ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിലെ ദോഹയില്‍ ആക്രമണം നടത്തിയ ഇസ്രായേല്‍ ഹൂത്തികളെ ലക്ഷ്യമിട്ടും ആക്രമണം കടുപ്പിച്ചു. യെമനിലും ഇസ്രായേല്‍ ആക്രമണം നടത്തി. സനായിലെ ഹൂത്തി കേന്ദ്രങ്ങളാണ് ആക്രമിച്ചത്. 35 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. ആക്രമണം തുടരുമെന്ന് നെതന്യാഹു അറിയിച്ചു. റമോണ്‍ വിമാനത്താവളം ഹൂത്തികള്‍ ആക്രമിച്ചിരുന്നു. ഇതിന്റെ തിരിച്ചടിയെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം.

സനാക്ക് പുറമെ അല്‍ ജാവ്ഫ് ഗവര്‍ണറേറ്റിലും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഇസ്രായേല്‍ ആക്രമണത്തില്‍ 118 പേര്‍ക്ക് പരിക്കേറ്റതായി യെമന്‍ ആരോഗ്യ മന്ത്രാലയം തന്നെ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പരിക്കേറ്റവരുടെ എണ്ണം ഉയര്‍ന്നേക്കാമെന്നുമാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.

സനയിലെ അല്‍-തഹ്രിര്‍ പരിസരത്തെ വീടുകള്‍, നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള 60-ാം സ്ട്രീറ്റിലെ ഒരു ആശുപത്രി കെട്ടിടം, അല്‍ ജാവ്ഫിലെ ഒരു സര്‍ക്കാര്‍ കോമ്പൗണ്ട് എന്നിവയുള്‍പ്പെടെയുള്ള സിവിലിയന്‍, റെസിഡന്‍ഷ്യല്‍ മേഖലകളിലാണ് ആക്രമണങ്ങള്‍ നടന്നതെന്നും മന്ത്രാലയം അറിയിച്ചു. സനയിലെ അല്‍-സിത്തീന്‍ സ്ട്രീറ്റിലെ ഒരു മെഡിക്കല്‍ സെന്ററിനെ ഇസ്രായേല്‍ ജെറ്റുകള്‍ ലക്ഷ്യമിട്ടതായി യെമന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് കോര്‍പ്പറേഷനും അറിയിച്ചു.

അതേസമയം ഇസ്രായേല്‍ കടന്നുകയറ്റത്തിനെതിരെ എയര്‍ഡിഫന്‍സ് സിസ്റ്റം പ്രവര്‍ത്തിച്ചെന്നും ചില ഇസ്രായേല്‍ യുദ്ധവിമാനങ്ങളെ ചെറുക്കാനായെന്നും ഹൂത്തി സൈനിക വക്താവ് യഹ്യ സാരി അവകാശപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ് ദോഹയ്ക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണം. ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കെത്തിയ ഹമാസ് സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥനുള്‍പ്പെടെ ആറ് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ നെതന്യാഹുവിനെ ട്രംപ് അതൃപ്തി അറിയിച്ചു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ആക്രമിക്കാനുള്ള തീരുമാനം ബുദ്ധിപരമായിരുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ്. ട്രംപ് ചൂണ്ടിക്കാട്ടി. ഹമാസിന് ഓഫീസ് നല്‍കിയത് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ആണെന്ന് ഖത്തര്‍ വ്യക്തമാക്കി.

നെതന്യാഹുവിന്റെ വീണ്ടുവിചാരം ഇല്ലാത്ത നടപടികള്‍ക്ക് മറുപടി പറയിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. വാള്‍സ്ട്രീറ്റ് ജേണലിന്റേതാണ് റിപ്പോര്‍ട്ട്. ആക്രമണം മുന്‍കൂട്ടി അറിയിച്ചില്ലെന്നും ട്രംപ് പറഞ്ഞു. ചുരുങ്ങിയ സമയമേ ലഭിച്ചുള്ളൂവെന്ന് നെതന്യാഹുവും വ്യക്തമാക്കി.