ലണ്ടന്‍: ബ്രിട്ടീഷ് ജയിലുകളില്‍ അന്തേവാസികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ വിദേശ കുറ്റവാളികളെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുന്നതിനുള്ള ആവശ്യം ശക്തമാവുകയാണ്. നേരത്തേ, ശിക്ഷയുടെ കാലാവധിയുടെ മൂന്നില്‍ രണ്ട് ഭാഗം പൂര്‍ത്തിയാക്കിയ കുറ്റവാളികളെ മോചിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രസ്താവനക്കെതിരെ ഏറെ എതിര്‍പ്പുകളും ഉയര്‍ന്നു വന്നിരുന്നു.

നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകള്‍ കാണിക്കുന്നത് നിലവില്‍ 10,422 വിദേശികള്‍ ജയിലില്‍ കഴിയുന്നുണ്ട് എന്നാണ്. അതായത് മൊത്തം തടവുകാരുടെ എട്ടില്‍ ഒന്ന് വരും ഇത്. ഇതില്‍ 6,632 പേര്‍ ഏതെങ്കിലുമൊക്കെ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരാണ്. ബാക്കിയുള്ളവര്‍ വിചാരണ കാത്ത് കഴിയുന്ന റിമാന്‍ഡ് തടവുകാരും.

ബ്രിട്ടീഷ് അതിര്‍ത്തി നിയമം അനുസരിച്ച്, ഐറിഷ് പൗരനോ ബ്രിട്ടീഷ് പൗരനോ അല്ലാത്ത ഏതൊരു വ്യക്തിയേയും, ഏതെങ്കിലും കുറ്റത്തിന് ആ വ്യക്തി 12 മാസക്കാലമെങ്കിലും ജയില്‍ ശിക്ഷ അനുഭവിക്കാന്‍ ഇടവന്നാല്‍, നാടുകടത്താനുള്ള അധികാരം ഹോം സെക്രട്ടറിക്കുണ്ട്. അതുപോലെ തന്നെ പൊതുസമൂഹത്തിന് ഭീഷണിയാകുമെന്ന് തോന്നിയാല്‍ ബ്രിട്ടീഷ് പൗരത്വമില്ലാത്ത ആരെയും നാടുകടത്താനും കഴിയും. ബ്രിട്ടീഷ് ജയിലുകളില്‍ കഴിയുന്ന 10,000 ല്‍ അധികം വിദേശ തടവുകാരെ നാടുകടത്തുന്നത് ബ്രിട്ടീഷ് സമൂഹത്തിന് പ്രയോജനം ഉണ്ടാകുന്ന കാര്യമാണെന്നായിരുന്നു റിഫോം പാര്‍ട്ടി ഉപനേതാവ് റിച്ചാര്‍ഡ് ടൈസ് പറയുന്നത്.

നിലവില്‍ ബ്രിട്ടീഷ് ജയിലുകളില്‍ ഉള്ള വിദേശ പൗരന്മാരില്‍ ഏറ്റവും അധികം അല്‍ബേനിയക്കാരാണ്. 1,273 അല്‍ബേനിയക്കാരാണ് ബ്രിട്ടീഷ് ജയിലുകളില്‍ ഉള്ളത് 906 തടവുകാരുമായി പോളണ്ട് രണ്ടാം സ്ഥാനത്തും 750 തടവുകാരുമായി റൊമേനിയ മൂന്നാം സ്ഥാനത്തും ഉണ്ട്.