വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെതിരായ അധിക്ഷേപം തുടര്‍ന്ന് ഡോണാള്‍ഡ് ട്രംപ്. ശനിയാഴ്ച പെന്‍സില്‍വാനിയയില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. കമല ഹാരിസിനെതിരെ വംശീയ അധിക്ഷേപവുമായാണ് അവര്‍ രംഗത്തുവന്നത്. തനിക്ക് ഹാരിസിനേക്കാളും സൗന്ദര്യം തനിക്കുണ്ടെന്നാണ് ട്രംപിന്റെ പ്രസ്താവന.

ടൈം മാസികയുടെ കൈവശം കമല ഹാരിസിന്റെ നല്ല ചിത്രമുണ്ടായിരുന്നില്ല. അവര്‍ കമലയുടെ ചിത്രം ഒരു ആര്‍ട്ടിസ്റ്റിനെ കൊണ്ട് വരപ്പിക്കുകയാണുണ്ടായത്. ബൈഡന് എന്താണ് സംഭവിച്ചത്. താന്‍ ആദ്യം ബൈഡനെതിരെയാണ് മത്സരിച്ചത്. ഇപ്പോള്‍ ആര്‍ക്കെതിരെയോ മത്സരിക്കുന്നു. ആരാണ് ഈ ഹാരിസെന്നും ഡോണാള്‍ഡ് ട്രംപ് ചോദിച്ചു.

നേരത്തെ കമല ഹാരിസിനെ താന്‍ ബഹുമാനിക്കുന്നില്ലെന്ന് ഡോണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. അവരുടെ ബുദ്ധിയേയും താന്‍ ബഹുമാനിക്കുന്നില്ല.കമല ഹാരിസ് ഏറ്റവും മോശം പ്രസിഡന്റായിരിക്കും. നമ്മള്‍ ജയിക്കേണ്ടത് അത്യാവശ്യമാണെന്ന് താന്‍ കരുതുന്നു. വ്യക്തിപരമായ ആക്രമണം നല്ലതാണെങ്കിലും മോശമാണെങ്കിലും കമല തന്നെ വ്യക്തിപരമായ ആക്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. കമല ഹാരിസിനോട് തനിക്ക് കടുത്ത ദേഷ്യമാണ് ഉള്ളത്. ഈ രാജ്യത്തിനെതിരായ അവര്‍ ചെയ്ത കാര്യങ്ങളെ കുറിച്ചാണ് തനിക്ക് ദേഷ്യം. യു.എസ് ജുഡീഷ്യറി സംവിധാനത്തെ അവര്‍ എനിക്കെതിരെ ഉപയോഗിച്ചുവെന്നും ട്രംപ് ആരോപിച്ചിരുന്നു.

റാലിക്കിടെ മറ്റ് ഡെമോക്രറ്റിക് നേതാക്കള്‍ക്കെതിരെയും ട്രംപ് വ്യക്തിഅധിക്ഷേപങ്ങള്‍ നടത്തിയിരുന്നു. ഡെമോക്രാറ്റിക് എതിരാളിക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്താന്‍ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ട്രംപിന്റെ വംശീയ പരാമര്‍ശങ്ങളും വ്യക്തി അധിക്ഷേപങ്ങളും. രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ആയിരുന്നു ട്രംപിന്റെ പെന്‍സില്‍വാനിയ പ്രസംഗത്തിന്റെ പ്രധാന ശ്രദ്ധാ പോയിന്റ്. എന്നാല്‍ പ്രസംഗം തുടങ്ങിയതിന് പിന്നാലെ ട്രംപ് വ്യക്തിഅധിക്ഷേപങ്ങള്‍ ആരംഭിക്കുകയായിരുന്നു.

പാര്‍ട്ടിയുടെയും ഉപദേശകരുടെയും മുന്നറിയിപ്പുകള്‍ വകവെയ്ക്കാതെ കമല ഹാരിസിനെ 'കമബ്ല,' 'ലിന്‍ കമല', 'ലാഫിന്‍ കമല' തുടങ്ങിയ അധിക്ഷേപകരമായ വിളിപ്പേരുകളിലാണ് ട്രംപ് അഭിസംബോധന ചെയ്യുന്നത്. അതേസമയം പെന്‍സില്‍വാനിയ പോലുള്ള നിര്‍ണായക മണ്ഡലങ്ങളില്‍ കമല ഹാരിസ് പിന്തുണ വര്‍ധിപ്പിക്കുന്നുവെന്നാണ് വിവിധ സര്‍വേ ഫലങ്ങള്‍ കാണിക്കുന്നത്.

യുഎസ് ഇലക്ടറല്‍ കോളേജ് സമ്പ്രദായത്തിന് കീഴില്‍ അന്തിമ ഫലം തീരുമാനിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന മേഖലയാണ് പെന്‍സില്‍വാനിയ. നേരത്തെ ട്രംപിന് വെടിയേറ്റത് പെന്‍സില്‍വാനിയയിലെ പ്രചാരണവേദിയില്‍ വെച്ചായിരുന്നു. ചിക്കാഗോയിലെ ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് പോകുന്നതിന് മുന്‍പായി ഇന്ന് കമലാഹാരിസ് പെന്‍സില്‍വാനിയ സന്ദര്‍ശിക്കും.