വാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെത്യനാഹുവുമായുള്ള കൂടിക്കാഴ്ച നടത്താനിരിക്കയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്. ട്രംപ് പ്രസിഡന്റ് ആയാലും പശ്ചിമേഷ്യന്‍ വിഷയങ്ങൡ അമേരിക്കയുടെ നിലപാടുകള്‍ മാറാന്‍ സാധ്യത കുറവാണ്. അതേസമയം നെതന്യാഹുവുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച്ച നടക്കാനിരിക്കെ ഫലസ്തീന്‍ പ്രസിഡന്റിനോട് എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ട്രംപ്.

നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് വേണ്ടി കാത്തിരിക്കുകയാണ്. മിഡില്‍ ഈസ്റ്റില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ടിയുള്ള കൂടുതല്‍ നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പറഞ്ഞു. ജൂലൈ 13ന് ട്രംപിന് നേരെ വധശ്രമമുണ്ടായതിന് പിന്നാലെ ഫലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് അയച്ച കത്തും റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി പങ്കുവെച്ചിട്ടുണ്ട്.

ജൂലൈ 14ന് അയച്ച കത്തില്‍ ട്രംപിന് നേരെ നടന്ന വധശ്രമത്തില്‍ കടുത്ത ആശങ്കയുണ്ടെന്ന് അബ്ബാസ് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കത്ത് പങ്കുവെച്ച് മഹമ്മൂദിന് നന്ദിയറിയിച്ച ട്രംപ് എല്ലാം ശരിയാകുമെന്നും ഫലസ്തീന്‍ പ്രസിഡന്റിനോട് പറഞ്ഞു. താന്‍ ആദ്യം പ്രസിഡന്റായിരുന്ന സമയത്ത് മിഡില്‍ ഈസ്റ്റില്‍ സമാധാനവും സുസ്ഥിരതയും ഉണ്ടായിരുന്നു. നമുക്ക് അത് വീണ്ടെടുക്കണം.

വരുന്ന ആഴ്ചകള്‍ യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായും മറ്റ് ലോകനേതാക്കളുമായും താന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. തന്റെ സമാധാന പദ്ധതി അവര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും. ലോകത്ത് നടക്കുന്ന യുദ്ധങ്ങളും ഈ പോരാട്ടങ്ങളും അവസാനിപ്പിക്കണം. ലക്ഷക്കണക്കിനാളുകളാണ് ഇതില്‍ മരിക്കുന്നത്. ഇത്തരം യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ കമല ഹാരിസിന് ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റ് പുടിനുമായി അടുപ്പമുള്ള ട്രംപ് യുഎസ് പ്രസിഡന്റായാല്‍ യുക്രൈന്‍-റഷ്യ യുദ്ധത്തിനും അറുതിവരുത്താന്‍ ശ്രമിച്ചേക്കും. അതേസമയം സര്‍വേകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപിനേക്കാള്‍ തുടക്കത്തില്‍ മുന്‍തൂക്കം കമല ഹാരിസിനാണ്്. ബൈഡന്റെ പിന്‍മാറ്റത്തോടെയാണ് കമല സ്ഥാനാര്‍ഥിത്വത്തിലേക്ക് എത്തുന്നത്. ഔദ്യോഗികമായി കമല ഹാരിസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ഡെമോക്രാറ്റുകള്‍ക്കിടയില്‍ മൂന്‍തൂക്കം കമലക്ക് തന്നെയാണ്. ബൈഡനായിരുന്നു സ്ഥാനാര്‍ഥിയെങ്കില്‍ ട്രംപ് അനായാസം വിജയിച്ചു കയറുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാല്‍, കമലയുടെ എന്‍ട്രിയോടെ ഈ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ പുറത്തുവന്ന ബന്ധപ്പെട്ട നടന്ന സര്‍വേയില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപിനേക്കാളും മുന്‍തൂക്കം വൈസ് പ്രസിഡന്റ് കമലഹാരിസിനാണ്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതിന് ശേഷം നടത്തിയ ആദ്യ സര്‍വേയിലാണ് കമല ഹാരിസിന് മുന്‍തൂക്കമുണ്ടായത്. റോയിട്ടേഴ്‌സ്/ഇപ്‌സോസ് സര്‍വേ പ്രകാരം കമല ഹാരിസിന് 44 ശതമാനം വോട്ടുകളും ട്രംപിന് 42 ശതമാനം വോട്ടുകളും ലഭിച്ചു. ബൈഡന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് രണ്ടു ദിവസത്തിനകം നടത്തിയ സര്‍വേയുടെ ഫലങ്ങളാണ് റോയിട്ടേഴ്‌സ് പുറത്ത് വിട്ടത്. മുമ്പ് നടത്തിയ സര്‍വേയില്‍ 44 ശതമാനം വോട്ടോടെ ട്രംപും കമല ഹാരിസും ഒപ്പത്തിനൊപ്പമായിരുന്നു.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാനുള്ള പിന്തുണ ലഭിച്ചതായി യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക നാമനിര്‍ദേശം ഉടന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നതായും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അമേരിക്കക്കാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യവും അവകാശങ്ങളും ലഭിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തിലേക്ക് രാജ്യത്തെ തിരികെ കൊണ്ടുപോകാനാണ് റിപ്പബ്ലികന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നതെന്നും കമല ഹാരിസ് കൂട്ടിച്ചേര്‍ത്തു. പ്രസ്താവനയുടെ പകര്‍പ്പ് അവര്‍ 'എക്‌സി'ല്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

ട്രംപിനെ കടന്നാക്രമിച്ചു കൊണ്ടുള്ള പ്രചരണമാണ് കമല ഹാരിസ് നടത്തുന്നത്. ഡെലവെയറിലെ വില്‍മിങ്ടണില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവേയാണ് കമല ഹാരിസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.