- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രീന്‍ലാന്‍ഡില്‍ കൊടി കുത്താന്‍ തീയതിയും കുറിച്ച് കഴിഞ്ഞു; എതിര്‍ത്താല്‍ പട്ടിണിക്കിടുമെന്ന് ഭീഷണി; ഗ്രീന്‍ലാന്‍ഡിനെ യുഎസ് പ്രദേശമായി ചിത്രീകരിച്ച ഭൂപടം പങ്കുവച്ച് ട്രംപ്; 'യുഎസ് പ്രവിശ്യ'യില്‍ അമേരിക്കന്‍ പതാക ഉയര്‍ത്തുന്ന ചിത്രവും ബോര്‍ഡും പ്രദര്‍ശിപ്പിച്ച് പ്രസിഡന്റ്; തങ്ങളെ പരിഹസിക്കുന്ന പോസ്റ്റ് കണ്ട് ആശങ്കയോടെ നാറ്റോ നേതാക്കള്‍
ഗ്രീന്‍ലാന്‍ഡിനെ യുഎസ് പ്രദേശമായി ചിത്രീകരിച്ച ഭൂപടം പങ്കുവച്ച് ട്രംപ്

വാഷിങ്ടണ്‍: ഗ്രീന്‍ലാന്‍ഡിനെ യുഎസിന്റെ പ്രദേശമായി ചിത്രീകരിച്ച് പുതിയ ഭൂപടം പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ആര്‍ട്ടിക് ദ്വീപിനൊപ്പം കാനഡയെയും വെനസ്വേലയെയും അമേരിക്കന്‍ പ്രദേശങ്ങളായി കാണിക്കുന്ന ഭൂപടം, നാറ്റോ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍)യെ പരിഹസിക്കുന്ന തരത്തിലാണ്.
കാനഡയും വെനസ്വേലയും ഗ്രീന്‍ലാന്‍ഡും അമേരിക്കന്‍ പതാകയുടെ നിറത്തില്‍ അടയാളപ്പെടുത്തിയ ഒരു ഭൂപടമാണ് അദ്ദേഹം പുറത്തുവിട്ടത്. ഇതിനുപുറമെ, ഗ്രീന്‍ലാന്‍ഡില്‍ താന്‍ അമേരിക്കന്‍ പതാക ഉയര്‍ത്തുന്ന ചിത്രത്തിനൊപ്പം 'ഗ്രീന്‍ലാന്‍ഡ് യുഎസ് പ്രവിശ്യ, സ്ഥാപിതം 2026' എന്ന ബോര്‍ഡും അദ്ദേഹം പ്രദര്‍ശിപ്പിച്ചു
ട്രംപ് പങ്കുവെച്ച ഒരു ചിത്രത്തില്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍, യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ തുടങ്ങിയ യൂറോപ്യന്‍ നേതാക്കള്‍ ഓവല്‍ ഓഫീസില്‍ ഇരുന്ന് ഈ പുതുക്കിയ ഭൂപടം വീക്ഷിക്കുന്നതായാണ് കാണിച്ചിരിക്കുന്നത്.
യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് അത്യന്താപേക്ഷിതമാണെന്നാണ് ട്രംപിന്റെ വാദം. ആര്‍ട്ടിക് മേഖലയില്‍ റഷ്യയുടെയും ചൈനയുടെയും സ്വാധീനം വര്‍ദ്ധിക്കുന്നത് തടയാന്‍ ഡെന്മാര്‍ക്കിന് കഴിയില്ലെന്നും, അതിനാല്‍ അമേരിക്ക ഈ പ്രദേശം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. ഇതിനായി ലൂസിയാന ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രിയെ ഗ്രീന്‍ലാന്‍ഡിലേക്കുള്ള പ്രത്യേക ദൂതനായി ട്രംപ് നിയോഗിച്ചിട്ടുണ്ട്. ഈ നീക്കത്തെ എതിര്‍ക്കുന്ന ഡെന്മാര്‍ക്കും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 10% മുതല്‍ 25% വരെ ഇറക്കുമതി തീരുവ (Tariff) ചുമത്തുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കി കഴിഞ്ഞു.
എന്നാല്‍ യൂറോപ്യന്‍ യൂണിയനും നാറ്റോ സഖ്യകക്ഷികളും ട്രംപിന്റെ ഈ നടപടിയെ ശക്തമായി അപലപിച്ചു. 'ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്കുള്ളതല്ല' എന്ന് ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഡെന്മാര്‍ക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തുകയും ഗ്രീന്‍ലാന്‍ഡിന്റെ പ്രതിരോധത്തിനായി സൈനിക വിന്യാസം നടത്തുകയും ചെയ്തിട്ടുണ്ട്.
നേരത്തെ, ഗ്രീന്‍ലാന്‍ഡിനെ ഏറ്റെടുക്കുന്ന വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ വലിയ എതിര്‍പ്പ് കാണിക്കില്ലെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. നാറ്റോ ജനറല്‍ സെക്രട്ടറി മാര്‍ക്ക് റൂട്ടെയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയതായും ട്രംപ് ഒരു ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ വെളിപ്പെടുത്തി. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക 'ഭൂമിയിലെ ഏറ്റവും ശക്തമായ രാജ്യമാണ്' എന്നും അദ്ദേഹം പ്രസ്താവിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഡാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ഈ വിഷയം താന്‍ ഉന്നയിക്കുമെന്ന് ട്രംപ് അറിയിച്ചു. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനെ അധികം എതിര്‍ക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് പദവിയിലേക്ക് തിരിച്ചെത്തിയതിന് ശേഷം ഗ്രീന്‍ലാന്‍ഡിനെ ഒരു യുഎസ് പ്രദേശമാക്കാന്‍ ട്രംപ് ശ്രമിച്ചിരുന്നു. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് ശേഷമാണ് അദ്ദേഹം ഈ ആവശ്യം വീണ്ടും ശക്തമാക്കിയത്. ഗ്രീന്‍ലന്‍ഡിന്റെ തന്ത്രപരമായ സ്ഥാനം കാരണം അത് അമേരിക്കയുടെ ഭാഗമാക്കുന്നത് ദേശീയ സുരക്ഷാ താത്പര്യങ്ങള്‍ക്ക് സഹായകമാകുമെന്നാണ് ട്രംപിന്റെ അവകാശവാദം.


