കരാക്കാസ്: വെനസ്വേലയുടെ സാമ്പത്തിക നട്ടെല്ലായ എണ്ണമേഖലയില്‍ ദശാബ്ദങ്ങളായി നിലനിന്നിരുന്ന സര്‍ക്കാര്‍ ആധിപത്യത്തിന് അന്ത്യം. രാജ്യത്തിന്റെ എണ്ണസമ്പത്ത് സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുക്കുന്ന പുതിയ നിയമത്തില്‍ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ഒപ്പുവച്ചു. 20 വര്‍ഷത്തിലേറെയായി എണ്ണ വിപണിയില്‍ സര്‍വ്വാധിപത്യം പുലര്‍ത്തിയിരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോളിയോസ് ഡി വെനിസ്വേല എസ് ( PDVSA )ഇതോടെ നിര്‍ണ്ണായക പങ്കാളിയല്ലാതായി മാറും.

ദേശീയ അസംബ്ലി നിയമം പാസാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അമേരിക്കന്‍ ട്രഷറി വകുപ്പ് വെനസ്വേലയ്ക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു എന്നത് ശ്രദ്ധേയമാണ്. ഈ നീക്കത്തോടെ ഷെവ്റോണ്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ ഊര്‍ജ്ജ ഭീമന്മാര്‍ക്ക് വെനസ്വേലന്‍ മണ്ണില്‍ വീണ്ടും സജീവമാകാന്‍ വഴിതെളിഞ്ഞു. ഇരുപത് വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോളിയോസ് ഡി വെനിസ്വേലയാണ് രാജ്യത്തിന്റെ എണ്ണ വ്യവസായത്തില്‍ പൂര്‍ണ നിയന്ത്രണം പുലര്‍ത്തിയിരുന്നത്.

ദേശീയ അസംബ്ലി നിയമം പാസാക്കി രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പ്രസിഡന്റ് റോഡ്രിഗസ് നിയമത്തില്‍ ഒപ്പുവെച്ചു.ഇതിന് തൊട്ടു പിന്നാലെ വെനിസ്വേലയ്‌ക്കെതിരേ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളില്‍ അമേരിക്കന്‍ ട്രഷറി വകുപ്പ് ഇളവുകള്‍ പ്രഖ്യാപിച്ചു. വെനിസ്വേലന്‍ എണ്ണമേഖലയില്‍ അമേരിക്കന്‍ ഊര്‍ജ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാധ്യതകള്‍ വിപുലീകരിക്കുന്നതിന് സഹായകമായ ഇളവുകളാണ് അനുവദിച്ചത്.

എണ്ണ തൊഴിലാളികളുടെയും ഭരണകക്ഷി അനുകൂലികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കുത്തകകള്‍ക്കായുള്ള അമേരിക്കയുടെ ഇളവ് നടപടികളും ഒരേസമയത്ത് തന്നെ വന്നു. എണ്ണ ഖനന മേഖലയിലെ കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് വേണ്ടിയാണ് ട്രംപ് വെനിസ്വേലയില്‍ സൈനിക ആധിപത്യത്തിന് മുതിര്‍ന്നതെന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.

നിയമം പാസാക്കിയ ശേഷം റോഡ്രിഗസ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോവുമായും ഫോണ്‍ സംഭാഷണം നടത്തിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വെനിസ്വേലയില്‍ നിന്നുള്ള കോടിക്കണക്കിന് ബാരല്‍ എണ്ണയുടെ വില്‍പ്പനയും അതില്‍നിന്നുള്ള വരുമാനത്തിന്റെ വിനിയോഗവും എങ്ങനെ നിയന്ത്രിക്കുമെന്നതിനെക്കുറിച്ച് റൂബിയോ അടുത്തിടെ യുഎസ് സെനറ്റില്‍ ഏകപക്ഷീയമായി വിശദീകരിച്ചിരുന്നു. മറ്റൊരു രാജ്യത്തിന്റെ സമ്പത്തിന് മേല്‍ പൂര്‍ണ്ണമായ ഉടമസ്ഥാവകാശം ലഭിച്ചതിന് തുല്യമായ നിയന്ത്രണ പദ്ധതിയാണ് അവതരിപ്പിച്ചത്.

പുതിയ നിയമത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത് പ്രകാരം എണ്ണ ഉല്‍പ്പാദനവും വില്‍പ്പനയും സ്വകാര്യ കമ്പനികള്‍ക്ക് നേരിട്ട് നിയന്ത്രിക്കാനാകും. കമ്പനികള്‍ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും ഒപ്പം അപകടസാധ്യത ഏറ്റെടുത്തും പ്രവര്‍ത്തിക്കണം എന്നു മാത്രമാണ് ഉറപ്പാക്കുന്നത്. ഇവ ഉറപ്പു വരുത്തുന്നതിനായുള്ള സാമ്പത്തികവും സാങ്കേതികവുമായ ശേഷി തെളിയിക്കുന്ന ബിസിനസ് പദ്ധതി അവതരിപ്പിക്കണം. അത് രാജ്യത്തെ എണ്ണ മന്ത്രാലയം അംഗീകരിച്ചാല്‍ മാത്രമേ അനുമതി ലഭിക്കൂ.

എണ്ണ കുഴികള്‍ ഉള്‍പ്പെടെയുള്ള ഹൈഡ്രോകാര്‍ബണ്‍ വിഭവങ്ങളുടെ കേവലമായ ഉടമസ്ഥാവകാശം വെനിസ്വേലന്‍ സര്‍ക്കാരിന് തന്നെയായിരിക്കും. കോര്‍പ്പറേറ്റ് നിക്ഷേപകര്‍ക്ക് ആശ്വാസമായി അര്‍ബിട്രേഷന്‍ വ്യവസ്ഥയിലും മാറ്റം വരുത്തിയിട്ടുണ്ട്. തര്‍ക്കങ്ങള്‍ വെനിസ്വേലന്‍ കോടതികളില്‍ മാത്രം പരിഹരിക്കണമെന്ന വ്യവസ്ഥ നിയമത്തില്‍നിന്ന് ഒഴിവാക്കി.അന്താരാഷ്ട്ര സ്വതന്ത്ര അര്‍ബിട്രേഷന്‍ സംവിധാനങ്ങള്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. ഭാവിയില്‍ ദേശീയവല്‍ക്കരണ ഭീഷണി ഉയര്‍ന്നാല്‍ സംരക്ഷണം ലഭിക്കുമെന്ന ഉറപ്പ് കൂടി ഇതുവഴി കോര്‍പ്പറേറ്റുകള്‍ക്ക് ഉറപ്പ് നല്‍കുന്നു.

എണ്ണ എക്‌സ്ട്രാക്ഷന്‍ റോയല്‍റ്റി പരമാവധി 30 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്. ഓരോ പദ്ധതിയുടെയും മൂലധന ആവശ്യകത,മത്സരശേഷി തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത് നിരക്ക് നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടാവും. ''രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തന്നെ ഈ നിയമം മാറ്റിമറിക്കും'' എന്നാണ് ദേശീയ അസംബ്ലിയിലെ എണ്ണ കമ്മിറ്റി അധ്യക്ഷന്‍ ഓര്‍ലാന്‍ഡോ കാമാച്ചോ പ്രതികരിച്ചത്. പ്രതിപക്ഷ എംപി ആന്റോണിയോ എക്കാരി നിയമത്തില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. എണ്ണ ഇടപാടുകളുമായി ബന്ധപ്പെട്ട ധനവിനിമയ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന വെബ്‌സൈറ്റ് ആരംഭിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

1998-ല്‍ അധികാരത്തിലെത്തിയ ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അടിസ്ഥാനസ്തംഭമായിരുന്നു എണ്ണമേഖലയിലെ ശക്തമായ സര്‍ക്കാര്‍ നിയന്ത്രണം. 2006-ല്‍ കൊണ്ടുവന്ന നിയമഭേദഗതികള്‍ പ്രകാരം ജഉഢടഅ എല്ലാ പ്രധാന എണ്ണ പദ്ധതികളിലും മുഖ്യ ഓഹരിയുടമയായിരിക്കണം എന്നായിരുന്നു വ്യവസ്ഥ. 1999മുതല്‍2011വരെ ഉയര്‍ന്ന എണ്ണവിലയുടെ പശ്ചാത്തലത്തില്‍ ഏകദേശം981ബില്യണ്‍ ഡോളറിന്റെ വരുമാനം രാജ്യത്തിന് ലഭിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും അധികം എണ്ണ നിക്ഷേപമുള്ള രാജ്യമാണ് വെനസ്വേല. ഇതിന്റെ ഉത്പാദനവും വിതരണവും സര്‍ക്കാര്‍ നിയന്ത്രണത്തിലായത് ഈ മേഖലയിലെ ആഗോള കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് വലിയ ഭീഷണിയും വെല്ലുവിളിയും ഉയര്‍ത്തി. അമേരിക്ക ഉള്‍പ്പെടെ രാജ്യങ്ങള്‍ ഈ സമ്പത്തിന് മേല്‍ കണ്ണുവെച്ച് ദശാബ്ദങ്ങളായി നീക്കം തുടരുകയായിരുന്നു. ഇതിനിടയിലാണ് ട്രംപ് ഭരണ കൂടം തങ്ങളുടെ സൈന്യത്തെ ഉപയോഗിച്ച് രാജ്യത്ത് അതിക്രമിച്ച് കയറിയത്.

വെനസ്വലയുടെ പ്രസിഡന്റിനെയും ഭാര്യയെയും തട്ടിക്കൊണ്ട് പോവുകയും തടവിലിടുകയും ചെയ്തു. മയക്കു മരുന്ന് കാര്‍ട്ടലുകളുമായുള്ള ബന്ധം ആരോപിച്ചാണ് ഈ മേഖലയിലെ രാജ്യങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റത്തിന് ന്യായീകരണം ചമയ്ക്കുന്നത്. ക്യൂബയ്ക്ക് എണ്ണ നല്‍കുന്ന രാജ്യങ്ങള്‍ക്കെതിരെ സമ്പൂര്‍ണ്ണ വ്യാപാര ഉപരോധം പ്രഖ്യാപിച്ചുള്ള ഉത്തരവില്‍ ട്രംപ് ഒപ്പു വെച്ചതും വ്യാഴാഴ്ച, ഇതേ ദിവസം തന്നെയാണ്.