- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മോദി ഗ്രേറ്റ് ഫ്രണ്ട്'; യു.എസും ഇന്ത്യയും വലിയ കരാറുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തില്‍; ദീപാവലി ആശംസനേര്‍ന്ന് ഡോണള്‍ഡ് ട്രംപ്; വൈറ്റ്ഹൗസില്‍ ആഘോഷം; എഫ്.ബി.ഐ മേധാവി കാഷ് പട്ടേലും രഹസ്യാന്വേഷണ വിഭാഗം മേധാവി തുളസി ഗബ്ബാര്‍ഡും അടക്കം പങ്കെടുത്ത് ആഘോഷം
'മോദി ഗ്രേറ്റ് ഫ്രണ്ട്'; യു.എസും ഇന്ത്യയും വലിയ കരാറുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തില്‍;
വാഷിങ്ടണ്‍: വൈറ്റ്ഹൗസില്‍ ദീപാവലി ആഘോഷിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണില്‍ സംസാരിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. മോദി തന്റെ മഹത്തായ സുഹൃത്താണെന്നും യു.എസും ഇന്ത്യയും വലിയ കരാറുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എസിലെ ഇന്ത്യന്‍ അംബാസിഡര്‍ വിനയ് കാത്രയും എഫ്.ബി.ഐ മേധാവി കാഷ് പട്ടേലും രഹസ്യാന്വേഷണ വിഭാഗം മേധാവി തുളസി ഗബ്ബാര്‍ഡും പരിപാടിയില്‍ പങ്കെടുത്തിരുന്നു. നിങ്ങളുടെ പ്രധാനമന്ത്രിയുമായി ഞാന്‍ സംസാരിച്ചു. മഹത്തായ സംഭാഷണമായിരുന്നു അത്. ഞങ്ങള്‍ വ്യാപാരം സംബന്ധിച്ച് ചര്‍ച്ച നടത്തി. മോദി വളരെ താല്‍പര്യത്തോടെയാണ് കാര്യങ്ങള്‍ കേട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായും പാകിസ്താനുമായും ശത്രുതയില്ലെന്നും യുദ്ധം ചെയ്യില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറക്കുമെന്ന മുന്‍ അവകാശവാദം ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറക്കുമെന്ന് മോദി ഉറപ്പുനല്‍കി. യുക്രെയ്ന്‍-റഷ്യ യുദ്ധം തീരണമെന്നാണ് മോദിയും ആഗ്രഹിക്കുന്നതെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുന്നത് കുറക്കുന്നതോടെ യുക്രെയ്‌നില്‍ സമാധാനം വരുമെന്നും ട്രംപ് പ്രത്യാശപ്രകടിപ്പിച്ചു.
ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ ഇനിയും വലിയ വില കൊടുക്കേണ്ടിവരുമെന്നും നേരത്തെ ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ വര്‍ധിപ്പിച്ച തീരുവ ഇനിയും ഇരട്ടിയാക്കുമെന്നാണ് ഭീഷണി. മോദിയുമായി റഷ്യന്‍ എണ്ണ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ഊര്‍ജ വിഷയത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് മുന്‍ഗണനയെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. ''എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഊര്‍ജം ആവശ്യമായ സാഹചര്യത്തില്‍, ഇന്ത്യക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് മുന്‍ഗണന.
രാജ്യത്തിന്റെ ഇറക്കുമതി നയങ്ങള്‍ പൂര്‍ണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്'' വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ട്രംപ് മറുപടി നല്‍കി. 'അവര്‍ അങ്ങനെയാണ് പറയുന്നതെങ്കില്‍ വന്‍തോതില്‍ തീരുവ നല്‍കുന്നത് തുടരും. അതിന് അവര്‍ ആഗ്രഹിക്കില്ല?'-എന്നായിരുന്നു ട്രംപിന്റെ മറുപടിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.