വാഷിംങ്ടണ്‍: എച്ച്-1ബി വിസകള്‍ക്ക് ഇനി ചെലവേറും. എച്ച്-1ബി വിസകള്‍ക്ക് 100,000 ഡോളര്‍ ഫീസ് ഏര്‍പ്പെടുത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം. ഈ പദ്ധതി അണിയറയില്‍ ഒരുങ്ങുകയാണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടു ചെയ്തു. ഇത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. നിയമ വിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ട്രംപ് നിയമാനുശ്രുത കുടിയേറ്റങ്ങള്‍ക്ക് നേരെയും തിരിയുന്നു എന്ന തെളിവാണ് ഈ സംഭവം.

എച്ച് വണ്‍ ബി വിസകളുടെ അമിത ഉപയോഗം തടയുന്നതിനായി വിസകളുടെ ഫീസ് ചുമത്തുന്നതിനുള്ള നീക്കവുമായി ട്രംപ് മുന്നോട്ടു പോകുകയാണ്. അമേരിക്ക ഫസ്റ്റ് മുദ്രാവാക്യവുമായി മുന്നോട്ടു പോകുന്ന ട്രംപിന്റെ തീരുമാനം തിരിച്ചടിയാകുക ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും അമേരിക്കയില്‍ എത്തി ടെക്ക് മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്കാണ്. ഇന്ത്യന്‍ ടെക്കികള്‍ അമേരിക്കയില്‍ എത്തുന്നത് പ്രധാനമായും എച്ച് വണ്‍ ബി വിസ പദ്ധതി വഴിയാണ്.

പത്യേക മേഖലകളില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ഒരു വഴി നല്‍കുമ്പോള്‍ തന്നെ അമേരിക്കന്‍ തൊഴിലാളികളെ നിയമിക്കാന്‍ കമ്പനികളെ ഈ നടപടി പ്രോത്സാഹിപ്പിക്കുമെന്നാണ് വൈറ്റ് ഹൗസ് ഊദ്യോഗസ്ഥര്‍ ഈ നീക്കത്തില്‍ പ്രതികരിച്ചിരിക്കുന്നത്. അതേസമയം അമേരിക്കയിലേക്ക് എത്താന്‍ ഒരു ''ഗോള്‍ഡ് കാര്‍ഡ്'' ഇമിഗ്രേഷന്‍ പാത സൃഷ്ടിക്കാനും ട്രംപിന് ആലോചയുണ്ട്.

ഇത് വഴി ഉയര്‍ന്ന പണം അമേരിക്കയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഗോള്‍ഡ് കാര്‍ഡ് വിസ ലഭ്യമാക്കും. ഒരു മില്യണ്‍ യുഎസ് ഡോളര്‍ നല്‍കുന്ന വിദേശികള്‍ക്കുള്ള വിസകള്‍ ഈ നയം വേഗത്തിലാക്കും. അതേസമയം ഒരു കമ്പനിക്ക് സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു വിദേശ തൊഴിലാളിയുടെ പ്രക്രിയ വേഗത്തിലാക്കാന്‍ 2 മില്യണ്‍ ഡോളര്‍ നല്‍കാന്‍ അനുവദിക്കും. കുടിയേറ്റം തടയുന്നതിനും രാജ്യത്തേക്ക് അനുവദിക്കുന്ന വിദേശികളുടെ തരങ്ങളില്‍ പുതിയ പരിധികള്‍ ഏര്‍പ്പെടുത്തുന്നതിനുമുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഒരു പരമ്പരയിലെ ഏറ്റവും പുതിയതാണ് ഈ നീക്കങ്ങള്‍.

അതേസമയം നേരത്തെ ഇലോണ്‍ മസ്‌ക്ക് അടക്കം ട്രംപിന്റെ ഈ നീക്കത്തില്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. എച്ച്-1ബി തൊഴിലാളികളെ വളരെയധികം ആശ്രയിക്കുന്ന വ്യവസായങ്ങളെ അവ സാരമായി ബാധിക്കുമെന്നാണ് ടെക് കമ്പനികള്‍ വിശദീകരിക്കുന്നത്. എച്ച്-1ബി വിസ മൂന്ന് വര്‍ഷത്തേക്ക് സാധുതയുള്ളതും മൂന്ന് വര്‍ഷത്തേക്ക് കൂടി പുതുക്കാവുന്നതുമായ ഒരു വര്‍ക്ക് വിസയാണ്. ഈ പ്രോഗ്രാം യുഎസ് കമ്പനികള്‍ക്ക് മത്സരശേഷി നിലനിര്‍ത്താനും അവരുടെ ബിസിനസ്സ് വളര്‍ത്താനും അനുവദിക്കുന്നുവെന്നും ഇത് യുഎസില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും സാമ്പത്തിക വിദഗ്ധര്‍ വാദിക്കുന്നു.

എച്ച് വണ്‍ ബി വിസയും ഇന്ത്യയും

ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള സ്‌പെഷ്യലൈസ്ഡ് മേഖലകളില്‍ വിദേശത്തുനിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്ന പരിപാടിയാണ് എച്ച് വണ്‍ ബി വിസ. ഈ പദ്ധതി പ്രകാരം വര്‍ഷംതോറും ബാച്ചിലര്‍ ബിരുദത്തില്‍ കുറയാത്ത വിദ്യാഭ്യാസമുള്ള 65,000 പേരെ നിയമിക്കാം. അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് ബിരുദാനന്തര ബിരുദമോ അതിനു മുകളിലുള്ള യോഗ്യതയോ നേടിയ വിദേശ ജോലിക്കാര്‍ക്ക് 20,000 അധികവിസകളും ഉണ്ട്.

എച്ച് വണ്‍ ബി വിസ തുടക്കത്തില്‍ മൂന്നു വര്‍ഷത്തേക്കാണ് നല്‍കുക. ഇത് പരമാവധി ആറു വര്‍ഷമായി ദീര്‍ഘിപ്പിക്കാനാവും, പ്രത്യേകിച്ച് സ്ഥിരതാമസത്തിനുള്ള അനുമതി നേടാനൊരുങ്ങുന്നവര്‍ക്ക്. എച്ച് വണ്‍ ബി വിസ സ്‌പോണ്‍സര്‍ ചെയ്യുന്നത് തൊഴിലുടമയാണ്, ജീവനക്കാരന് നേരിട്ട് അപേക്ഷിക്കാനാവില്ല. ജോലി നഷ്ടമായാല്‍ നിശ്ചിത സമയത്തിനകം (സാധാരണ 60 ദിവസം) പുതിയ തൊഴിലുടമയെ കണ്ടെത്തണം, അല്ലെങ്കില്‍ അമേരിക്ക വിടണം. എച്ച് വണ്‍ ബി വിസ ഉള്ളവര്‍ക്ക് ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാം. അതിനാല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇത് കൂടുതലായി ഉപയോഗപ്പെടുത്തുന്നു. എച്ച് വണ്‍ ബി വിസ ഉള്ളവര്‍ക്ക് എച്ച്4 വിസ പ്രകാരം ഭാര്യ/ ഭര്‍ത്താവിനെയും കുട്ടികളെയും കൊണ്ടുവരാം.

ഗ്രീന്‍ കാര്‍ഡില്‍ നിന്നും വ്യത്യസ്തമായി ഓരോ രാജ്യത്തിനും എച്ച് വണ്‍ ബി വിസക്ക് പ്രത്യേക ക്വോട്ടയില്ല. എച്ച് വണ്‍ ബി വിസ കിട്ടുന്നവരില്‍ ഏതാണ്ട് എഴുപതു ശതമാനത്തിലധികവും ഇന്ത്യന്‍ വംശജരാണ്, പത്തു ശതമാനത്തോളം പേര്‍ ചൈനീസ് വംശജരും. അതായത്, എച്ച് വണ്‍ ബി വിസയില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ ഏറ്റവും ബാധിക്കുക ഇന്ത്യക്കാരെയാവും.

കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നാല്‍ ഇന്ത്യന്‍ ഐ.ടി. കമ്പനികളെ ശരിക്കും ബാധിക്കും. ഇന്‍ഫോസിസ്, വിപ്രോ, ടി.സി.എസ് തുടങ്ങിയ വന്‍കിടകമ്പനികളൊക്കെ എച്ച് വണ്‍ ബി വിസക്കാരെ ഗണ്യമായി ആശ്രയിക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ അവര്‍ നേരിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. എച്ച് വണ്‍ ബി വിസകളുടെ എണ്ണം കുറച്ചാല്‍ ഇന്ത്യയിലെ ഐ.ടി രംഗത്ത് നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകാനിടയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. അത് സ്വാഭാവികമായും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ബാധിക്കും.

ഇന്ത്യയ്ക്ക് ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന മേഖലകളിലൊന്നാണ് വിവര സാങ്കേതികവിദ്യ. വിദേശത്തു നിന്നും ഇന്ത്യന്‍ വംശജര്‍ നാട്ടിലേക്കയക്കുന്ന പണത്തിന്റെ തോതില്‍ കുറവു വരുമെന്നു മാത്രമല്ല, എച്ച് വണ്‍ ബി വിസ കിട്ടാതെ വരുന്നവര്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറി ബ്രെയിന്‍ ഡ്രെയിനിനും കാരണമായേക്കാം എന്നു ചൂണ്ടിക്കാട്ടുന്നു വിദഗ്ധര്‍.

ഉന്നത വിദ്യാഭ്യാസവും വൈദഗ്ധ്യവും വേണ്ട നിരവധി മേഖലകളില്‍- പ്രത്യേകിച്ച് സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, അക്കാദമികരംഗം, ബിസിനസ് തുടങ്ങിയ മേഖലകളിലൊക്കെ- ഇന്ത്യന്‍ വംശജരെപ്പോലെ വിജയം കൈവരിച്ചവര്‍ കുറവാണ്. ഏറ്റവും വിദ്യാസമ്പന്നര്‍ എന്നു മാത്രമല്ല, ഏറ്റവും ധനികരുമായ സംഘങ്ങളിലൊന്ന്. സംരംഭകരെന്ന നിലയ്ക്കും അവര്‍ വളരെ മുന്നിലാണ്. സിലിക്കോണ്‍ വാലിയിലെ നാലിലൊന്നു സ്ഥാപനങ്ങളും ആരംഭിച്ചത് ഇന്ത്യന്‍ വംശജരാണ്.

ടെക് വ്യവസായത്തെ രൂപപ്പെടുത്തിയ സണ്‍ മൈക്രോ സിസ്റ്റംസ്, ഹോട്ട്‌മെയില്‍ തുടങ്ങിയവ ഉദാഹരണം. അമേരിക്കയിലെ വന്‍കിട ടെക് കമ്പനികള്‍ പലതും നയിക്കുന്നത് ഇന്ത്യയില്‍ ജനിച്ചവരാണ്. സുന്ദര്‍ പിച്ചൈ (ഗൂഗിള്‍, ആല്‍ഫബെറ്റ്), സത്യ നാഡെല്ല (മൈക്രോസോഫ്റ്റ്), അരവിന്ദ് കൃഷ്ണ (ഐ.ബി.എം), ശന്തനു നാരായണ്‍ (അഡോബി)... ഈ ലിസ്റ്റിന് ഇത്തിരി നീളം കൂടും! അമേരിക്കയില്‍ സാങ്കേതികരംഗത്തെ തൊഴില്‍സേനയുടെ 35 ശതമാനത്തോളം ഇന്ത്യയില്‍ നിന്നുള്ള എച്ച് വണ്‍ ബി വിസക്കാരാണ്. ഡോക്ടര്‍മാരില്‍ 17 ശതമാനം. അക്കാദമിക, ഗവേഷണ മേഖലകളിലുമുണ്ട് ഗണ്യമായ പങ്കാളിത്തം.