ലണ്ടന്‍: ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വീണ്ടും കോളിളക്കങ്ങള്‍. പാര്‍ട്ടിക്കുള്ളില്‍ സര്‍ കീര്‍ സ്റ്റാര്‍മറുടെ മുഖ്യ എതിരാളിയായി കണക്കാക്കുന്ന ആന്‍ഡി ബേണ്‍ഹാമിന് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ ഒരു വിമത എം പി തയ്യാറായി മുന്നോട്ട് വന്നതോടെ പ്രധാനമന്ത്രി സ്ഥാനത്തിനു നേരെ ഉയരുന്ന വെല്ലുവിളി ശക്തമായിരിക്കുകയാണ്. ഇടതുപക്ഷക്കാരനായ ക്ലൈവ് ലൂയിസ് പറയുന്നത് ജനവിരുദ്ധമായ ബജറ്റുമായി വരുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രധാനമന്ത്രിക്ക് കഴിയും എന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നാണ്. അതേസമയം, വിവിധ തട്ടുകളിലായി പോരടിക്കുന്ന സ്റ്റാര്‍മറുടെ എതിരാളികള്‍ക്ക് ഏകകണ്‌ഠേന ഒരു പകരക്കാരനെ കണ്ടെത്താനയിട്ടില്ല എന്ന വസ്തുതയാണ് സ്റ്റാര്‍മര്‍ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രധാനമന്ത്രിയെ പുറത്താക്കാനുള്ള ഒരു ശ്രമമുണ്ടായാല്‍ പാര്‍ട്ടിയിലെ 80 ല്‍ അധികം എം പിമാര്‍ അതിനെ പിന്തുണയ്ക്കുമെന്നാണ് ചില കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്. ചില മന്ത്രിമാര്‍ പോലും കീര്‍ സ്റ്റാര്‍മറെ മാറ്റി പുതിയ നേതാവിനെ കൊണ്ടു വരുന്നത് ഒരു അനിവാര്യതയായി കണക്കാക്കുന്നു. മാഞ്ചസ്റ്റര്‍ മേയര്‍ ബേണ്‍ഹാമിനെയാണ് മിക്കവരും സ്റ്റാര്‍മര്‍ക്ക് പകരക്കാരനായി കാണുന്നത്. ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ തിരിച്ചടിയുണ്ടായെങ്കിലും, നേതൃസ്ഥാനത്തേക്കുള്ള മത്സരം തുടരാന്‍ തന്നെയാണ് ബേണ്‍ഹാമിന്റെയും തീരുമാനം.

താന്‍ ബേണ്‍ഹാമുമായി ചര്‍ച്ചകള്‍ നടത്തിയതായി ഇന്നലെ ബി ബി സി പൊളിറ്റിക്സ് ലൈവില്‍ സംസാരിക്കവെ ലൂയിസ് പറഞ്ഞിരുന്നു. എന്നാല്‍, നേതൃത്വത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ അദ്ദേഹം തയ്യാറെടുക്കുകയാണോ എന്ന ചോദ്യത്തിന് ലൂയിസ് വ്യക്തമായ ഉത്തരം നല്‍കിയില്ല. അതേസമയം, ബേണ്‍ഹാമിന്, പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നതിന് കളമൊരുക്കുന്നതിനായി നോര്‍വിച്ച് സൗത്ത് നിയോജകമണ്ഡലത്തിലെ എം പി സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് ഈ ചോദ്യം താന്‍ സ്വയം ചോദിച്ചെന്നും, ഭാര്യയുമായി ചര്‍ച്ച ചെയ്യണമെന്നും പറഞ്ഞ ലൂയിസ്, പാര്‍ട്ടിയിഏക്കാള്‍ വലുത് രാജ്യവും, സ്വന്തം ആഗ്രഹങ്ങളേക്കാള്‍ വലുത് പാര്‍ട്ടിയുമാണെന്ന ചിന്തയാണെങ്കില്‍, താന്‍ അത് ചെയ്യുമെന്നും പറഞ്ഞു.

തന്റെ എം പി സ്ഥാനം രാജിവെച്ച്, ബേണ്‍ഹാമിന് വഴിയൊരുക്കും എന്നാണ് പറയുന്നത് എന്ന് അവതാരകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, താന്‍ അങ്ങനെ ചെയ്യും എന്നായിരുന്നു ലൂയിസിന്റെ മറുപടി. സര്‍ കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി പദം ഒഴിയണമെന്ന് ഇതുവരെ പരസ്യമായി ആവശ്യപ്പെട്ടിട്ടുള്ള, ലേബര്‍ പാര്‍ട്ടിയിലെ ഒരേയൊരു എം പി ലൂയിസ് ആണ്. ഏതായാലും, താന്‍ നല്‍കിയത് ഒരു സൈദ്ധാന്തികമായ മറുപടി ആയിരുന്നെന്നും തികച്ചും സാങ്കല്പികമായ ഒരു ചോദ്യത്തിന് അതേ രീതിയില്‍ മറുപടി പറയുകയായിരുന്നു എന്നും പറഞ്ഞ് അദ്ദേഹം വിഷയത്തിന്റെ ഗൗരവം കുറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്.

കുടിയേറ്റ പരിഷ്‌കാരത്തെ അനുകൂലിച്ച് ഹെല്‍ത്ത് സെക്രട്ടറിയും

ഹോം സെക്രട്ടറിയുടെ പുതിയ പദ്ധതി അനൂസരിച്ച് കുടിയേറ്റക്കാരുടെ കുടുംബങ്ങളെ നിര്‍ബന്ധപൂര്‍വ്വം നാട് കടത്തുന്നതിനോട് വ്യക്തിപരമായ യോജിപ്പില്ലെങ്കിലും ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന ശരിയായ ഒരു കാര്യം അതാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. എന്നിരുന്നാലും, ഡെന്മാര്‍ക്ക് മാതൃകയിലുള്ള പദ്ധതിയില്‍ യു കെയില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം നാടുകടത്തുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി ലേബര്‍ എം പിമാര്‍ തന്നെ എതിര്‍ക്കുന്ന ഈ പദ്ധതിയോട് അനുകൂല മനോഭാവമാണൊ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ബ്രിട്ടനില്‍ താമസിക്കാന്‍ അവകാശമില്ലാത്തവരെ നാടു കടത്തുക മാത്രമല്ല, അവര്‍ക്ക് പുതിയ ജീവിതം ആരംഭിക്കുന്നതിനുള്ള അവസരവും നല്‍കുന്നതാണ് ഷബാന മഹ്‌മൂദിന്റെ പദ്ധതി എന്നും എല്‍ ബി സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.അതുകൊണ്ടു തന്നെ നിരബന്ധപൂര്‍വ്വമായ നാടുകടത്തല്‍ കുറവായിരിക്കും. ചില ലേബര്‍ എം പിമാര്‍ ഉയര്‍ത്തിയ ആശങ്കകളോട് ഒരളവ് വരെ അനുഭാവം പുലര്‍ത്തുന്നു എന്നാണ് സ്ട്രീറ്റിംഗിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്.