- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും; വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റിനു നേരെ ഭീഷണിയുമായി ട്രംപ്; വെനസ്വേലയില്‍ അമേരിക്കയ്ക്ക് പൂര്‍ണ്ണമായ പ്രവേശനം നല്‍കണം; ഡെല്‍സി റോഡ്രിഗസ് ഇതിന് തയ്യാറായാല്‍ രാജ്യത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ അമേരിക്കാകുമെന്നും ട്രംപ്
സഹകരിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും
വാഷിങ്ടണ്‍: അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി വെനസ്വേലയില്‍ കടന്നാക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിനുപിന്നാലെ വെനസ്വേല താല്‍ക്കാലിക പ്രസിഡന്റിനെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി സഹകരിച്ചില്ലെങ്കില്‍ മഡുറോയേക്കാള്‍ മോശമായ വിധി നേരിടേണ്ടിവരുമെന്നാണ് താല്‍ക്കാലിക പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിനെ ട്രംപ് ഭീഷണിപ്പെടുത്തിയത്.
അമേരിക്കയ്ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ വെനസ്വേലയില്‍ നടപ്പാക്കിയില്ലെങ്കില്‍ വളരെ വലിയ വില നല്‍കേണ്ടിവരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനെ റോഡ്രിഗസ് രൂക്ഷമായി വിമര്‍ശിക്കുകയും തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. റോഡ്രിഗസ് പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
യുഎസ് സൈന്യം കാരക്കാസിനെ ആക്രമിച്ച് മദുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും പിടികൂടി മണിക്കൂറുകള്‍ക്ക് പിന്നാലെ റോഡ്രിഗസ് വാഷിംഗ്ടണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത സ്വകാര്യമായി സൂചിപ്പിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയില്‍ അമേരിക്കയ്ക്ക് പൂര്‍ണ്ണമായ പ്രവേശനം നല്‍കണം. റോഡ്രിഗസ് ഇതിന് തയ്യാറായാല്‍ രാജ്യത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ അമേരിക്കാകും. ക്രൂഡ് ഓയില്‍ അടക്കമുള്ളവയില്‍ അമേരിക്കയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം- ട്രംപ് ആവശ്യപ്പെട്ടു.
അതേസമയം ട്രംപിന്റെ പ്രസ്താവനകളെ റോഡ്രിഗസ് തള്ളിക്കളഞ്ഞു. വെനസ്വേല ഒരിക്കലും ഒരു കോളനി ആകില്ലെന്ന് റോഡ്രിഗസ് തുറന്നടിച്ചു. രാജ്യത്തിന്റെ സ്വാഭാവിക വിഭവങ്ങള്‍ സംരക്ഷിക്കപ്പെടണം. രാജ്യത്തിന്റെ പ്രതിരോധ നേതൃത്വം മദുറോയുടെ നയങ്ങളില്‍ പ്രതിജ്ഞാബദ്ധമാണെന്നും റോഡ്രിഗസ് വ്യക്തമാക്കി. നിക്കോളാസ് മദുറോ അമേരിക്കയുടെ തടവിലായതോടെയാണ് രാജ്യത്തിന്റെ ഇടക്കാല ഭരണച്ചുമതല വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് (56) ഏറ്റെടുത്തത്.
പ്രസിഡന്റിന്റെ അസാന്നിധ്യത്തില്‍ അധികാരം വൈസ് പ്രസിഡന്റിനായിരിക്കുമെന്ന് പറയുന്ന ഭരണഘടനയുടെ 233, 234 അനുച്ഛേദങ്ങള്‍പ്രകാരം സുപ്രീംകോടതിയാണ് അവര്‍ക്ക് അധികാരം കൈമാറിയത്. വാഷിങ്ടണുമായി സഹകരിക്കാന്‍ റോഡ്രിഗസ് തയ്യാറായിരിക്കാം എന്നും ട്രംപ് മുമ്പ് സൂചിപ്പിച്ചിരുന്നു. അഭിമുഖത്തിനിടെ, യുഎസ് ഇടപെടല്‍ നേരിടുന്ന അവസാന രാജ്യം വെനസ്വേല ആയിരിക്കില്ലെന്നും ട്രംപ് സൂചിപ്പിച്ചു. 'തീര്‍ച്ചയായും ഗ്രീന്‍ലാന്‍ഡ് ഞങ്ങള്‍ക്ക് ആവശ്യമാണ്. ഡെന്‍മാര്‍ക്കിന്റെ ഭാഗവും നാറ്റോ സഖ്യകക്ഷിയുമായ ഈ ദ്വീപിനെ റഷ്യന്‍, ചൈനീസ് കപ്പലുകള്‍ വളഞ്ഞിരിക്കുന്നു.' എന്നും ട്രംപ് പറഞ്ഞു.
ലിഗ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനും ഗറില്ലാപോരാളിയുമായ ജോര്‍ജ് അന്റോണിയോ റോഡ്രിഗസിന്റെ മകളാണ് ഡെല്‍സി റോഡ്രിഗസ്. ധനകാര്യം, എണ്ണ എന്നീ വകുപ്പുകളുടെ മന്ത്രികൂടിയായ അവര്‍ 2018-ലാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. 2014-17 കാലത്ത് വിദേശകാര്യമന്ത്രിയായിരുന്നു. മഡുറോ സര്‍ക്കാരിനെതിരായ നീക്കങ്ങളെ ശക്തമായി നേരിട്ടിരുന്ന അവരെ മഡുറോയുടെ 'കടുവ' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. വെനസ്വേലയുടെ എണ്ണവ്യവസായത്തിനുമേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ കൈകാര്യംചെയ്തതിലൂടെയും അവര്‍ ശ്രദ്ധനേടിയിരുന്നു. അമേരിക്കന്‍ അധികൃതര്‍ പറയുന്നതനുസരിച്ച്, നിക്കോളാസ് മഡുറോ ഇപ്പോള്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ ജയിലില്‍ കഴിയുകയാണ്.




