- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമരേിക്കയുമായുള്ള സാമ്പത്തിക, സൈനിക, സുരക്ഷാ സഹകരണങ്ങളുടെ കാലഘട്ടം അവസാനിച്ചു; ഭാവിയില്‍ എന്തെങ്കിലും വ്യാപാര കരാറുകള്‍ ഉണ്ടായാലും തിരിച്ചുപോക്ക് ഉണ്ടാവില്ല; ട്രംപിന്റെ വാഹന തീരുവകള്‍ ന്യായീകരിക്കാനാവാത്തവ; രാജ്യങ്ങള്‍ തമ്മിലുള്ള നിലവിലുള്ള വ്യാപാര കരാറുകളുടെ ലംഘനം'; കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി
ഒട്ടാവോ: യുഎസുമായുള്ള പരമ്പരാഗത ബന്ധം അവസാനിച്ചെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഹനങ്ങള്‍ക്കുള്ള തീരുവ ഉയര്‍ത്തിയതായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്, അമേരിക്കയുമായുള്ള സാമ്പത്തിക, സൈനിക, സുരക്ഷാ സഹകരണങ്ങളുടെ കാലഘട്ടം അവസാനിച്ചതായി അദ്ദേഹം വ്യക്തമാക്കിയത്. കാനഡയുടെയും യുഎസിന്റെയും ബന്ധം പുതിയ ദിശയിലേക്ക് മാറുകയാണെന്നും കാര്‍ണി പ്രതികരിച്ചു.
ട്രംപിന്റെ നിരന്തരമായ തീരുവ യുദ്ധത്തില്‍ പല രാജ്യങ്ങളും എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനിടെയാണ് ഈ അഭിപ്രായപ്രകടനം. അമേരിക്കയിലേക്കുള്ള വാഹന ഇറക്കുമതിക്ക് ട്രംപ് ആസൂത്രണം ചെയ്ത 25 ശതമാനം ലെവി അടുത്ത ആഴ്ച പ്രാബല്യത്തില്‍ വരാനിരിക്കെയാണ് സംഭവവികാസം. ഇത് ഏകദേശം 500,000 തൊഴിലവസരങ്ങളെ പിന്തുണയ്ക്കുന്ന കനേഡിയന്‍ ഓട്ടോ വ്യവസായത്തിനെ വലിയ രീതിയില്‍ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിനുശേഷം, ഏപ്രില്‍ 28ന് കാനഡയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി കാര്‍ണി തന്റെ പ്രചാരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്, അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിലെ തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കാന്‍ കാബിനറ്റ് അംഗങ്ങളുടെ യോഗത്തിനായി ഒട്ടാവയിലേക്ക് അദ്ദേഹം മടങ്ങി.
ട്രംപിന്റെ വാഹന തീരുവകള്‍ ന്യായീകരിക്കാനാവാത്തവ ആണെന്നും അത് രാജ്യങ്ങള്‍ തമ്മിലുള്ള നിലവിലുള്ള വ്യാപാര കരാറുകളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയുമായുള്ള ബന്ധം ട്രംപ് ശാശ്വതമായി മാറ്റിമറിച്ചെന്നും ഭാവിയില്‍ എന്തെങ്കിലും വ്യാപാര കരാറുകള്‍ ഉണ്ടായാലും തിരിച്ചുപോക്ക് ഉണ്ടാവില്ലെന്നും അദ്ദേഹം കനേഡിയന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
അമേരിക്കയില്‍ പരമാവധി സ്വാധീനം ചെലുത്തുന്നതും കാനഡയില്‍ ഏറ്റവും കുറഞ്ഞ സ്വാധീനം ചെലുത്തുന്നതുമായ പ്രതികാര വ്യാപാര നടപടികളിലൂടെ തങ്ങള്‍ യുഎസ് തീരുവകളെ നേരിടുമെന്നാണ് കാര്‍ണി അറിയിച്ചത്. 'ഈ പുതിയ താരിഫുകളോടുള്ള ഞങ്ങളുടെ പ്രതികരണം പോരാടുക, സംരക്ഷിക്കുക, നിര്‍മ്മിക്കുക എന്നതാണ്' കാര്‍ണി ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ മാര്‍ച്ച് 14നാണ് ജസ്റ്റിന്‍ ട്രൂഡോയുടെ പകരക്കാരനായി കാര്‍ണിയെ പ്രധാനമന്ത്രിയായി നിയമിച്ചത്. സാധാരണഗതിയില്‍ അധികാരമേറ്റ ഉടന്‍ തന്നെ പുതിയ കനേഡിയന്‍ പ്രസിഡന്റ് യുഎസ് പ്രസിഡന്റുമായി ഒരു ഫോണ്‍ കോള്‍ നടത്താറുണ്ട്, എന്നാല്‍ ട്രംപും കാര്‍ണിയും ഇതുവരെ അത്തരത്തില്‍ സംസാരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
എന്നാല്‍ കഴിഞ്ഞ ദിവസം ഇക്കാര്യവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് കാര്‍ണിയുമായി സംസാരിച്ചുവെന്നും അടുത്ത ദിവസങ്ങളില്‍ തന്നെ ട്രംപുമായുള്ള ചര്‍ച്ച നടക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ട്രംപുമായി സംസാരിക്കാന്‍ തയ്യാറാണെങ്കിലും, കാനഡയോട് ബഹുമാനം കാണിക്കുന്നതുവരെ, പ്രത്യേകിച്ച് ആവര്‍ത്തിച്ചുള്ള അധിനിവേശ ഭീഷണികള്‍ അവസാനിപ്പിക്കുന്നതുവരെ വ്യാപാര കരാറുകളില്‍ ചര്‍ച്ച നടത്തില്ലെന്നാണ് കാര്‍ണി സ്വീകരിച്ചിരിക്കുന്ന നിലപാട്.