- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
കോഴിയെ കൊല്ലുന്ന ലാഘവത്തില്‍ അരുംകൊലകള്‍; പുരുഷന്‍മാരെ പ്രത്യേകം മാറ്റി നിര്‍ത്തി വെടിവെച്ചു കൊലപ്പെടുന്നത് പൊട്ടിച്ചിരിച്ചു കൊണ്ട്; സ്ത്രീകളെ കൂട്ടത്തോടെ ബലാത്സംഗം ചെയ്യുന്നു; സുഡാനില്‍ നടക്കുന്നത് മനസ്സാക്ഷി മരവിപ്പിക്കുന്ന അരുംകൊലകള്‍; ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു റെഡ്ക്രോസ്
കോഴിയെ കൊല്ലുന്ന ലാഘവത്തില്‍ അരുംകൊലകള്‍; പുരുഷന്‍മാരെ പ്രത്യേകം മാറ്റി നിര്‍ത്തി വെടിവെച്ചു കൊലപ്പെടുന്നത് പൊട്ടിച്ചിരിച്ചു കൊണ്ട്;
എല്‍ഫാഷര്‍: സുഡാനില്‍ എല്‍ഫാഷര്‍ നഗരത്തില്‍ ആക്രമണം നടത്തിയ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് സാധാരണക്കാരാരായ ജനങ്ങള്‍ക്ക് നേരേ നടത്തിയത് അതിക്രൂരമായ പ്രവൃത്തികള്‍. പുരുഷന്‍മാരെ പ്രത്യേകം മാറ്റി നിര്‍ത്തി വെടിവെച്ചു കൊന്ന ഇവര്‍ സ്ത്രീകളെ കൂട്ടത്തോടെ ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. നഗരത്തിലെ തെരുവുകളില്‍ എങ്ങും മൃതശരീരങ്ങളാണ് കാണപ്പെടുന്നത്. സുഡാനില്‍ ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളില്‍ റെഡ്ക്രോസും ഉത്ക്കണ്ഠ പ്രകടിപ്പിച്ചു.
ആളുകളെ ഇവര്‍ ക്രൂരമായി കൊന്നു തള്ളുന്നതിന്റെ ദൃശ്യങ്ങളും സമൂഹാ മാധ്യമങ്ങളില്‍ വ്യാപകമാണ്. ഈ ദൃശ്യങ്ങളില്‍ അക്രമികള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് ആളുകളെ മെഷീന്‍ ഗണ്‍ ഉപയോഗിച്ച് കൊന്നു തളളുന്നതായും കാണാം. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട നഗരത്തില്‍ ഭക്ഷണവും വെള്ളവുമില്ലാതെ പതിനായിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. 18 മാസത്തെ ഉപരോധം, ബോംബാക്രമണം, പട്ടിണി എന്നിവയ്ക്ക് ശേഷം, ഒക്ടോബര്‍ 26 ന് അര്‍ദ്ധസൈനികരായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് എല്‍-ഫാഷറിന്റെ നിയന്ത്രണം ഏറ്റെടുത്തു.
സുഡാനിലെ പടിഞ്ഞാറന്‍ ഡാര്‍ഫര്‍ മേഖലയിലെ സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രവും ഇവര്‍ തകര്‍ത്തു. ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതും കൊള്ളയടിക്കുന്നതും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതും എല്ലാം ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. സുഡാനിലെ സംഭവവികാസങ്ങളില്‍ അന്താരാഷ്ട്രതലത്തില്‍ വലിയ തോതിലുള്ള എതിര്‍പ്പാണ് ഉയരുന്നത്. മറ്റൊരു വീഡിയോയില്‍ ഒരു വിമത പോരാളി പരസ്യമായി ഒരാളെ വെടിവച്ചുകൊല്ലുന്നത് കാണാം.
കൊല്ലപ്പെടുന്ന വ്യക്തി വെടിയേല്‍ക്കുന്നതിന് മുമ്പ് താന്‍ കീഴടങ്ങിയതായി ആംഗ്യം കാണിക്കുന്നുണ്ട്. ഇയാളെ കൊന്ന വ്യക്തി തുടര്‍ന്ന് ഒരു സഹപ്രവര്‍ത്തകനുമായി പുഞ്ചിരിച്ചു കൊണ്ട് ക്യാമറക്ക് മുന്നില്‍ പോസ് ചെയ്യുന്നുണ്ട്. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ കണക്കനുസരിച്ച്, ഒക്ടോബര്‍ 26 മുതല്‍ 70,000-ത്തിലധികം ആളുകള്‍ അല്‍-ഫാഷിറില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്. നഗരത്തില്‍ ഇപ്പോഴും രണ്ട് ലക്ഷത്തോളം പേര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ആര്‍എസ്എഫിന്റെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നൂറുകണക്കിന് ആയിരിക്കാമെന്നാണ് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നത്. എന്നാല്‍ രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. 2023 ഏപ്രില്‍ പകുതിയോടെയാണ് സുഡാനീസ് സായുധ സേനയും വിമതരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മറ്റൊരു വീഡിയോയില്‍, നിലത്ത് ഇഴഞ്ഞു നടക്കുന്ന ഒരാളെ വെടിവയ്ക്കുന്നതായി കാണാം. ഇവിടെ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ്.
ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം 2023 ഏപ്രില്‍ മുതല്‍ 40,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചില സംഘടനകള്‍ പറയുന്നത് യഥാര്‍ത്ഥ സംഖ്യ 150,000 വരെയാകാം എന്നാണ്. വിമതരുടെ നേതാവായ അബു ലുലുവിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. താന്‍ ആയിരങ്ങളെ കൊന്നതായി ഇയാള്‍ ടിക്ടോക്ക് വീഡിയോയിലൂടെ അവകാശപ്പെട്ടതിന് പിന്നാലെയാണ് പിടിയിലായത്.




