റിയാദ്: സിറിയയ്ക്ക് മേലുള്ള എല്ലാ ഉപരോധങ്ങളും അമേരിക്ക പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. സൗദി സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ കാലങ്ങള്‍ക്ക് ശേഷം സിറിയയില്‍ സമാധാനം ഉണ്ടാകാനും വിദേശ നിക്ഷേപത്തിനും അടക്കം കളമൊരുങ്ങും. സൗദി അറേബ്യയുടെ ഇടപെടലാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായി മാറിയത്. ഇക്കാര്യം ട്രംപ വ്യക്തമാക്കുകയും ചെയ്തു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇന്നലെ രാത്രിയാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തുന്ന ട്രംപ് തലസ്ഥനമായ റിയാദില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് മുന്നിലാണ് ഇ്ക്കാര്യം വ്യക്തമാക്കിയത്. സിറിയക്ക് നേരേചൊവ്വേ മുന്നോട്ട് പോകാനുള്ള അവസരം നല്‍കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം എടുത്തതെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനം ആരംഭിക്കുന്നതിനായി ട്രംപ് ഇന്നലെ രാവിലെയാണ് സൗദി തലസ്ഥാനമായ റിയാദില്‍ എത്തിയത്. സിറിയക്ക് മേലുള്ള ഉപരോധം പിന്‍വലിക്കാന്‍ തന്നെ നിര്‍ബന്ധിച്ചത് സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് എന്നാണ് ട്രംപ് വെളിപ്പെടുത്തിയത്. ഇതിന്റെ എല്ലാ ക്രെഡിറ്റും സല്‍മാന്‍ രാജകുമാരനാണ് എന്നും അദ്ദേഹത്തിന്റെ നേതൃഗുണത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ല എന്നുമാണ് ട്രംപ് പറഞ്ഞത്. ഇതിന് താന്‍ സല്‍മാന്‍ രാജകുമാരന് എന്താണ് നല്‍കേണ്ടതെന്നും ട്രംപ് തമാശയായി പറഞ്ഞു.





ട്രംപ് ഈ പ്രഖ്യാപനം നടത്തുന്ന സമയത്ത് സല്‍മാന്‍ രാജകുമാരനും സമീപത്ത് ഉണ്ടായിരുന്നു. സിറിയന്‍ ഉപരോധം നീക്കുമെന്ന പ്രഖ്യാപനത്തെ സൗദി കിരീടാവകാശിയും മന്ത്രിമാരും ലോകത്തെ പ്രമുഖ വ്യക്തികളും ബിസിനസ് പ്രമുഖരും ഉന്നതോദ്യോഗസ്ഥരും അടങ്ങിയ സദസ് എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി സ്വീകരിച്ചു.

നേരത്തേ സന്ദര്‍ശത്തിനായി പുറപ്പെടുന്നതിന് മുമ്പ് സിറിയയുടെ പുതിയ പ്രസിഡന്റായ അഹമ്മദ് അല്‍-ഷറയുമായി കൂടിക്കാഴ്ച നടത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇരു നേതാക്കളും തമ്മില്‍ ബുധനാഴ്ച കാണുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചത്. ഗള്‍ഫ് സന്ദര്‍ശനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ട്രംപിന്റെ കുടുംബത്തിന്റെ വകയായ ട്രംപ് ടവര്‍ സിറിയയിലെ ഡമാസ്‌ക്കസില്‍ പ്രവര്‍ത്തനം തുടങ്ങാനിരിക്കയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രംപ് ടവര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

കൂടാതെ ഉപരോധം പിന്‍വലിക്കുന്നതിന് പകരമായി അമേരിക്കയ്ക്ക് കൂടുതല്‍ ക്രൂഡോയില്‍ നല്‍കാനും സിറിയയുമായി ട്രംപ് ഭരണകൂടം ധാരണയില്‍ എത്തിയിരുന്നു. സിറിയയില്‍ അസദ് ഭരണകൂടത്തിന്റെ ഏകാധിപത്യ നിലപാടുകളുടെ പശ്ചാത്തലത്തിലാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിറിയയില്‍ ഉണ്ടായ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി അസദ് റഷ്യയിലേക്ക് ഒളിച്ചോടുകയായിരുന്നു.





ഉപരോധം പിന്‍വലിക്കുന്നതിനായി സൗദി അറേബ്യയെ കൂടാതെ തുര്‍ക്കിയിലെ എര്‍ദോഗാന്‍ സര്‍ക്കാരും സമ്മര്‍ദ്ദം ചെലുത്തിയതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ പ്രഖ്യാപനത്തെ അവിടയുണ്ടായിരുന്ന ജനങ്ങള്‍ കൈയ്യടികളോടെയാണ് സ്വീകരിച്ചത്. കൂടാതെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ അടുത്തയാഴ്ച തുര്‍ക്കി വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ട്രംപ് അറിയിച്ചു. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളും തുര്‍ക്കിയുമായി ചര്‍ച്ച ചെയ്യാനാണ് അമേരിക്കയുടെ പദ്ധതി.

പുതിയ സിറിയന്‍ പ്രസിഡന്റ് അല്‍-ഷറ റിയാദില്‍ ജനിച്ച് ഡമാസ്‌കസില്‍ വളര്‍ന്ന വ്യക്തിയാണ്. ഇറാഖിന്റെ അധിനിവേശത്തെ തുടര്‍ന്ന് അദ്ദേഹം 2003 ല്‍ അദ്ദേഹം സിറിയയില്‍ നിന്ന് ഇറാഖിലെത്തി തീവ്രവാദി പ്രസ്ഥാനമായ അല്‍ ഖൈ്വദയില്‍ ചേരുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് അല്‍ഷറ സിറിയയിലെ പ്രസിഡന്റ്ാകുന്നത്. ഏതായാലും 25 വര്‍ഷത്തിന് ശേഷമാണ ്ആദ്യമായി ഒരമേരിക്കന്‍ പ്രസിഡന്റും സിറിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താന്‍ പോകുന്നത്.