- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലും എംഐടിയിലും നടന്ന വെടിവയ്പ്പ്: ഗ്രീന്‍ കാര്‍ഡ് ലോട്ടറി നിര്‍ത്തിവച്ച് ട്രംപ്; വെടിവയ്പ്പു കേസിലെ പ്രതി അമേരിക്കയിലേക്ക് എത്തിയത് ഗ്രീന്‍ കാര്‍ഡ് ലോട്ടറിയിലൂടെ
ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലും എംഐടിയിലും നടന്ന വെടിവയ്പ്പ്
വാഷിങ്ടണ്‍: ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലും എംഐടിയിലും നടന്ന വെടിവയ്പ്പുകളെ തുടര്‍ന്ന് ഗ്രീന്‍ കാര്‍ഡ് ലോട്ടറി പരിപാടി നിര്‍ത്തിവച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിവയ്പ്പു കേസിലെ പ്രതി അമേരിക്കയിലേക്ക് എത്തിയത് ഗ്രീന്‍ കാര്‍ഡ് ലോട്ടറിയിലൂടെയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗ്രീന്‍ കാര്‍ഡ് ലോട്ടറി വിസ താല്‍ക്കാലികമായി നിര്‍ത്തലാക്കുവാനുള്ള തീരുമാനത്തിലേക്ക് ട്രംപ് എത്തിയത്.
ട്രംപിന്റെ നിര്‍ദേശ പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്‌സ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിനോട് പരിപാടി താല്‍ക്കാലികമായി നിര്‍ത്താന്‍ ഉത്തരവിടുകയാണെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം സോഷ്യല്‍ പ്ലാറ്റ്ഫോമായ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഈ ക്രൂരനായ വ്യക്തിയെ നമ്മുടെ രാജ്യത്ത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നും അവര്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനും ഒമ്പത് പേര്‍ക്ക് പരിക്കേറ്റതിനും കാരണമായ വെടിവയ്പ്പിലെ പ്രതി പോര്‍ച്ചുഗീസ് പൗരനായ ക്ലോഡിയോ നെവസ് വാലന്റേനാണ് എന്നാണ് നിഗമനം. ഇയാളെ പിന്നീട് വ്യാഴാഴ്ച വൈകുന്നേരം സ്വയം വെടിവച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2017ലാണ് നെവസ് വാലന്റേ യുഎസില്‍ സ്ഥിര താമസ പദവി നേടിയത്.
വൈവിധ്യ വിസ പ്രോഗ്രാം വഴി, അമേരിക്കയില്‍ പ്രാതിനിധ്യം കുറവുള്ള ആഫ്രിക്ക പോലെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഓരോ വര്‍ഷവും 50,000 ഗ്രീന്‍ കാര്‍ഡുകള്‍ വരെ ലോട്ടറി വഴി ലഭ്യമാക്കുന്നത്. 2025ല്‍ ഗ്രീന്‍ കാര്‍ഡ് വിസ ലോട്ടറിക്ക് അപേക്ഷിച്ചത് ഏകദേശം 20 ദശലക്ഷം ആളുകളാണ്. വിജയികളോടൊപ്പം പങ്കാളികളേയും ഉള്‍പ്പെടുത്തി ഏകദേശം 131,000-ത്തിലധികം പേരെയാണ് ഇത്തരത്തില്‍ തെരഞ്ഞെടുത്തത്.ഇതിന് പുറമേ തെരഞ്ഞെടുക്കപ്പെട്ടവര്‍ യുഎസില്‍ പ്രവേശനം നേടുന്നതിനായി വെറ്റിംഗ് നടത്തുകയും വേണം. പോര്‍ച്ചുഗീസ് പൗരന്മാര്‍ക്ക് ഇത്തരത്തില്‍ ആകെ ലഭിച്ചത് 38 സ്ലോട്ടുകളാണ്.
ഈ പദ്ധതിയെ ട്രംപ് വളരെക്കാലമായി എതിര്‍ത്തിരുന്നു. തങ്ങളുടെ കുടിയേറ്റ നയ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ദുരന്തം മറയാക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് നിലവിലെ നോയിമിന്റെ പ്രഖ്യാപനം.




