ലണ്ടന്‍: എസ്സെക്സിലെ, അഭയാര്‍ത്ഥികളെ താമസിപ്പിച്ച ഹോട്ടലിനു മുന്‍പില്‍ പ്രതിഷേധം തുടരുകയാണ്. അഞ്ചുപേരെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ ഹോട്ടലിനു മുന്നില്‍ നടന്ന പ്രതിഷേധമാണ് വ്യാഴാഴ്ച അക്രമത്തിലേക്ക് വഴിമാറിയത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ഇടയ്ക്കിടെ അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്ന കേന്ദ്രമായി മാറുന്ന എപ്പിംഗിലെ ബെല്‍ ഹോട്ടലിനും മുന്നിലാണ് പ്രതിഷേധം ഇരമ്പുന്നത്. ഒരു അഭയാര്‍ത്ഥി മൂന്ന് ബലാത്സംഗ കേസുകളില്‍ പ്രതിയായ വാര്‍ത്ത വന്നതിനു പിറകെയാണ് ഈ പ്രതിഷേധം ആരംഭിച്ചത്.

എത്യോപ്യയില്‍ നിന്നുള്ള ഹാഡുഷ് ജെര്‍ബെസാല്‍സിയെ കെബാട്ടു എന്ന 38 കാരനാണ് ഒരു 14 കാരിയെ ബലമായി ചുംബിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായത്. സംഭവം നടക്കുന്നതിന് എട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഇയാള്‍ ചെറുയാനത്തില്‍ ചാനല്‍ കടന്ന് ബ്രിട്ടനിലെത്തിയത്. അതിനു ശേഷം 14 ഉം 16 ഉം വയസ്സുള്ള മറ്റ് രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെയും ഇയാള്‍ ലൈംഗികാതിക്രമം ചെയ്തതായി ആരോപണമുണ്ട്. എന്നാല്‍,ഇയാള്‍ കുറ്റങ്ങളെല്ലാം തന്നെ നിഷേധിച്ചിരിക്കുകയാണ്.

സമാധാനപരമായി ആരംഭിച്ച് പിന്നീട് അക്രമത്തിലേക്ക് നീങ്ങിയ വ്യാഴാഴ്ചയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് മൂന്ന് പേരെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം, ആക്രമണങ്ങള്‍ നടത്തി ക്രമസമാധാനം തകര്‍ത്തതിന് മറ്റ് അഞ്ച്‌പേരെ കൂടി അറസ്റ്റ് ചെയ്തതായി എസ്സെസ്‌ക്സ് പോലീസ് സ്ഥിരീകരിച്ചു. ക്രിമിനല്‍ ജസ്റ്റിസ് ആന്‍ഡ് പബ്ലിക് ഓര്‍ഡര്‍ ആക്റ്റ് 1994 ലെ സെക്ഷന്‍ 60 എ എ പ്രകാരം, പ്രതിഷേധത്തിനെത്തുന്നവരോട് മുഖംമൂടി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. വിസമ്മതിച്ചാല്‍ അറസ്റ്റ് ചെയ്യും.

അതേസമം യു കെയില്‍ എത്തുന്ന അഭയാര്‍ത്ഥികള്‍ അയര്‍ലന്‍ഡിലും ബ്രിട്ടനിലും ഒരുപോലെ ആനൂകൂല്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്നതായ റിപ്പോര്‍ട്ട് പുറത്തു വന്നുതും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. യൂറോപ്പിലൂടെ കരമാര്‍ഗ്ഗം സഞ്ചരിച്ച് ഫ്രാന്‍സിലെത്തി, അവിടെ നിന്നും ചാനല്‍ മാര്‍ഗ്ഗം യു കെയില്‍ എത്തിയ അഫ്ഗാന്‍ അഭയാര്‍ത്ഥി സഫര്‍, ജൂണ്‍ 16 ന് ആണ് യു കെയില്‍ അഭയത്തിനുള്ള അപേക്ഷ നല്‍കിയത്. എന്നാല്‍, അഭയാപേക്ഷയില്‍ തീരുമാനം ഉണ്ടാകുന്നതിന് മുന്‍പ് രാജ്യം വിടരുതെന്ന ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം വകവയ്ക്കാതെ ഇയാള്‍ ജൂലായ് 19 ന് മാഞ്ചസ്റ്ററില്‍ നിന്നും ബെല്‍ഫാസ്റ്റിലേക്ക് വിമാനം കയറി എന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അയര്‍ലന്‍ഡില്‍ ഒരു അധിക ആനുകൂല്യത്തിലുള്ള അപേക്ഷ നല്‍കാനാണ് സഫര്‍ എത്തിയത് എന്നാണ് ഐറിഷ് പോലീസിന്റെ ഭാഷ്യം. അതിന്റെ ഫലമായി നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ഇയാളെ അതിര്‍ത്തിയില്‍ തടയുകയും ഡുബ്ലിനിലെ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ഓഫീസില്‍ ഇയാള്‍ക്ക് എത്തിച്ചേരാന്‍ കഴിയാതെ വരികയും ചെയ്തു. യു കെ അസൈലം ആപ്ലിക്കേഷന്‍ റെജിസ്‌ട്രേഷന്‍ കാര്‍ഡ് ഉണ്ടെന്ന് ഇയാള്‍ വെളിപ്പെടുത്തിയതോടെ ഇയാളെ ബ്രിട്ടനിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. ഐറിഷ് അതിര്‍ത്തി കടന്നെത്തുന്ന അനധികൃത കുടീയേറ്റക്കാരെ തടയുന്നതിനായി തയ്യാറാക്കിയ ഓപ്പറേഷന്‍ സോണറ്റ് എന്ന ഓപ്പറേഷന്റെ ഭാഗമായാണ് ഇയാളെ തിരിച്ചയച്ചത്.

രണ്ടു രാജ്യങ്ങളില്‍ നിന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റാനായി അയര്‍ലന്‍ഡിലും അഭയാപേക്ഷ നല്‍കുന്നതിനായിരുന്നു ഇയാള്‍ ഡുബ്ലിനിലേക്ക് പോയതെന്ന് ഐറിഷ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ അഭയാര്‍ത്ഥികളുടെ ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട് എന്ന് വ്യക്തമാക്കിയ പോലീസ് പിടികൂടിയ എട്ട് അഭയാര്‍ത്ഥികളില്‍ ഒരാളായിരുന്നു സഫര്‍ എന്നും പറഞ്ഞു. ഒരു ബസ്സിനകത്തു നിന്നായിരുന്നു ഇവരെ പിടികൂടിയത്. പിടികൂടിയ മറ്റൊരു അഭയാര്‍ത്ഥി ഹസ്സനെ ചോദ്യം ചെയ്തപ്പോള്‍ മനസ്സിലായത് ഇയാള്‍ ബ്രിട്ടനില്‍ അഭയാപേക്ഷ നല്‍കിയിട്ടുണ്ടെന്നും, അവിടെ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട് എന്നുമാണ്. അയര്‍ലന്‍ഡില്‍ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ പ്രകാരം വിതരണം ചെയ്യുന്ന ധന സഹായം കൈപ്പറ്റാനാണ് ഇയാള്‍ എത്തിയതെന്നും വ്യക്തമായി. പാകിസ്ഥാന്‍ പൗരനാണ് ഇയാള്‍.