- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനക്ക് ആശ്വാസം നല്‍കുന്ന നീക്കവുമായി ട്രംപ്; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തിയ നടപടി 90 ദിവസത്തേക്ക് മരവിപ്പിച്ചു; പകരം 30 ശതമാനം തീരുവ ഈടാക്കും; ചൈനയുമായി വ്യാപാര കരാര്‍ ഉടനെന്നും ട്രംപ്; കരാര്‍ ഉണ്ടാക്കിയാല്‍ വര്‍ഷാവസാനത്തില്‍ ചൈനീസ് പ്രസിഡന്റ് അമേരിക്ക സന്ദര്‍ശിക്കുമെന്നും യുഎസ് പ്രസിഡന്റ്
ചൈനക്ക് ആശ്വാസം നല്‍കുന്ന നീക്കവുമായി ട്രംപ്;
വാഷിങ്ടണ്‍: വ്യാപാര യുദ്ധം തുടരവേ ചൈനക്ക് ആശ്വാസം നല്‍കുന്ന നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തിയ നടപടി 90 ദിവസത്തേക്ക് മരവിപ്പിച്ചു. ഇന്ന് മുതലാണ് അധിക നികുതി പ്രാബല്യത്തില്‍ വരേണ്ടത്. ചൈനക്ക് മേല്‍ ഇനി 30 ശതമാനം തീരുവയാണ് ചുമത്തിയിട്ടുള്ളത്. അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്ക് ചൈന 10 ശതമാനം തീരുവ ചുമത്താനുമാണ് തീരുമാനം. ചൈനയുമായുള്ള ചര്‍ച്ചകള്‍ നല്ല നിലയിലാണെന്നും ചൈനയുമായി ഒരു വ്യാപാര കരാര്‍ വളരെ അടുത്തുണ്ടാവുമെന്നും ട്രംപ് പറഞ്ഞു.
യുഎസ് റീട്ടെയിലര്‍മാരുടെ സമ്മര്‍ദ്ദമാണ് ട്രംപിന്റെ മനംമാറ്റത്തിന് കാരണമെന്നാണ് സൂചന. വര്‍ഷാവസാനത്തെ നിര്‍ണായകമായ അവധിക്കാല സീസണിനായി തയ്യാറെടുക്കുന്നതിനിടെയാണ് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ മൂന്നക്ക തീരുവ ഒഴിവാക്കി കൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്. നവംബര്‍ പകുതി വരെ ഉയര്‍ന്ന താരിഫ് ആരംഭിക്കുന്നത് വൈകിപ്പിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. ക്രിസ്മസ് കാലത്ത് അടക്കം അമേരിക്കിയില്‍ രൂക്ഷമായ വിലക്കയറ്റം ഉണ്ടാകാതിരിക്കാനാണ് ഇപ്പോഴത്തെ നീക്കം.
ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുള്‍പ്പെടെ എന്നിവ വലിയ തോതില്‍ അമേരിക്കയിലേക്ക് എത്തുന്നത് ചൈനയില്‍ നിന്നാണ്. നേരത്തെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 145 ശതമാനം വരെ തീരുവ ചുമത്തിയിരുന്നു. ഇതിന് മറുപടിയുമായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ചൈനീസ് തീരുവ 125 ശതമാനമാക്കിയിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യു്ദ്ധത്തിനും വഴിവെച്ചു. നിലവില്‍ - കുറഞ്ഞത് ഇപ്പോഴെങ്കിലും - ചൈനീസ് ഇറക്കുമതികള്‍ക്ക് 30 ശതമാനം തീരുവയും യുഎസ് ഇറക്കുമതികള്‍ക്ക് ചൈനീസ് തീരുവ 10 ശതമാനവും എന്ന നിലയാണ് ഉണ്ടാകുക.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള തനിക്ക് നല്ലബന്ധമാണെന്ന് ട്രംപ് നേത്തെ വ്യക്തമാക്കിയിരുന്നു. യുഎസും ചൈനയും ഒരു വ്യാപാര കരാറിലേക്ക് വളരെ അടുത്തു വരികയാണെന്നും ഒരു കരാര്‍ ഉണ്ടാക്കിയാല്‍ വര്‍ഷാവസാനത്തിന് മുമ്പ് ഷിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ചൈനയ്ക്ക് ആശ്വാസം നല്‍കുന്ന തീരുമാനവുമായി അമേരിക്ക മുന്നോട്ടു പോകുമ്പോള്‍ ഇന്ത്യയുടെ കാര്യത്തില്‍ ഇപ്പോഴു കടുംപിടുത്തം തുടരുകയാണ്.
അതേസമയം താരിഫ് യുദ്ധത്തില്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ട്രംപിന് വിജയമെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം രണ്ടാമതും അമേരിക്കയുടെ പ്രസിഡന്റ് ആയി ചുമതലയേറ്റ ഈ ജനുവരിയില്‍ ഇറക്കുമതി തീരുവയായി ഗവണ്‍മെന്റ് നേടിയ വരുമാനം 9 ബില്യന്‍ ഡോളര്‍ (ഏകദേശം 70,000 കോടി രൂപ) മാത്രമായിരുന്നു. യുഎസ് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി ഹോവാഡ് ലുട്നിക്കിന്റെ അഭിപ്രായപ്രകാരം നിലവില്‍ വരുമാനം 50 ബില്യന്‍ ഭേദിച്ചു; ഏകദേശം 4.4 ലക്ഷം കോടി രൂപ. സ്വപ്നതുല്യമായ കുതിപ്പ്.
ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് ട്രംപ് പകരംതീരുവ അഥവാ റെസിപ്രോക്കല്‍ താരിഫ് പ്രഖ്യാപിച്ചത്. പകരംതീരുവ പിന്നീട് 3 മാസത്തേക്ക് മരവിപ്പിച്ചെങ്കിലും അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതിക്കും 10% അടിസ്ഥാന തീരുവ ചുമത്തുന്നത് നിലനിര്‍ത്തി. ആ മാസം താരിഫ് വരുമാനം 17.4 ബില്യന്‍ ഡോളറിലെത്തി. മേയില്‍ 24 ബില്യന്‍ കടന്നു. ജൂണില്‍ 28 ബില്യനും. ജൂലൈയില്‍ 30 ബില്യന്‍ നേടിയെന്നാണ് കണക്കുകളെങ്കിലും 50 ബില്യന്‍ പിന്നിട്ടുവെന്നാണ് ഹോവാഡ് ലുട്നിക് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്.
ട്രംപ് റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50% തീരുവ ഈ മാസം പ്രാബല്യത്തില്‍ വരികയേയുള്ളൂ.റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുംമേല്‍ കൂടുതല്‍ താരിഫ് ചുമത്താന്‍ മടിക്കില്ലെന്ന് ട്രംപ് ഭീഷണിമുഴക്കിയിട്ടുണ്ട്. ബ്രസീലിന് ട്രംപ് 50% തീരുവ പ്രഖ്യാപിച്ചിരുന്നു. ബ്രസീലും റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യമാണ്. ഇതിന്റെ പേരിലും ബ്രസീലിനുമേല്‍ അധികതാരിഫ് ചുമത്താന്‍ ട്രംപ് തുനിഞ്ഞാല്‍ മൊത്തം താരിഫ് ബാധ്യത 50 ശതമാനത്തിന് മുകളിലാകും. യുഎസ് ഗവണ്‍മെന്റിന് അതുവഴിയുള്ള വരുമാനവും കൂടും.
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് 50% തീരുവ പ്രഖ്യാപിച്ചത് വൈകാതെ പ്രാബല്യത്തില്‍ വരും. ഫലത്തില്‍ യുഎസില്‍ എത്തുന്ന ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിക്കും. ഇതോടെ, ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ വേണ്ടെന്നുവച്ച്, താരിഫ്ഭാരം കുറവുള്ള മറ്റ് രാജ്യങ്ങളെ അമേരിക്കക്കാര്‍ ആശ്രയിക്കും. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് ഇടിയും. ഇന്ത്യന്‍ കമ്പനികളുടെ വരുമാനത്തെ അതു സാരമായി ബാധിക്കും. കനത്ത താരിഫ് ബാധ്യതയുള്ള എല്ലാ രാജ്യങ്ങളും സമാന തിരിച്ചടി ട്രംപിന്റെ താരിഫ് വാശിമൂലം നേരിടും.
അതേസമയം, അമേരിക്കക്കാരെയും താരിഫ് സാരമായി നോവിക്കുന്നുണ്ട്. ട്രംപ് പകരംതീരുവ പ്രഖ്യാപിച്ചശേഷം അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളുടെ ശരാശരി തീരുവ 18.6 ശതമാനത്തിലെത്തി. 1933നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, വസ്ത്രങ്ങളുടെ വില കൂടിയത് 37 ശതമാനമാണ്; ഷൂസിന് 39%. സെമികണ്ടക്ടറുകള്‍ക്ക് ട്രംപ് 100% തീരുവ ഈടാക്കാനൊരുങ്ങുന്നു; ഇറക്കുമതി മരുന്നുകള്‍ക്ക് 250 ശതമാനവും.
തേയില, കാപ്പി, തക്കാളി, ബീഫ്, മീന്‍, ബിയര്‍, മറ്റ് മദ്യം, വൈന്‍ തുടങ്ങിയവയ്ക്കെല്ലാം അമേരിക്കയില്‍ വില കൂടി. കാറുകള്‍ക്കും വില കൂടുന്നത് വില്‍പനയെ ബാധിച്ചു. പല കമ്പനികളുടെയും വരുമാനം ഇടിഞ്ഞു. യുഎസില്‍ തൊഴില്‍മേഖലയെയും താരിഫ് പ്രതിസന്ധി സാരമായി ബാധിക്കുന്നുണ്ട്.
ട്രംപിന്റെ താരിഫ് യുദ്ധം ഫലത്തില്‍ അമേരിക്കയില്‍ വിലക്കയറ്റം കൂടാനും വ്യാപകമായി തൊഴില്‍ നഷ്ടത്തിനും വഴിവയ്ക്കുമെന്നാണ് വിലയിരുത്തല്‍. ഓരോ അമേരിക്കന്‍ കുടുംബവും പ്രതിമാസം ശരാശരി 2,400 ഡോളറിന്റെ (ഏകദേശം രണ്ടുലക്ഷം രൂപ) അധികച്ചെലവ് ഇപ്പോള്‍ നേരിടുന്നുണ്ടത്രെ. അവര്‍ ചെലവുചുരുക്കലിലേക്ക് നീങ്ങിയേക്കാം. ഇത് വൈകാതെ ഉപഭോക്തൃവിപണിയെ മാന്ദ്യത്തിലേക്കും നയിക്കും. ഫലത്തില്‍, താരിഫ് യുദ്ധം അമേരിക്കന്‍ ഗവണ്‍മെന്റും ട്രംപും ജയിക്കുമ്പോള്‍ തോല്‍ക്കുന്നത് അമേരിക്കയുടെ വ്യാപാരിപങ്കാളികളും അമേരിക്കക്കാരും തന്നെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
വ്യാപാര പങ്കാളികള്‍ക്കുമേല്‍ ഏകപക്ഷീയമായി തീരുവയുദ്ധം നടത്തുന്ന ട്രംപിന്റെ നടപടികള്‍ അമേരിക്കയ്ക്കുതന്നെ തിരിച്ചടിയാകുമെന്ന് യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാങ്ക് അഭിപ്രായപ്പെട്ടിരുന്നു. ട്രംപിന്റെ തീരുവനയം ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.