ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്ക് പിന്നാലെ ചൈനയെയും വിരട്ടി വരുതിയില്‍ വരുത്താനുള്ള ശ്രമം ശക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ തീരുവ ഭീഷണിയെ അതേനാണയത്തില്‍ ചൈന തിരിച്ചടിച്ചതോടെയാണ് ട്രംപ് വീണ്ടും കലിപ്പിലായത്. യുഎസിലേക്ക് ചൈനയില്‍ നിന്നുള്ള അപൂര്‍വ്വ ധാതുക്കളുടെ കയറ്റുമതിയില്‍ നിയന്ത്രണം കൊണ്ടുവന്നും അമേരിക്കയില്‍ നിന്നുള്ള സോയാബിന്റെ ഇറക്കുമതി പൂര്‍ണമായും അവസാനിപ്പിച്ചുമാണ് ചൈന തിരിച്ചടി നല്‍കിയത്. ഇതിന് പിന്നാലെയാണ് ചൈനക്കെതിരെ തീരുവ ഭീഷണിയുമായി ട്രംപ് രംഗത്തുവന്നത്.

യു.എസുമായി വ്യാപാരകരാറില്‍ എത്തിയില്ലെങ്കില്‍ ചൈനക്കെതിരെ 155 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായി നിര്‍ണായ ധാതുകരാറില്‍ ഒപ്പുവെച്ച ശേഷം സംസാരിക്കുകയായിരുന്നു ട്രംപ്. 'ചൈന ഞങ്ങളെ ബഹുമാനിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. നികുതിയിനത്തില്‍ വന്‍തുകയാണ് അവര്‍ യു.എസിന് നല്‍കുന്നത്.

എല്ലാവര്‍ക്കുമറിയുന്നത് പോലെ, ചൈന 55 ശതമാനം നികുതിയാണ് നല്‍കുന്നത്, അത് വലിയ ഒരുതുകയാണ്. നവംബര്‍ ഒന്നിനകം വാഷിംഗ്ടണുമായി വ്യാപാര കരാറുണ്ടായില്ലെങ്കില്‍ ചൈന 155 ശതമാനം താരിഫ് നല്‍കേണ്ടി വരും,' ട്രംപ് പറഞ്ഞു. നിരവധി രാജ്യങ്ങളുമായി ഇതിനകം വ്യാപാര കരാറുകളുണ്ടാക്കിയതായി ട്രംപ് വ്യക്തമാക്കി. അവര്‍ ഒരിക്കല്‍ യു.എസിനെ മുതലെടുത്തിരുന്നു, ഇനിയില്ലെന്നും ട്രംപ് പറഞ്ഞു.

ചൈനയുമായി നല്ലൊരു കരാറുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ നിന്നുള്ള എല്ലാ ഇറക്കുമതിക്കും നവംബര്‍ ഒന്നുമുതല്‍ 100 ശതമാനം അധിക നികുതി ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. നിലവില്‍ ചൈനക്ക് മേല്‍ 55 ശതമാനം നികുതിയാണ് ചുമത്തിയിട്ടുള്ളത്. നവംബര്‍ ഒന്നുമുതല്‍ അധികനികുതി കൂടി നിലവില്‍ വരുന്നതോടെ ഇത് ഫലത്തില്‍ 155 ശതമാനമാവും.

നേരത്തെ, ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക താരിഫ് കുറയ്ക്കാന്‍ തയ്യാറാണെന്ന് ട്രംപ് സൂചന നല്‍കിയിരുന്നു. എന്നാല്‍ താരിഫ് കുറയ്ക്കുന്നതില്‍ ചൈനയുടെ ഭാഗത്ത് നിന്നും പ്രത്യുപകാരം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ സോയാബീന്‍ ഇറക്കുമതി വര്‍ദ്ധിപ്പിക്കുക, 'ഫെന്റനില്‍' (അമേരിക്കയില്‍ വ്യാപകമായ ലഹരിമരുന്ന്) നിയന്ത്രിക്കുക, അപൂര്‍വ ഭൗമ ധാതുക്കളുടെ കയറ്റുമതിയില്‍ നിയന്ത്രണം ഒഴിവാക്കുക തുടങ്ങിയ വ്യവസ്ഥകളാണ് ട്രംപ് ചൈനക്ക് മുന്നില്‍ വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഎസില്‍ നിന്ന് സോയാബീന്‍ ഇറക്കുമതി ചൈന നിര്‍ത്തിവെച്ചത് അമേരിക്കന്‍ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ഈ നടപടി. ഈ മാസം യുഎസില്‍ നിന്ന് സോയാബീന്‍ ഇറക്കുമതി ചെയ്തില്ല. ട്രംപിന്റെ താരിഫ് നയങ്ങളില്‍ പ്രതിഷേധിച്ചാണ് ചൈനയുടെ നടപടി. എന്നാല്‍ യുഎസിലെ കര്‍ഷകരെ കൂടി ഇരുട്ടിലാക്കുന്നതാണ് നടപടി.

യുഎസില്‍ നിന്ന് ഇറക്കുമതി ഒഴിവാക്കി ബ്രസീല്‍, അര്‍ജന്റീന എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കുകയാണ് ചൈന ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ സോയാബീന്‍ ഇറക്കുമതിക്കാരാണ് ചൈന. എന്നാല്‍ സെപ്തംബര്‍ മാസത്തില്‍ ഇതുവരെ ചൈന യുഎസില്‍ നിന്നും സോയാബീന്‍ ഇറക്കുമതി നടത്തിയിട്ടില്ല. ഇതോടെ യുഎസിന്റെ ഏറ്റവും വലിയ കാര്‍ഷിക കയറ്റുമതിയെയാണ് ചൈനയുടെ ഈ നീക്കം ബാധിച്ചിരിക്കുന്നത്.

ഒരു വര്‍ഷം മുമ്പ് ഇതേസമയം 17 ലക്ഷം മെട്രിക് ടണ്‍ ഇറക്കുമതിയുണ്ടായിരുന്നിടത്ത് ഇത്തവണ അത് പൂജ്യമാണ്. ചൈനയ്ക്ക് മേല്‍ യുഎസ് ഉയര്‍ന്ന നികുതി ചുമത്തിയതോടെയാണ് സോയാബീന്‍ ഇറക്കുമതിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ചൈന തീരുമാനിച്ചത്. എന്നാല്‍ കഴിഢ്ഡ മാസം ബ്രസീലില്‍ നിന്നും 29.9 ശതമാനം വര്‍ധിച്ച് 10.96 ദശലക്ഷം ടണിലെത്തി. ഇത് ചൈനയുടെ മൊത്തം എണ്ണക്കുരു ഇറക്കുമതിയുടെ 85.2 ശതമാനം വരുമെന്ന് കസ്റ്റംസ് ഡാറ്റ കാണിക്കുന്നു. അതേസമയം അര്‍ജന്റീനയില്‍ നിന്നുള്ള കയറ്റുമതി 91.5 ശതമാനം ഉയര്‍ന്ന് 1.17 ദശലക്ഷം ടണ്ണായി ഉയര്‍ന്നു.

സോയാബീന്‍ വിഷയത്തില്‍ എന്നപോലെ യുഎസ് കമ്പനികളുടെ സാങ്കേതികവിദ്യ ചൈനീസ് കമ്പനികള്‍ക്ക് ലഭ്യമാകുന്നത് തടയുന്ന വിധത്തിലുള്ള നടപടിയും ചൈന സ്വീകരിച്ചിരുന്നു. യു.എസ്. സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന, വിദേശത്ത് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളെ നിയന്ത്രിക്കാനാണ് ഈ നിയമം ഉപയോഗിക്കുന്നത്. പ്രധാനമായും ചൈനയെ ലക്ഷ്യമിട്ടുള്ള തന്ത്രമാണിത്. ഇപ്പോള്‍ അപൂര്‍വ്വ ധാതുക്കളുടെ കാര്യത്തില്‍ ചൈനയും സമാനമായ നീക്കമാണ് നടത്തുന്നത്.

ചൈനയില്‍ നിന്നുള്ള അപൂര്‍വ്വ ധാതുക്കളുടെ കയറ്റുമതി ചെയ്യണമെങ്കില്‍ വിദേശ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അനുമതി നേടണമെന്നാണ് ഇപ്പോള്‍ ചൈനീസ് ഭരണകൂടത്തിന്റെ നിര്‍ദേശം. അപൂര്‍വ്വ ധാതുക്കളുടെ കാര്യത്തില്‍ വിദേശ ആശ്രിതത്വം കൂടുതലുള്ള രാജ്യമാണ് യുഎസ് ചൈനീസ് നിയന്ത്രണം യു.എസിന്റെ പലപദ്ധതികളെയും ഗുരുതരമായി ബാധിക്കും.

പുതിയ നീക്കം അനുസരിച്ച്, ചൈനീസ് അപൂര്‍വ ധാതുക്കളുടെ ചെറിയ അംശങ്ങള്‍ അടങ്ങിയതോ ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതോ ആയ കാന്തങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് വിദേശ സ്ഥാപനങ്ങള്‍ക്ക് ഇനി ചൈനീസ് സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമാണ്. യുഎസിനെ മാത്രമല്ല പല സുപ്രധാന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ആഗോള വിതരണത്താലും ചൈനീസ് നിയന്ത്രണത്തിന് കീഴിലാക്കുന്ന നടപടിയാണിത്.

ലിബറേഷന്‍ ഡേ താരിഫ് എന്ന് പേരിട്ട് രാജ്യങ്ങള്‍ക്കെതിരെ ട്രംപ് നികുതി പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം ചൈനയ്ക്ക് 125 ശതമാനം ആയിരുന്നു നികുതി ചുമത്തിയത്. ഇതിന് മറുപടിയായി അപൂര്‍വ്വ ധാതുക്കളുടെ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും കൂടുതല്‍ യുഎസ് സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തത്. ട്രംപിനെ വരുതിയില്‍ നിര്‍ത്തുന്ന നീക്കങ്ങളാണ് ചൈന നടത്തിയത്.