- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്രൈന് യുദ്ധത്തിനായി യു.എസ്. 50,000 കോടി ഡോളര്‍ മുടക്കി; അത് തിരിച്ചു കിട്ടിയേ മതിയാകൂവെന്ന നിലപാടില്‍ ട്രംപ്; പ്രതിഫലമായി ചോദിച്ചത് യുക്രൈനിലെ അത്യപൂര്‍വധാതുക്കളില്‍ പകുതിയുടെ അവകാശം; ഗത്യന്തരമില്ലാതെ കരാറില്‍ ഒപ്പിടാന്‍ സെലന്‍സ്‌കി; സമാധാനത്തിന് യുക്രൈന് നല്‍കേണ്ടത് വലിയ വില!
യുക്രൈന് യുദ്ധത്തിനായി യു.എസ്. 50,000 കോടി ഡോളര്‍ മുടക്കി
വാഷിങ്ടണ്‍: അമേരിക്ക ഫസ്റ്റ് മുദ്രാവാക്യവുമായി രംഗത്തിറങ്ങിയ ഡൊണാള്‍ഡ് ട്രംപ് ഇക്കുറി രണ്ടും കല്‍പ്പിച്ചാണ്. എങ്ങനെ പണമുണ്ടാക്കാം എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ചിന്ത. അതുകൊണ്ട് തന്നെയാണ് യുക്രൈന്‍ എന്ന രാജ്യം അവരുടെ ധാതുസമ്പത്തിന്റെ പകുതിയും അമേരിക്കയ്ക്ക് അടിയറ വെക്കേണ്ട അവസ്ഥയില്‍ എത്തിയതും. സെലന്‍സ്‌കിയെ സമ്മര്‍ദ്ദത്തിലാക്കി ഞെരുക്കു കൊണ്ടാണ് ട്രംപ് ധാതു കരാറിലേക്ക് എത്തിച്ചത്.
റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ യുക്രെയ്ന്‍ നല്‍കേണ്ടി വരുന്ന വിലയാണ് തങ്ങളുടെ രാജ്യത്തെ അമൂല്യമായ ധാതുക്കള്‍ അമേരിക്കക്ക് വിട്ടുകൊടുക്കുകയെന്നത്. അമേരിക്കയും യുക്രെയിനും തമ്മിലുള്ള ധാതു കരാറിന് അന്തിമ രൂപമായെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കരാറില്‍ ഒപ്പുവെക്കാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി വെള്ളിയാഴ്ച വാഷിങ്ടണില്‍ എത്തും. താന്‍ അധികാരത്തിലെത്തിയാല്‍ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് തെരഞ്ഞെടുപ്പിനുമുമ്പേ പറഞ്ഞിരുന്നതാണ്.
എന്നാല്‍, അധികാരത്തിലെത്തിയശേഷം ഇതിനായി അദ്ദേഹം സ്വീകരിച്ച മാര്‍ഗം യുക്രെയ്‌നിനെയും യൂറോപ്യന്‍ യൂനിയനെയും അമ്പരപ്പിക്കുന്നതായിരുന്നു. ധാതുക്കള്‍ അമേരിക്കക്ക് വിട്ടുകൊടുക്കുകയെന്നതായിരുന്നു അത്. അമേരിക്കന്‍ പിന്തുണയില്ലാതെ നിലനില്‍പില്ലെന്ന് തിരിച്ചറിഞ്ഞ യുക്രെയ്ന്‍ ഒടുവില്‍ ധാതു കരാറിന് സമ്മതിക്കുകയായിരുന്നു.
അമേരിക്കയും യുക്രെയ്‌നും സംയുക്തമായി വികസിപ്പിക്കുന്ന ധാതുസമ്പത്തില്‍നിന്ന് 50,000 കോടി ഡോളറിന്റെ വരുമാനം വേണമെന്നാണ് ട്രംപ് ആദ്യം ആവശ്യപ്പെട്ടത്. യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്ക യുക്രെയ്‌ന് ഇതുവരെ നല്‍കിയ സഹായത്തിന് തുല്യമാണ് ഇതെന്നാണ് ട്രംപിന്റെ വാദം. അതിന് പ്രതിഫലമായി യുക്രൈനിലെ അത്യപൂര്‍വധാതുക്കളില്‍ പകുതി അവകാശമാണ് ട്രംപ് ചോദിക്കുന്നത്. കരാര്‍ യാഥാര്‍ഥ്യമായാല്‍ യുദ്ധാനന്തരം യുക്രൈനില്‍ സമാധാനസേനയെ നിലനിര്‍ത്തുന്നകാര്യം പരിഗണിക്കുന്നുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു.
എന്നാല്‍, സെലന്‍സ്‌കി ഇതിനെ എതിര്‍ത്തതോടെയാണ് ഭേദഗതി വരുത്താന്‍ തയാറായത്. അതേസമയം, യുക്രെയ്‌നിന്റെ സുരക്ഷ സംബന്ധിച്ച് കരാറില്‍ വ്യക്തമായി പറയുന്നില്ലെന്നാണ് സൂചന. യുക്രെയ്ന്‍ ഉയര്‍ത്തിയ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. എങ്കിലും കരാറിനെ നേട്ടമെന്നാണ് യുക്രെയ്ന്‍ നേതാക്കള്‍ വിശേഷിപ്പിക്കുന്നത്.
കരാറിനെത്തുടര്‍ന്ന് യുക്രെയ്‌നിന് സൈനിക സഹായവും പോരാട്ടം തുടരുന്നതിനുള്ള അവകാശവും ലഭിക്കുമെന്ന് ട്രംപ് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറില്‍ എത്തുന്നതുവരെ യുക്രെയ്‌നിനുള്ള സൈനിക സഹായം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാര്‍ പ്രകാരം, യുക്രെയ്‌നിന്റെ തകര്‍ന്ന സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും സംയുക്ത ഉടമസ്ഥതയിലുള്ള ഫണ്ടിന് രൂപം നല്‍കും. തങ്ങളുടെ ധാതു സമ്പത്തില്‍നിന്നുള്ള വരുമാനത്തിന്റെ പകുതി യുക്രെയ്ന്‍ ഈ ഫണ്ടിലേക്ക് മാറ്റിവെക്കും.
അത് രാജ്യത്തെ വികസന പ്രവര്‍ത്തനത്തിനുതന്നെ ഉപയോഗിക്കും. വലിയൊരു ചിത്രത്തിന്റെ ഭാഗമാണ് കരാര്‍ എന്ന് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ യുക്രെയ്ന്‍ ഉപപ്രധാനമന്ത്രി ഓല്‍ഹ സ്റ്റൊഫാനിഷൈന പറഞ്ഞു. അമേരിക്കയുമായി കൂടുതല്‍ സഹകരണത്തിന് കരാര്‍ വഴിവെക്കുമെന്നാണ് യുക്രെയ്‌നിന്റെ പ്രതീക്ഷ. എന്നാല്‍, യുക്രൈന് യു.എസില്‍നിന്ന് സുരക്ഷാ ഉറപ്പൊന്നും കരടുകരാര്‍ വാഗ്ദാനംചെയ്യുന്നില്ല. റഷ്യയോട് പോരാടുന്നതിന് യുക്രൈന് തുടര്‍ന്നും ആയുധങ്ങള്‍ നല്‍കുമെന്നും പറയുന്നില്ല. അതേസമയം 'സ്വതന്ത്ര, പരമാധികാര, സുരക്ഷിത' യുക്രൈനാണ് യു.എസ്. ആഗ്രഹിക്കുന്നതെന്ന് പറയുന്നുണ്ട്.
ഭാവിയില്‍ യു.എസ്. യുക്രൈന് ആയുധങ്ങള്‍ നല്‍കുന്ന കാര്യം ചര്‍ച്ചയിലുണ്ടെന്ന് ബന്ധപ്പെട്ടകേന്ദ്രങ്ങള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ 'റോയിട്ടേഴ്‌സ്' റിപ്പോര്‍ട്ടുചെയ്തു. 'വളരെ വലിയൊരു കരാര്‍' ഒപ്പിടാന്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി വെള്ളിയാഴ്ച വാഷിങ്ടണിലെത്തുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താലേഖകരോട് പറഞ്ഞു. പ്രകൃതിവിഭവക്കരാറും യുക്രൈന്റെ ഭാവിസുരക്ഷയും ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച യു.എസില്‍ പോകുമെന്ന് സെലെന്‍സ്‌കിയും പറഞ്ഞു.
യുക്രൈനിലെ ധാതുക്കള്‍, എണ്ണ-പ്രകൃതിവാത നിക്ഷേപം തുടങ്ങിയവ ശേഖരിക്കാനും അതില്‍നിന്നുള്ള വരുമാനം കൈകാര്യംചെയ്യാനും യു.എസും യുക്രൈനും ചേര്‍ന്ന് റീകണ്‍സ്ട്രക്ഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സ്ഥാപിക്കുമെന്ന് കരടുകരാര്‍ പറയുന്നു. നടത്തിപ്പുചെലവ് കിഴിച്ച് വരുമാനത്തിന്റെ 50 ശതമാനം യുക്രൈന്‍ യു.എസിന് നല്‍കണം. യു.എസ്. ചെലവാക്കിയെന്ന് ട്രംപ് പറയുന്ന 50,000 കോടി ഡോളര്‍ തിരിച്ചുനല്‍കുന്നതുവരെ ഇത് തുടരണമെന്നും കരാറിലുണ്ട്. സുസ്ഥിരവും സാമ്പത്തികാഭിവൃദ്ധിയുള്ളതുമായ യുക്രൈന്‍ കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ ദീര്‍ഘകാല സാമ്പത്തികസഹായം യു.എസ്. നല്‍കുമെന്ന വാഗ്ദാനവും അതിലുണ്ട്.
അതേസമയം, ട്രംപ് പറയുന്നതിന്റെ അടുത്തെത്തുന്ന തുകപോലും യു.എസ്. നല്‍കിയിട്ടില്ലെന്നാണ് ഈ മാസം 19-ന് സെലെന്‍സ്‌കി കണക്ക് നിരത്തി പറഞ്ഞത്. 6,700 കോടി ഡോളറിന്റെ (5.8 ലക്ഷംകോടി രൂപ) പടക്കോപ്പുകളും 3150 കോടി ഡോളര്‍ (2.7 ലക്ഷംകോടി രൂപ) പണമായും നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധം തുടങ്ങിയശേഷം യുക്രൈനായി യു.എസ്. വകയിരുത്തിയത് 18,300 കോടി ഡോളറാണെന്നാണ് (15.8 ലക്ഷംകോടി രൂപ) യുക്രൈന്‍കാര്യങ്ങള്‍ക്കായുള്ള വിവിധ അമേരിക്കന്‍ ഏജന്‍സികളുടെ സംഘമായ 'യുക്രൈന്‍ ഓവര്‍സൈറ്റി'ന്റെ കണക്ക്.