ലണ്ടന്‍: ബ്രിട്ടനെ തകര്‍ക്കുന്ന, ചെറുയാനങ്ങളിലുള്ള അനധികൃത കുടിയേറ്റം തടയാന്‍ സൈന്യത്തെ വിന്യസിക്കണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറോട് ആവശ്യപ്പെട്ടു.അനധികൃത കുടിയേറ്റം രാജ്യത്തിനകത്തു നിന്നു തന്നെ രാജ്യത്തെ നശിപ്പിക്കുമെന്ന് ട്രംപ് ഓര്‍മ്മിപ്പിച്ചു. മാത്രമല്ല, അമേരിക്കന്‍ അതിര്‍ത്തികള്‍ അനധികൃത കുടിയേറ്റക്കാരില്‍ നിന്നും സംരക്ഷിക്കാന്‍ തന്റെ നയങ്ങള്‍ക്ക് സാധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടനിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്.

അതോടൊപ്പം തന്നെ പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കിയ കീര്‍ സ്റ്റാര്‍മറുടെ നടപടിയുമായി ശക്തമായി വിയോജിക്കുന്നു എന്നും അദ്ദേഹം തുറന്നടിച്ചു. വടക്കന്‍ കടലിലെ എണ്ണ - പ്രകൃതിവാതക ഖനനം വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം യു കെയോട് ആവശ്യപ്പെട്ടു. അതേസമയം, ട്രംപുമായി കാത്തു സൂക്ഷിക്കുന്ന പ്രത്യേക സൗഹൃദത്തെ കുറിച്ചായിരുന്നു സ്റ്റാര്‍മര്‍ പരാമര്‍ശിച്ചത്. വ്‌ളാഡിമിര്‍ പുടിന്റെ യുക്രെയിന്‍ അധിനിവേശം, സമാധാനം കാംക്ഷിക്കുന്ന ആര്‍ക്കും അനുവദിക്കാവുന്ന ഒന്നല്ലെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. പുടിന്‍ തന്നെ ചതിക്കുകയായിരുന്നു എന്നാണ് ട്രംപ് ഇതിനോട് പ്രതികരിച്ചത്.

ഗാസയില്‍ സമാധാനം കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്നും സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ പാശ്ചാത്യ ശക്തികള്‍ വിഭിന്ന ചേരികളിലാണ്. എന്നാല്‍, പലസ്തീനെ അംഗീകരിക്കുന്ന ബ്രിട്ടീഷ് നിലപാടിനോട് യോജിക്കാനാവില്ലെന്ന് ട്രംപ് തുറന്നു പറഞ്ഞു. അതിനോടൊപ്പം, യു കെയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ ചില സൂചനകള്‍ നല്‍കാനും ട്രംപ് മറന്നില്ല. ഓണ്‍ലൈന്‍ പോസ്റ്റുകള്‍ക്കെതിരെ കര്‍ശന സമീപം ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിക്കുന്നു എന്ന വിമര്‍ശനം ശക്തമാകുന്നതിന് ഇടയിലാണിത്.

ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റത്തെ കുറിച്ചുള്ള ചോദ്യത്തിന് കഴിഞ്ഞ വര്‍ഷം വരെ ലക്ഷക്കണക്കിന് ആളുകളാണ് തന്റെ രാജ്യത്തിന്റെ അതിര്‍ത്തി കടന്ന് അനധികൃതമായി എത്തിയിരുന്നതെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍, കര്‍ശന നടപടികളിലൂടെ അത് തടയാന്‍ കഴിഞ്ഞെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസക്കാലമായി അനധികൃത കുടിയേറ്റക്കാര്‍ എത്തുന്നില്ലെന്നും അദ്ദെഹം പറഞ്ഞു. അതിനായി എന്ത് നടപടി സ്വീകരിച്ചു എന്നത് പ്രശ്നമല്ലെന്നും ആവശ്യമെങ്കില്‍ സൈന്യത്തെ വിന്യസിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടയില്‍, സര്‍ കീര്‍ സ്റ്റാര്‍മറും, ഡൊണാള്‍ഡ് ട്രംപും സാങ്കേതിക രംഗത്തെ നിക്ഷേപവുമായി ബന്ധപ്പെട്ട ഒരു കരാറില്‍ ഒപ്പുവച്ചു. അടുത്ത സാങ്കേതിക വിപ്ലവം ത്വരിതഗതിയിലാക്കുന്ന ഒന്നായിരിക്കും ഇതെന്നാണ് ട്രംപ് അവകാശപ്പെട്ടത്. അതോടൊപ്പം കഴിഞ്ഞ മെയ് മാസത്തില്‍ അമേരിക്കയുമായി വ്യാപാര കരാര്‍ ഒപ്പു വച്ചതിന് അദ്ദേഹം കീര്‍ സ്റ്റാര്‍മറെ അഭിനന്ദിക്കുകയും ചെയ്തു. കാറ്റില്‍ നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കുക എന്നത് ചെലവേറിയ ഒരു വിഢിത്തമാണെന്നും, പകരം വടക്കന്‍ കടലിലെ എണ്ണ - പ്രകൃതി വാതക ഖനനം കൂടുതല്‍ വിപുലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.