വാഷിങ്ടണ്‍: തീരുവ ഭീഷണി തുടര്‍ന്ന് ട്രംപ്. 150 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇന്ത്യ ഉള്‍പ്പെടുന്ന ബ്രിക്‌സ് സംഘടനയെ കാണാതായെന്ന് പരിഹസിച്ചു കൊണ്ട് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തുവന്നു. ബ്രിക്‌സ് ഡോളറിനെ തകര്‍ക്കാനാണ് ശ്രമിച്ചത്. ഇതിന് പകരം പുതിയ കറന്‍സി സൃഷ്ടിക്കാനായിരുന്നു അവരുടെ ശ്രമം.

താന്‍ അധികാരത്തിലെത്തിയപ്പോള്‍ ഡോളറിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് 150 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. ബ്രിക്‌സ് രാജ്യങ്ങളുടെ ഉല്‍പന്നങ്ങള്‍ വേണ്ടെന്നും പറഞ്ഞു. ഇതോടെ സംഘടന തകര്‍ന്നുവെന്ന് ട്രംപ് പറഞ്ഞു. തീരുവ ചുമത്തുമെന്ന് പറഞ്ഞതിന് ശേഷം ബ്രിക്‌സിനെ കുറിച്ച് കേട്ടിട്ടില്ല. അവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും ട്രംപ് പറഞ്ഞു.

ഡോളറിനെതിരെ നീങ്ങിയാല്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്കുമേല്‍ 100 ശതമാനം തീരുവ ചുമത്തുമെന്ന് ഫെബ്രുവരി 13നാണ് ട്രംപ് പറഞ്ഞത്. ജനുവരിയില്‍ ഡോളറിന് ബദലയായി പുതിയ കറന്‍സി പുറത്തിറക്കിയാല്‍ വലിയ തീരുവ ബ്രിക്‌സ് രാജ്യങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

2023ല്‍ നടന്ന ബ്രിക്‌സിന്റെ 15ാം സമ്മേളനത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിര്‍ പുടിനാണ് ഡോളറിന് ബദലായി കറന്‍സി പുറത്തിറക്കണമെന്ന നിലപാട് എടുത്ത്. ബ്രിക്‌സ് രാജ്യങ്ങള്‍ ദേശീയ കറന്‍സികള്‍ വികസിപ്പിക്കുകയും ബാങ്കുകള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുകയും വേണമെന്നും പുടിന്‍ പറഞ്ഞു.

അതേസമയം കടുത്ത തീരുവ ഏര്‍പ്പെടുത്തുമെന്നുള്ള ഭീഷണികള്‍ ഉയര്‍ത്തി ആഗോള വ്യാപാരരംഗത്ത് ആശങ്കകള്‍ സൃഷ്ടിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്ക് ആശ്വാസമാകുന്ന പ്രസ്താവനയുമായി രംഗത്തു വന്നിരുന്നു എന്നതും ശ്രദ്ധേയമായി. ചൈനയുമായി ഒരു വ്യാപാര കരാര്‍ സാധ്യമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ചൈനയുമായി ഒരു മികച്ച വ്യാപാര കരാര്‍ സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയത് മുതല്‍ ചൈനയെയും അയല്‍ രാജ്യങ്ങളായ കാനഡ, മെക്‌സിക്കോ എന്നിവരെ ലക്ഷ്യം വെച്ചുകൊണ്ട് വലിയ തോതിലുള്ള തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ഇതൊരു പിന്നാലെ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 10% അധികം കസ്റ്റംസ് തീരുവ ചുമത്താനും ട്രംപ് ഭരണകൂടം തീരുമാനിച്ചു. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. അതിനുപുറമെ ഫാര്‍മസ്യൂട്ടിക്കല്‍സ്, സെമി കണ്ടക്ടറുകള്‍ എന്നിവയ്ക്ക് ഉയര്‍ന്ന തീരുവ ചുമത്തുമെന്നും കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കി. സ്റ്റീലിനും അലുമിനിയത്തിനും തീരുവ കൂട്ടാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു.

ഭീഷണികള്‍ക്ക് പിന്നാലെ കാനഡ , മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ തീരുവ മാര്‍ച്ച് വരെ നിര്‍ത്തിവയ്ക്കുമെന്ന് ട്രംപ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ചൈനയുമായി വ്യാപാര കരാര്‍ സാധ്യമാണെന്ന പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

അമേരിക്ക താരിഫ് ഏര്‍പ്പെടുത്തിയതോടെ കല്‍ക്കരി, ദ്രവീകൃത പ്രകൃതിവാതകം, കാര്‍ഷിക യന്ത്രങ്ങള്‍, വാഹനങ്ങള്‍, എണ്ണ എന്നിവയ്ക്ക് 10% തീരുവ ഏര്‍പ്പെടുത്തുമെന്ന് ചൈനയും പറഞ്ഞിരുന്നു. അമേരിക്ക ചൈനയിലേക്ക് കയറ്റി അയക്കുന്ന ഉല്‍പ്പന്നങ്ങളേക്കാള്‍ കൂടുതല്‍ തുകയ്ക്കുള്ള ഉത്പന്നങ്ങള്‍ ചൈന അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. 295 മില്യണ്‍ ഡോളര്‍ മൂല്യമുള്ള വ്യാപാരമിച്ചമാണ് അമേരിക്കയ്ക്ക് മേല്‍ ചൈനയ്ക്ക് ഉള്ളത്. ഏതെങ്കിലും തരത്തിലുള്ള വ്യാപാര കരാറില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ ഇപ്പോഴുള്ള തീരുവയേക്കാള്‍ കൂടുതല്‍ തീരുവ അമേരിക്ക ചുമത്തുകയാണെങ്കില്‍ അത് ചൈനയ്ക്ക് തിരിച്ചടിയാകും.