വാഷിങ്ടണ്‍: തന്നെ വിമര്‍ശിക്കുന്ന അമേരിക്കന്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്കുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന ഭീഷണിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്രിട്ടനിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വേളയില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന

വേളയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

97 ശതമാനം ടെലിവിഷന്‍ ചാനലുകളും തന്നെ എതിര്‍ക്കുന്നതായി എവിടെയോ വായിച്ചു എന്നാണ് ട്രംപ്

മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. തനിക്കെതിരായ മോശം പ്രചരണം തുടരുകയാണെങ്കില്‍ അവരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് താന്‍ കരുതുന്നതായി അമേരിക്കന്‍ പ്രസിഡന്റ് വെളിപ്പെടുത്തി.

ട്രംപിന്റെ വിശ്വസ്തനായിരുന്ന ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മരണത്തോടുള്ള പ്രസിഡന്റിന്റെ പ്രതികരണത്തെക്കുറിച്ചും അഭിപ്രായം പറഞ്ഞതിന് ടോക്ക് ഷോ അവതാരകനായ ജിമ്മി കിമ്മലിനെ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് വിലക്കിയതിന് ശേഷമാണ് ട്രംപ് ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയത്. ടി.വി ചാനലുകള്‍ ചെയ്യുന്നത് ട്രംപിനെ ആക്രമിക്കുക മാത്രമാണ് എന്നാണ് ട്രംപ് പറയുന്നത്. അവര്‍ക്ക് ലൈസന്‍സുണ്ട്.

എന്നാല്‍ അവര്‍ക്ക് അങ്ങനെ ചെയ്യാന്‍ അനുവാദമില്ലെന്ന് പറഞ്ഞ ട്രംപ് അവര്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ഒരു വിഭാഗമാണ് എന്ന ആരോപണവും ഉന്നയിച്ചു. എന്നാല്‍ ട്രംപിന്റെ ഭീഷണികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതിലേക്കുള്ള അപകടകരമായ ചുവടുവയ്പ്പാണ് എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ പറയുന്നത്.

ലൈസന്‍സുകള്‍ റദ്ദാക്കാനുള്ള തീരുമാനം അന്തിമമായി എടുക്കേണ്ടത് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍

ചെയര്‍മാന്‍ ബ്രെന്‍ഡന്‍ കാര്‍ ആയിരിക്കുമെന്ന് ട്രംപ് പറഞ്ഞു. അദ്ദേഹം നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്നു എന്നും അദ്ദേഹം ഒരു കര്‍ക്കശക്കാരനാണ് എന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ചാര്‍ലി കിര്‍ക്കിനെ വെടിവച്ചതായി ആരോപിക്കപ്പെടുന്നയാള്‍ ഒരു യാഥാസ്ഥിതികനാണെന്ന് കിമ്മല്‍ തിങ്കളാഴ്ചത്തെ ടോക്ക് ഷോയില്‍ തെറ്റായി അവകാശപ്പെട്ടതോടെയാണ് തര്‍ക്കം ആരംഭിച്ചത്. കുറ്റാരോപിതനായ ടൈലര്‍ റോബിന്‍സണ്‍ തീവ്ര ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങളോട് അനുഭാവം പ്രകടിപ്പിച്ചതായി പോലീസ് വ്യക്തമാക്കിയിരുന്നു. കിര്‍ക്കിന്റെ മരണത്തോടുള്ള പ്രസിഡന്റിന്റെ പ്രതികരണത്തെയും കിമ്മല്‍ വിമര്‍ശിച്ചിരുന്നു. അതേ സമയം ഫ്ലോറിഡ ജഡ്ജി ന്യൂയോര്‍ക്ക് ടൈംസിനെതിരെ മിസ്റ്റര്‍ ട്രംപിന്റെ 15 ബില്യണ്‍ ഡോളര്‍ മാനനഷ്ടക്കേസ് ഇന്നലെ തള്ളിക്കളഞ്ഞു.