. യു.കെയില്‍ രാഷ്ട്രീയ അഭയം നേടാനാണ് ഹസീനയുടെ നീക്കം. 76-കാരിയായ ഹസീന, സഹോദരി രെഹാനയ്ക്കൊപ്പമാണ് ബംഗ്ലാദേശ് വിട്ടത്. രെഹാനയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട്.

അതേസമയം ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നല്‍കുന്ന വിഷയവുമായി ബന്ധപ്പെട്ട് യു.കെയില്‍നിന്ന് ഇതുവരെ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ലെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഹസീനയുടെ ഇളയ സഹോദരിയാണ് രെഹാന. ഇവരുടെ മകള്‍ തുലിപ് സിദ്ദിഖ്, ബ്രിട്ടിഷ് പാര്‍ലമെന്റിലെ ലേബര്‍ പാര്‍ട്ടിയുടെ അംഗമാണ്.

ഖാലിദ സിയ ജയില്‍ മുക്തയാകും

ഹസീന രാജി വച്ചതിന് പിന്നാലെ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രിയും മുഖ്യപ്രതിപക്ഷ നേതാവുമായ ഖാലിദ സിയയെ വിട്ടയ്ക്കാന്‍ പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദ്ദീന്‍ ഉത്തരവിട്ടു. ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി പ്രതിനിധിയും, ജമാത്തെ ഇസ്ലാമി പ്രതിനിധിയും, സൈനിക മേധാവി ജനറല്‍ വേക്കര്‍ ഉസ് സമനും അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ഡോവലുമായി ഹസീനയുടെ കൂടിക്കാഴ്ച

ഡല്‍ഹിയില്‍ എത്തിയ ബംഗ്ലാദേശ് നേതാവ് ഷെയ്ക് ഹസീന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി വൈകുന്നേരം കൂടിക്കാഴ്ച നടത്തി. യുപിയിലെ ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമസേനാ താവളത്തിലാണ് ഹസിന വിമാനം ഇറങ്ങിയത്. ഡല്‍ഹിയില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയുള്ള ഇവിടെ വച്ചായിരുന്നു ഡോവലുമായി കൂടിക്കാഴ്ച. ഇവിടെയാണ് ബംഗ്ലാദേശ് വ്യോമസേനയുടെ സി130 വിമാനത്തില്‍ ഷെയ്ഖ് ഹസീനയും സഹോദരി ഷെയ്ഖ് രഹാനയും എത്തിയത്.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ട സാഹചര്യമടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി. അക്രമം അതിരൂക്ഷമായ ബംഗ്ലാദേശിലെ സാഹചര്യം അതിര്‍ത്തി രാജ്യമായ ഇന്ത്യക്ക് ഏതെങ്കിലും തരത്തില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ മോദി വിലയിരുത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി പ്രധാനമന്ത്രി ബംഗ്ലാദേശ് സാഹചര്യം ചര്‍ച്ച ചെയ്തു. മോദി ഹസീനയുമായി കൂടിക്കാഴ്ച നടത്തുമോയെന്ന് വ്യക്തമല്ല.
കോണ്‍ഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും ജയശങ്കറുമായി പാര്‍ലമെന്റില്‍ വച്ച് വിഷയം ചര്‍ച്ച ചെയ്തു

ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനനടക്കം കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ കൂട്ടി. ഹൈക്കമ്മീഷനു മുന്നിലെ എല്ലാ ഗേറ്റുകളും ബാരിക്കേഡ് കൊണ്ട് അടച്ചു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരേയും പ്രദേശത്ത് വിന്യസിക്കും. സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യന്‍ പൗരന്‍മാര്‍ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. അതീവ ജാഗ്രത പാലിക്കാന്‍ ബംഗ്ലാദേശിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യാക്കാര്‍ക്കായി ഹെല്‍പ്ലൈന്‍ തുറന്നിട്ടുണ്ട്. നമ്പര്‍ +8801958383679, +8801958383680, +8801937400591.

സംവരണ വിരുദ്ധ പ്രക്ഷോഭം അതിരൂക്ഷ കലാപമായതോടെ ഇന്ന് ഉച്ചക്കാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യംവിട്ടത്. സഹോദരിക്കൊപ്പം സൈനിക വിമാനത്തിലാണ് ഇവര്‍ രാജ്യം വിട്ടത്. ഇവര്‍ ഇന്ത്യയില്‍ അഭയം തേടിയെങ്കിലും ഇന്ത്യയില്‍ അഭയം നല്കില്ലെന്നാണ് സൂചന. ഷെയ്ക് ഹസീന ബെലറൂസിലേക്കോ ലണ്ടനിലേക്കോ പോയെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്.

ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യംവിട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആയിരത്തോളം പ്രക്ഷോഭകര്‍ കര്‍ഫ്യൂ ലംഘിച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചെത്തിയത്. ധാക്കയിലെ തെരുവുകളില്‍ ബംഗ്ലാദേശ് പതാകയുമായി ജനക്കൂട്ടം നിറഞ്ഞിരിക്കുകയാണ്. നാല് ലക്ഷത്തോളം പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹസീനയുടെ ഔദ്യോഗികവസതിയില്‍ അതിക്രമിച്ചു കയറിയവര്‍ ഓഫീസിനുള്ളിലെ സാമഗ്രികള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

14 പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 98 പേരാണ് ഞായറാഴ്ചത്തെ മാത്രം പ്രക്ഷോഭത്തില്‍ രാജ്യത്ത് കൊല്ലപ്പെട്ടത്. ഇരുനൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭകര്‍ക്കെതിരേ ഭരണകക്ഷിയായ അവാമിലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവന്നതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പോരാട്ടമാണ് ഷെയ്ഖ് ഹസിനയുടെ പതനത്തില്‍ കലാശിച്ചത്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ദിവസങ്ങളായി അക്രമാസക്തമായിരുന്നു. ഹസീനയുടെ രാജിക്കായി പ്രതിഷേധക്കാരും അവരെ നേരിടാന്‍ ഭരണകക്ഷിയായ അവാമി ലീഗ് പ്രവര്‍ത്തകരും തെരുവില്‍ നിരവധി തവണ ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലില്‍ ഇന്നലെ നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 14 പേര്‍ പൊലീസുകാരാണ്. സംഘര്‍ഷം നേരിടാന്‍ ബംഗ്ലാദേശില്‍ രാജ്യവ്യാപകമായി അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലേക്കും അവിടെനിന്നുമുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കി എയര്‍ ഇന്ത്യ. രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കടുത്തതിന് പിന്നാലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിട്ടിരുന്നു. പിന്നീടവര്‍ സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തി.

ബംഗ്ലാദേശില്‍ രൂപംകൊണ്ടിരിക്കുന്ന സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലേക്കും അവിടെനിന്നുമുള്ള മുഴുവന്‍ സര്‍വീസുകളും അടിയന്തരമായി റദ്ദാക്കിയെന്നും സാഹചര്യം തുടര്‍ച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും വിമാനക്കമ്പനി വ്യക്തമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളും എയര്‍ ഇന്ത്യ, എക്‌സില്‍ പങ്കുവെച്ച കുറിപ്പിലുണ്ട്.