ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറുടെ ചൈനീസ് സന്ദര്‍ശനം തുടരുന്നതിനിടയില്‍ ചൈനയുമായി വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നത് ബ്രിട്ടന് ഹാനികരമാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ബ്രിട്ടനും ചൈനയുമായുള്ള വ്യാപാര നിക്ഷേപ പദ്ധതികള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ കരാറുകളെ കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. കീര്‍ സ്റ്റാര്‍മര്‍, ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍പിംഗുമായി നടത്തിയ കൂടിക്കാഴ്ച്ചകള്‍ക്ക് ശേഷമായിരുന്നു ഈ കരാറുകളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്.

തന്റെ ഭാര്യ മെലാനിയയെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രീമിയര്‍ വേളയില്‍ ട്രംപ് പറഞ്ഞത് ഷീ തന്റെ സുഹൃത്താണ് എന്നായിരുന്നു. തനിക്ക് അദ്ദേഹത്തെ വളരെ നന്നായി അറിയാമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, ട്രംപിന് തെറ്റുപറ്റി എന്നാണ് ബ്രിട്ടീഷ് ബിസിനസ്സ് മിനിസ്റ്റര്‍ സര്‍ ക്രിസ് ബ്രിയാന്റ്റ് പ്രതികരിച്ചത്. ആഗോള വേദിയില്‍ ചൈനയുടെ സാന്നിദ്ധ്യം അവഗണിക്കുന്നത് ബ്രിട്ടനെ സംബന്ധിച്ച് വലിയൊരു വിഢിത്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുകെ പ്രധാനമന്ത്രി കിയര്‍ സ്റ്റാമര്‍ ചൈനയുടെ സാമ്പത്തിക ആസ്ഥാനമായ ഷാങ്ഹായില്‍ എത്തയാണ് ചര്‍ച്ചകള്‍ നടത്തിയത്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയില്‍ ബ്രിട്ടീഷ് സ്ഥാപനങ്ങള്‍ക്ക് ബിസിനസ് അവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. അന്പതിലധികം വ്യവസായികളും ഒപ്പമുണ്ട്. ചൈനീസ് സ്ഥാപന പ്രതിനിധികളുമായും ഭരണനേതൃത്വവുമായും ഇവര്‍ ചര്‍ച്ച നടത്തി.

വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും സ്റ്റാമറുമായുള്ള കൂടിക്കാഴ്ചയില്‍ ധാരണയായി. ബ്രിട്ടീഷ് നിയമനിര്‍മാതാക്കളുടെ സംഘത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് ചൈന പിന്‍വലിക്കുമെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. എട്ടുവര്‍ഷത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആദ്യ ചൈനാ സന്ദര്‍ശനമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഏതു കരാറിനെയും എതിര്‍ക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കുന്ന സൂചന.

അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണി ആഗോള സാമ്പത്തികരംഗത്തെ കൂട്ടുകെട്ടുകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുുകയാണ്. ഇന്ത്യയുമായി സുപ്രധാന വ്യാപാര കരാറില്‍ യൂറോപ്യന്‍ യൂണിയന്‍ ഒപ്പുവെച്ചതിന് പിന്നാലെ, കാനഡയും ഇന്ത്യയുമായി വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നു. മാര്‍ച്ചില്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഉന്നതതല സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തും.

ഇതിനിടെയാണ് ബ്രീട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മര്‍ ചൈനയില്‍ എത്തിയതും. ഗ്രീന്‍ലന്‍ഡിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ ട്രംപിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണ് ബ്രീട്ടീഷ് പ്രധാനമന്ത്രിയുടെ ചൈനാ സന്ദര്‍ശനം. 2024ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം യുകെ-ചൈന ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്‍ സ്റ്റാര്‍മര്‍ നടത്തിവരുന്നുണ്ട്. തെക്കേ ഏഷ്യയിലെ മറ്റൊരു വലിയ ശക്തിയായ ഇന്ത്യയുമായി യുകെ ഇതിനകം തന്നെ ഒരു വ്യാപാര കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.

ഗ്രീന്‍ലന്‍ഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുനേരെ ട്രംപ് താരിഫ് ഭീഷണി ഉയര്‍ത്തുമ്പോഴാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ പുതിയ വാണിജ്യ കരാറുകളില്‍ ഏര്‍പ്പെട്ടുവരുന്നത്. യൂറോപ്യന്‍ രാജ്യങ്ങളെ കൂടാതെ, ട്രംപിന്റെ മറ്റൊരു കണ്ണിലെ കരടായ കാനഡ തങ്ങളുടെ പരമാധികാരം സംരക്ഷിക്കാനുള്ള നീക്കങ്ങളിലാണ്. മാര്‍ച്ച് ആദ്യ വാരത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജസ്റ്റിന്‍ ട്രൂഡോയുടെ കാലഘട്ടത്തിലെ വര്‍ഷങ്ങളായിട്ടുള്ള സംഘര്‍ഷഭരിതമായ ബന്ധങ്ങള്‍ക്ക് ശേഷം, ഇപ്പോഴുള്ള ചുവടുമാറ്റം ശ്രദ്ധേയമാണ്.

ഇതിനിടെ, ചൈനയുമായുള്ള ബന്ധവും കാനഡ ശക്തിപ്പെടുത്തിയിരുന്നു. ചൈനയുമായി കാനഡ സ്വതന്ത്ര വ്യാപാര കരാറിനൊരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ കാനഡയ്ക്ക് 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. അത്തരമൊരു കരാറിലേര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നു കനേഡിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, ചില മേഖലകളില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന തീരുവ കുറച്ചതായും അദ്ദേഹം വ്യക്തമാക്കി.