ഗാസ: ഗാസയെ അന്താരാഷ്ട്ര പ്രസിദ്ധമായ ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ച കാര്യം. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ അടങ്ങുന്ന പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു. എഐയില്‍ ഭാവിയിലെ ഗാസ എങ്ങനെയാകുമെന്ന ചിത്രങ്ങള്‍ അടക്കം പുറത്തുവിട്ടിരുന്നു. എന്തായാലും ട്രംപ് ഫലസ്തീനികളെ നാടുകടത്താനുള്ള പദ്ധതി ഇപ്പോഴും തയ്യാറാക്കുകയാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഗസ്സയിലുള്ള പത്ത് ലക്ഷം ഫലസ്തീനികളെ ലിബിയയിലേക്ക് മാറ്റാനുള്ള പദ്ധതിയില്‍ ട്രംപ് ഭരണകൂടം പ്രവര്‍ത്തിച്ചു വരികയാണെന്ന് വിവിധ സ്രോതസുകള്‍ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ലിബിയയുടെ നേതൃത്വവുമായി യുഎസ് ഭരണകൂടം ചര്‍ച്ച ചെയ്യുകയും പദ്ധതി ഗൗരവമായി പരിഗണിക്കപ്പെടുകയാണെന്നുമാണ് വാര്‍ത്തയില്‍ പറയുന്നത്.

ഫലസ്തീനികളെ പുനരധിവസിപ്പിക്കുന്നതിന് പകരമായി ഒരു ദശാബ്ദത്തിലേറെ യുഎസ് മരവിപ്പിച്ചിരുന്ന കോടിക്കണക്കിന് ഡോളര്‍ ഫണ്ടുകള്‍ ലിബിയക്ക് വിട്ടുകൊടുക്കാനും സാധ്യതയുണ്ട്. അന്തിമ ധാരണയിലെത്തിയിട്ടില്ലാത്ത പദ്ധതിയെ കുറിച്ച് ഇസ്രായേലിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും ദേശീയ സുരക്ഷാ കൗണ്‍സിലും പദ്ധതിയെ കുറിച്ച് പ്രതികരിച്ചില്ലെങ്കിലും റിപോര്‍ട്ടുകള്‍ അസത്യമാണെന്ന് ഒരു വക്താവ് പറഞ്ഞു. പദ്ധതിയെ കുറിച്ച് ഇസ്രായേല്‍ സര്‍ക്കാരിന്റെ പ്രതിനിധികളും അഭിപ്രായം പറയാന്‍ വിസമ്മതിച്ചു.

എന്നാല്‍ ഫലസ്തീനികളെ ലിബിയയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ബാസെം നയിം പറഞ്ഞു. 'ഫലസ്തീനികള്‍ അവരുടെ മാതൃരാജ്യത്തോട് വളരെ ശക്തമായി പ്രതിബദ്ധതയുള്ളവരാണ്. അവര്‍ അവസാനം വരെ പോരാടാനും അവരുടെ ഭൂമി, മാതൃരാജ്യം, കുടുംബങ്ങള്‍, കുട്ടികളുടെ ഭാവി എന്നിവ സംരക്ഷിക്കാന്‍ എന്തും ത്യജിക്കാനും തയ്യാറാണ്.' എന്‍ബിസി ന്യൂസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി നയിം പറഞ്ഞു. 'ഫലസ്തീനികള്‍ എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും തീരുമാനിക്കാന്‍ അവകാശമുള്ള ഒരേയൊരു വിഭാഗം ഫലസ്തീനികള്‍ മാത്രമാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗസ്സയിലെ എത്ര ഫലസ്തീനികള്‍ സ്വമേധയാ ലിബിയയിലേക്ക് പോയി താമസിക്കുമെന്നത് ഒരു തുറന്ന ചോദ്യമാണ്. സൗജന്യ ഭവനം, സ്‌റ്റൈപ്പന്റ് പോലുള്ള സാമ്പത്തിക പ്രോത്സാഹനങ്ങള്‍ നല്‍കുക എന്നതാണ് ഭരണകൂട ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്ത ഒരു ആശയം എന്ന് മുന്‍ യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫലസ്തീനികളെ ലിബിയയിലേക്ക് പുനരധിവസിപ്പിക്കാനുള്ള ഏതൊരു പദ്ധതിയും എപ്പോള്‍ അല്ലെങ്കില്‍ എങ്ങനെ നടപ്പിലാക്കാന്‍ കഴിയും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അവ്യക്തമാണ്. കൂടാതെ 1 ദശലക്ഷം ആളുകളെ വരെ അവിടെ പുനരധിവസിപ്പിക്കാനുള്ള ശ്രമത്തിന് കാര്യമായ തടസ്സങ്ങള്‍ നേരിടേണ്ടിവരും.

ലിബിയയില്‍ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് മുഅമ്മര്‍ ഗദ്ദാഫിയെ അട്ടിമറിച്ചിട്ട് ഏകദേശം 14 വര്‍ഷം കഴിയുമ്പോഴും ലിബിയ ഇപ്പോഴും രാഷ്ട്രീയ അസ്ഥിരതയിലും ആഭ്യന്തര സംഘര്‍ഷങ്ങളിലും വലയുകയാണ്. അബ്ദുള്‍ ഹമീദ് ദ്ബീബയുടെ നേതൃത്വത്തില്‍ പടിഞ്ഞാറും ഖലീഫ ഹഫ്താറിന്റെ നേതൃത്വത്തില്‍ കിഴക്കും തീര്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ലിബിയയുടെ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

ഗാസ മുനമ്പ് ഏറ്റെടുക്കാന്‍ യു.എസ് തയ്യാറാണെന്നാണ് ട്രംപ് നേരത്തെ വ്യക്തമാക്കിയത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ചരിത്രം തിരുത്തിക്കുറിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കിയിരുന്നു. ഗാസയെ ഏറ്റെടുക്കുമെന്നും പുനര്‍നിര്‍മാണം നടത്തുമെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പ്രദേശത്തെ എല്ലാ ആയുധങ്ങളും ബോംബുകളും നിര്‍വീര്യമാക്കി സാമ്പത്തിക ഉന്നമനം കൊണ്ടുവരാന്‍ യു.എസ് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഗാസയെ വാസയോഗ്യമല്ലാതാക്കിയിരിക്കുകയാണെന്നും ഈ മേഖലയില്‍ നിന്ന് പലസ്തീന്‍ ജനത ഒഴിഞ്ഞുപോകണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഗാസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച ആരംഭിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.

'ഗാസയില്‍ യു.എസ് പുതിയ തൊഴിലുകളും ഭവനങ്ങളുമുണ്ടാക്കും. മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാന്‍ ഈ ആശയം പങ്കുവെച്ചപ്പോള്‍ എല്ലാവരും താത്പര്യം പ്രകടിപ്പിച്ചു. ഗാസയുടെ സുരക്ഷയ്ക്കായി യു.എസ് സൈനികരെ അവിടേക്ക് അയക്കേണ്ടി വന്നാല്‍ അതും ചെയ്യും.'-ട്രംപ് വ്യക്തമാക്കി. നിലവിലെ ഗാസയ്ക്ക് ഭാവിയില്ലെന്നും പലസ്തീന്‍ പൗരന്‍മാരെ ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സ്വീകരിക്കണമെന്നും ട്രംപ് ആവര്‍ത്തിച്ചു. ഗാസയുടെ പുനരധിവാസം നടപ്പില്ലാക്കേണ്ടത് അവിടെ ജീവിച്ച് മരിച്ചവരും യുദ്ധം ചെയ്തവരും അല്ലെന്നും ട്രംപ് വ്യക്തമാക്കി.