വാഷിങ്ടണ്‍: സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഡൊണാള്‍ഡ്് ട്രംപ്. ഒബാമ അമേരിക്കയെ നശിപ്പിച്ചു എന്നാണ് ട്രംപ് ആരോപിക്കുന്നത്. ഒന്നും ചെയ്യാത്തതിനാണ് ഒബാമക്ക് നോബല്‍ സമ്മാനം നല്‍കിയെതെന്നാണ് ട്രംപിന്റെ കുറ്റപ്പെടുത്തല്‍. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ആയതിന് തൊട്ടു പിന്നാലെയാണ് ട്രംപ് ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അമേരിക്കന്‍ പ്രസിഡന്റ്. 2009 ലാണ് ഒബാമക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്. ഇത് ലോകത്തെ ഞെട്ടിച്ച ഒരു തീരുമാനം ആയിരുന്നു എന്നാണ് ട്രംപ് പറയുന്നത്. ന്യൂയോര്‍ക്ക് ടൈംസ് പോലും ഇതിനെ അംഗീകരിച്ചിരുന്നില്ല എന്നും ഈ തീരുമാനം അപക്വമാണ് എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്, എന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. ഒബാമയ്ക്ക് നോബല്‍ സമ്മാനം നല്‍കിയത് അമേരിക്കയെ നശിപ്പിക്കാന്‍ വേണ്ടി മാത്രമാണ് എന്നാണ് ട്രംപ് കളിയാക്കിയത്.

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്ന കരാര്‍ ഒപ്പിടുന്നതിനായി ഈജിപ്തിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നതായും ട്രംപ് പറഞ്ഞു. താന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുള്ളതായി ട്രംപ് വീണ്ടും അവകാശവാദം ഉന്നയിച്ചു. മുമ്പ് ഒരിക്കലും ആരും

ഇങ്ങനെ ചെയ്തിട്ടില്ല എന്നും നിരവധി പേരുടെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത് എന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. നോര്‍വേയിലെ ഓസ്ലോയില്‍ ഇന്ന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം പ്രഖ്യാപിക്കും. പലവട്ടം തനിക്ക് ഇക്കുറി നോബല്‍ സമ്മാനം ലഭിക്കേണ്ടതാണ് എന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പല പ്രവചനക്കാരും പറയുന്നത് ട്രംപിന് ഈ സമ്മാനം ലഭിക്കാനുള്ള സാധ്യത 5 ശതമാനം മാത്രമാണ് എന്നാണ്. 2023 ഏപ്രിലില്‍ ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഗാസയിലെ ആരോഗ്യ മേഖലയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സുഡാന്റെ എമര്‍ജന്‍സി റെസ്‌പോണ്‍സ് റൂംസിനാണ് ഇപ്പോള്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കാന്‍ ഏറ്റവും സാധ്യതയുള്ളതെന്നാണ് സൂചന. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹമാസിന്റെ പക്കലുള്ള ബന്ദികളെ വിട്ടയയ്ക്കും എന്നാണ് ട്രംപ് വെളിപ്പെടുത്തിയിരുന്നത്. ഞായറാഴ്ച ട്രംപ് ഇസ്രയേലില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.

ഇന്നാണ് സമാധാന നോബല്‍ പ്രഖ്യാപിക്കുന്നത്. തനിക്കാണ് സമാധാന നൊബേലിനുള്ള അര്‍ഹത പലയാവര്‍ത്തി ഉന്നയിച്ച് അത് മോഹിക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അത് കിട്ടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ട്രംപ് നിരന്തരമുന്നയിക്കുന്ന അവകാശവാദങ്ങള്‍ നൊബേല്‍ പുരസ്‌കാര സമിതി വിലമതിക്കുമോ എന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

തനിക്ക് നൊബേലിന് അര്‍ഹതയുണ്ടെന്ന ട്രംപിന്റെ അവകാശവാദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2018-ല്‍ തന്നെ അദ്ദേഹം തനിക്ക് നൊബേലിന് അര്‍ഹതയുണ്ടെന്ന പരമാര്‍ശം നടത്തിയിട്ടുണ്ട്. അന്ന് അദ്ദേഹം തമാശരൂപേണയായിരുന്നു കാര്യം അവതരിപ്പിച്ചതെങ്കില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം അത് ഉറച്ച അവകാശവാദമായി മാറിയിട്ടുണ്ട്.

'ഞാന്‍ അത് അര്‍ഹിക്കുന്നുണ്ട്, പക്ഷെ അവര്‍ എനിക്ക് അത് തരില്ല' എന്നാണ് ട്രംപ് നൊബേല്‍ സമ്മാനത്തെക്കുറിച്ച് ഈ അടുത്ത് പറഞ്ഞത്. ഒക്ടോബര്‍ 10 വെള്ളിയാഴ്ചയാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുക. ലോകത്തിലെ ഏറ്റവും വിലപ്പെട്ട സമാധാന ബഹുമതിക്ക് അര്‍ഹതയുണ്ടെന്ന് സ്ഥാപിക്കാന്‍ ഇന്ത്യ - പാക് സംഘര്‍ഷം അവസാനിപ്പിച്ചു(ഇന്ത്യ അംഗീകരിച്ചിട്ടില്ല) എന്നതടക്കമുള്ള അവകാശവാദങ്ങള്‍ ട്രംപ് ഉന്നയിക്കുന്നു. 2017- മുതല്‍ ഏഴ് യുദ്ധങ്ങള്‍ താന്‍ മുന്‍കൈയെടുത്ത് നിര്‍ത്തലാക്കിയെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

മറ്റൊരു പ്രസിഡന്റോ പ്രധാനമന്ത്രിയോ ഇത്തരത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇസ്രയേല്‍ - ഇറാന്‍, റുവാണ്ട - ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, അര്‍മേനിയ - അസര്‍ബൈജാന്‍, തായ്‌ലാന്‍ഡ് - കംബോഡിയ, ഇന്ത്യ - പാകിസ്താന്‍, ഈജിപ്ത് - എത്യോപ്യ, സെര്‍ബിയ - കോസോവോ തുടങ്ങിയ രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ തന്റെ ഇടപെടലില്‍ കൂടി ഇല്ലാതാക്കിയെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍, ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു.