വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്കുമേല്‍ അമേരിക്ക 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയത് റഷ്യന്‍ സമ്പദ്വ്യവസ്ഥക്ക് വന്‍ തിരിച്ചടിയാകുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അന്താരാഷ്ട്ര സമ്മര്‍ദങ്ങളും യു.എസ് ഉപരോധവുമുള്‍പ്പെടെ നിലനില്‍ക്കുന്നതിനാല്‍ റഷ്യന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലാണെന്നും ട്രംപ് അവകാശപ്പെട്ടു.

''റഷ്യ വലിയൊരു രാജ്യമാണ്. രാഷ്ട്ര നിര്‍മാണത്തിലേക്ക് അവര്‍ തിരികെ വരേണ്ടിയിരിക്കുന്നു. വലിയ മാറ്റം കൊണ്ടുവരാനുള്ള ശേഷി അവര്‍ക്കുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അവര്‍ക്ക് ഒന്നും ചെയ്യാനാകുന്നില്ല. റഷ്യന്‍ ഓയില്‍ വാങ്ങിയാല്‍ 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് അവരുടെ ഏറ്റവും വലിയ രണ്ടാമത്തെ ബിസിനസ് പങ്കാളിയോട് പറഞ്ഞിട്ടുണ്ട്. അത് റഷ്യക്ക് വലിയ തിരിച്ചടിയാണ്. എന്നാല്‍ ഇതുകൊണ്ട് അവസാനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല'' -ട്രംപ് പറഞ്ഞു. എന്നാല്‍ താന്‍ സ്വീകരിക്കാന്‍ പോകുന്ന തുടര്‍ നടപടികള്‍ വ്യക്തമാക്കാന്‍ യു.എസ് പ്രസിഡന്റ് തയാറായില്ല. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തുമെന്ന് ട്രംപ് പറഞ്ഞു.

ഇന്ത്യക്ക് 50 ശതമാനം തീരുവയാണ് യു.എസ് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഈമാസം ഏഴിന് നിലവില്‍വന്നു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ഏര്‍പ്പെടുത്തിയ 25 ശതമാനം അധിക തീരുവ 27നാണ് നിലവില്‍ വരുക. ഇന്ത്യ-യു.എസ് വ്യാപാര കരാറിനുള്ള അഞ്ചുവട്ട ചര്‍ച്ചകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. തുടര്‍ ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ സംഘം 25ന് ഇന്ത്യയില്‍ എത്തും.

അതേസമയം യുക്രയ്‌നിലെ വെടിനിര്‍ത്തലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി 15ന് അലാസ്‌കയില്‍ കൂടിക്കാഴ്ച്ച നടക്കാനിരിക്കവേയാണ് ട്രംപ് റഷ്യക്കെതിരെ നിലപാട് കടുപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാന്‍ ഉക്രയ്ന്‍ പ്രദേശം വിട്ടുകൊടുക്കേണ്ടിവരുമെന്ന് ട്രംപ് സൂചന നല്‍കി മണിക്കൂറുകള്‍ക്കു ശേഷമാണ് കൂടിക്കാഴ്ചയുടെ പ്രഖ്യാപനം വന്നത്.

കിഴക്കന്‍ യുക്രയ്‌നിലെ ഡോണ്‍ബാസ് മേഖല റഷ്യ ഏറ്റെടുക്കുകയും ക്രിമിയയെ നിലനിര്‍ത്തുകയുംചെയ്യുന്ന കരാര്‍ അംഗീകരിക്കാന്‍ വൈറ്റ്ഹൗസ് യൂറോപ്യന്‍ നേതാക്കളെ പ്രേരിപ്പിക്കുകയാണെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച മോസ്‌കോയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ട്രംപിന്റെ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫിനോട് പുടിന്‍ ഇക്കാര്യം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം, റഷ്യക്ക് പ്രദേശങ്ങള്‍ വിട്ടുകൊടുക്കാന്‍ തയ്യാറാല്ലെന്നാണ് സെലെന്‍സ്‌കിയുടെ പ്രതികരണം.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ഫോണില്‍ സംസാരിച്ചിരുന്നു. റഷ്യയുമായി യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളില്‍ ഇന്ത്യയുടെ പിന്തുണ തേടിയാണ് സെലന്‍സ്‌കി മോദിയുമായി സംസാരിച്ചത്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത മോദിയെ അറിയിച്ചതായി സെലന്‍സ്‌കി എക്‌സില്‍ കുറിച്ചു. മോദിയുമായി നീണ്ട സംഭാഷണത്തില്‍ ഏര്‍പ്പെട്ടെന്നും സെലന്‍സ്‌കി പറഞ്ഞു.

''ഞങ്ങളുടെ നഗരങ്ങളില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളെ കുറിച്ചും സപ്പോരിജിയയിലെ ബസ് സ്റ്റേഷനുനേരെ ഇന്നലെ നടന്ന ആക്രമണത്തെക്കുറിച്ചും ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. റഷ്യ മനഃപൂര്‍വം നടത്തിയ ബോംബാക്രമണത്തില്‍ ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരുക്കേറ്റു. യുദ്ധം അവസാനിപ്പിക്കാന്‍ ഒടുവില്‍ ഒരു നയതന്ത്ര സാധ്യത തെളിഞ്ഞുവന്ന സമയത്താണ് റഷ്യ ഇങ്ങനെ ചെയ്യുന്നത്. വെടിനിര്‍ത്തലിനു സന്നദ്ധത പ്രകടിപ്പിക്കുന്നതിനു പകരം, അധിനിവേശവും കൊലപാതകങ്ങളും തുടരാനാണ് റഷ്യ ആഗ്രഹിക്കുന്നത്.

യുക്രെയ്‌നുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യുക്രെയ്‌ന്റെ പങ്കാളിത്തത്തോടെ വേണം തീരുമാനിക്കാന്‍. മറ്റു വഴികളൊന്നും ഫലം കാണില്ല. യുദ്ധത്തിനു പണം കണ്ടെത്താനായി റഷ്യ സ്വീകരിക്കുന്ന മാര്‍ഗങ്ങളെല്ലാം ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ ഇന്ത്യയിലേക്കുള്ള റഷ്യയുടെ എണ്ണ കയറ്റുമതി പരിമിതപ്പെടുത്തേണ്ടതിന്റെ അനിവാര്യത ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. സെപ്റ്റംബറില്‍ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയ്ക്കിടെ പ്രധാനമന്ത്രി മോദിയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്'' സെലെന്‍സ്‌കി എക്‌സില്‍ കുറിച്ചു

സംഘര്‍ഷം എത്രയും നേരത്തെ, സമാധാനപരമായി പരിഹരിക്കേണ്ടതിന്റെ അവശ്യകത സെലെന്‍സ്‌കിയെ അറിയിച്ചതായി മോദി എക്‌സില്‍ കുറിച്ചു. ''ഈ കാര്യത്തില്‍ സാധ്യമായ എല്ലാ സംഭാവനകളും നല്‍കുന്നതിനും യുക്രെയ്‌നുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്'' മോദി എക്‌സില്‍ കുറിച്ചു.