- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത് എന്നത്തേക്കാളും സമ്പന്നരാകാനുള്ള മികച്ച സമയം'; ഓഹരി വിപണിയിലെ ഇടിവിനിടെ നിക്ഷേപകരോട് ട്രംപ്; അമേരിക്കയിലേക്ക് പണം ഒഴുക്കാന്‍ ഇതാണ് ഏറ്റവും അനുയോജ്യമായ സമയമെന്നും യുഎസ് പ്രസിഡന്റ്
വാഷിംങ്ടണ്‍: യു.എസ് ഓഹരി വിപണിയിലെ തകര്‍ച്ചആശങ്കകള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കെ നിക്ഷേപകര്‍ക്ക് മുന്നില്‍ പുതിയ അവകാശവാദവുമായി ഡൊണാള്‍ഡ് ട്രംപ്. ഇത് 'മുമ്പത്തേക്കാള്‍ സമ്പന്നരാകാന്‍' കഴിയുന്ന സമയമാണെന്ന അവകാശവാദവുമായാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തിയത്. വ്യാപകമായ താരിഫുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഓഹരി വിപണി കൂപ്പുകുത്തുന്നതിനാല്‍ അമേരിക്കയിലേക്ക് പണം ഒഴുക്കാന്‍ ഇതാണ് ഏറ്റവും അനുയോജ്യമായ സമയമെന്ന് ട്രംപ് വെള്ളിയാഴ്ച നിക്ഷേപകരോട് ആഹ്വാനം ചെയ്തു.
കോവിഡ് മഹാമാരിക്കുശേഷം യു.എസ് ഓഹരി വിപണി ഒരു ദിവസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഇടിഞ്ഞ ദിവസമായി വ്യാഴാഴ്ച. ശനിയാഴ്ച മുതല്‍ എല്ലാ രാജ്യങ്ങള്‍ക്കും 10ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയില്‍ ഉടനടി ഇടിവ് അനുഭവപ്പെട്ടു. ചില ഏഷ്യന്‍ രാജ്യങ്ങളിലും ബുധനാഴ്ച മുതല്‍ യൂറോപ്യന്‍ യൂനിയനിലും കൂടുതല്‍ കടുത്ത തീരുവകള്‍ ഏര്‍പ്പെടുത്തി. ഏപ്രില്‍ 10 മുതല്‍ എല്ലാ യു.എസ് ഉല്‍പന്നങ്ങള്‍ക്കും 34 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ചൈന പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വിപണിയിലെ ഇടിവ് കൂടുതല്‍ രൂക്ഷമായി.
വാള്‍സ്ട്രീറ്റിലെ പരിഭ്രാന്തിക്കിടയിലും വെള്ളിയാഴ്ച രാവിലെ ട്രംപ് 'ട്രൂത്ത് സോഷ്യലി'ല്‍ ഒരു പോസിറ്റീവ് സന്ദേശം നല്‍കി. 'അമേരിക്കയിലേക്ക് വരുന്നതും വന്‍തോതില്‍ പണം നിക്ഷേപിക്കുന്നതുമായ നിരവധി നിക്ഷേപകര്‍ക്ക്, എന്റെ നയങ്ങള്‍ ഒരിക്കലും മാറില്ല. ഇത് മുമ്പത്തേക്കാള്‍ സമ്പന്നരാകാനുള്ള ഒരു മികച്ച സമയമാണ്!' എന്നായിരുന്നു അത്. അനിശ്ചിതത്വത്തിന്റെ ഈ കാലഘട്ടത്തില്‍ ചെയ്യേണ്ട ശരിയായ കാര്യമാണിതെന്ന് തോന്നുന്നുവെന്നും നിക്ഷേപകരോട് ട്രംപ് പറഞ്ഞു.
എന്നാല്‍, ട്രംപിന്റെ പ്രോത്സാഹനത്തോട് വിപണിയില്‍നിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല. ഡൗ, നാസ്ഡാക്ക്, എസ് & പി 500 എന്നിവ വെള്ളിയാഴ്ചയും ഇടിവ് തുടര്‍ന്നു. ആദ്യമായി പരസ്യമായി ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയിട്ടിരുന്ന ക്ലാര്‍ന, സ്റ്റബ്ഹബ് എന്നീ കമ്പനികള്‍ സാമ്പത്തിക അനിശ്ചിതത്വത്തിന് മറുപടിയായി പദ്ധതികള്‍ വൈകിപ്പിച്ചതായി സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ആവേശത്തിന് വിപരീതമായി ട്രംപിന്റെ താരിഫുകള്‍ ഉയര്‍ന്ന പണപ്പെരുപ്പത്തിനും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാക്കാനും സാധ്യതയുണ്ടെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവല്‍ പ്രസ്താവിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങള്‍ക്ക് പകരച്ചുങ്കം പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോളതലത്തില്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ലോകമെമ്പാടുമുള്ള അഞ്ഞൂറോളം കോടീശ്വരന്മാരുടെ ആസ്തിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് ഒരു ദശകത്തിനിടെയിലുള്ള ഏറ്റവും വലിയ ഇടിവാണെന്നും ഏകദേശം 208 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഇവര്‍ക്കുണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്. കോവിഡിന് ശേഷമുണ്ടായ ഏറ്റവും വലിയ ഇടിവാണിതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഏറ്റവുമധികം ബാധിച്ചതും അമേരിക്കന്‍ കോടീശ്വരന്മാരെ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ട്രംപിന്റെ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടായി. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഓഹരി സൂചികയായ എഫ്.ടി.എസ്.ഇ-100 ലും ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ദിവസമാണ് എഫ്.ടി.എസ്.ഇ- 100 ന് നേരിടേണ്ടി വന്നത്. നൂറ്് 100 കമ്പനികളെ ഉള്‍പെടുത്തി 1984 ജനുവരി മൂന്നിനാണ് ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയത്.
യുകെയുടെ ബ്ലൂ ചിപ്പ് സൂചിക 4.86 ശതമാനം ഇടിഞ്ഞു. 2020 മാര്‍ച്ച് 27 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇത്. തങ്ങള്‍ക്ക് മേല്‍ പകരച്ചുങ്കം പ്രഖ്യാപിച്ചതിന് തിരിച്ചടിയായി ചൈന അമേരിക്കയുടെ മേല്‍ 34 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയത് വലിയ തിരിച്ചടിയായി മാറുകയാണ്. എന്നാല്‍ ചൈന ചെയ്തത് തെറ്റായ കാര്യമാണെന്നും അത് കൊണ്ട് തന്നെ അവര്‍ പരിഭ്രമിച്ചിരിക്കുകയാണെന്നും ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. നേരത്തേ ബ്രിട്ടന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ താരിഫുകളില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ സന്തുഷ്ടനാണെന്ന ട്രംപ് കളിയാക്കിയിരുന്നു.