വാഷിങ്ടണ്‍: അമേരിക്ക- ചൈന വ്യാപാര യുദ്ധം ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിടുന്ന അവസ്ഥയാണുള്ളത്. ആഗോള സാമ്പത്തിക രംഗത്തിന് ഇത് വലിയ പ്രതിസന്ധിയാണ് ഉയരുന്നത്. ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാതെ നികുതി തിരച്ചടിക്കാന്‍ ചൈനയും തീരുമാനിച്ചോടെ വ്യാപാര രംഗത്ത് രക്തച്ചൊരിച്ചിലാണ്. ഇതോടെ ചൈനക്ക് മേല്‍ കൂടുതല്‍ നികുതി ചുമത്തികൊണ്ടാണ് രംഗത്തുവന്നത്.

ചൈനയ്ക്കെതിരെ 50 ശതമാനം അധിക നികുതികൂടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. രണ്ട് ദിവസം മുമ്പാണ് യു.എസ്. ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി ചൈന പ്രഖ്യാപിച്ചത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി യു.എസ്. പ്രഖ്യാപിച്ചതിന് പകരമായാണ് ചൈന യു.എസിനെതിരെ പകരച്ചുങ്കം പ്രഖ്യാപിച്ചത്. ഇത് പ്രഖ്യാപിച്ച് 48 മണിക്കൂറിനകം ട്രംപ് തിരിച്ചടിച്ചിരിക്കുകയാണ്.

ഇത്തവണ ചൈനയ്ക്ക് 50 ശതമാനം അധിക നികുതിയാണ് ട്രംപ് പ്രഖ്യാപിച്ചത്. എല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനം അടിസ്ഥാന നികുതി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ചൈനയ്ക്ക് ആകെ ചുമത്തുന്ന നികുതി 94 ശതമാനമായി ഉയരും. തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് വഴിയാണ് ട്രംപ് ചൈനയ്ക്കെതിരായ നികുതി പ്രഖ്യാപിച്ചത്.

യു.എസിനെതിരെ ചുമത്തിയ 34 ശതമാനം നികുതി ചൈന പിന്‍വലിച്ചില്ലെങ്കില്‍ അടുത്ത ദിവസം വീണ്ടും അധികമായി 50 ശതമാനം നികുതികൂടി ചുമത്തുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. മാത്രമല്ല ചൈനയുമായുള്ള എല്ലാ വ്യാപാര ചര്‍ച്ചകളും നിര്‍ത്തിവെയ്ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യു.എസിനെതിരെ പകരച്ചുങ്കം ചുമത്താത്ത രാജ്യങ്ങളുമായി മാത്രമേ ഇനി വ്യാപാര ചര്‍ച്ചകള്‍ നടത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ പകരച്ചുങ്കമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞപ്പോള്‍ തന്നെ നേരിടാന്‍ തയ്യാറാണെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാപാര യുദ്ധം ആര്‍ക്കും നേട്ടം നല്‍കില്ലെന്നും നികുതി ചുമത്തിയാല്‍ യു.എസിനെതിരെ പകരച്ചുങ്കമുണ്ടാകുമെന്നും ചൈന വ്യക്തമാക്കിയിരുന്നു. പകരച്ചുങ്കം ചുമത്തുന്ന നടപടികളെ തുടര്‍ന്ന് ആഗോള വ്യാപാര യുദ്ധവും അതേതുടര്‍ന്നുണ്ടാകുന്ന മാന്ദ്യത്തിന്റെ ഭീതിയിലും ആഗോള ഓഹരി വിപണിയില്‍ കനത്ത നഷ്ടം നേരിട്ടിരുന്നു. ഇതിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയും ഇടിവ് നേരിട്ടു.

ഏപ്രില്‍ 2നാണ് ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ക്കുമേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷം ആദ്യം ചൈനയ്ക്ക് മേല്‍ 20 ശതമാനം തീരുവയാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിന് പുറമേ കഴിഞ്ഞദിവസം 34 ശതമാനം തീരുവകൂടി ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ അമേരിക്ക ചൈനക്കുമേല്‍ ചുമത്തിയ നികുതി 54ശതമാനമായിരുന്നു.

ട്രംപിന്റെ പ്രതികാര ചുങ്കത്തിന് തിരിച്ചടിയായി അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ചൈന. 34% അധിക തീരുവ ചുമത്തിയിരുന്നു. അപൂര്‍വ ഭൗമ ധാതുക്കളുടെ കയറ്റുമതിയില്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. പ്രതിരോധ മേഖലയിലുള്‍പ്പെടെ 30ഓളം യുഎസ് സംഘടനകള്‍ക്കും ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

അമേരിക്കയുടെ വ്യാപാരക്കമ്മി കുറയ്ക്കാനെന്ന പേരിലാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 10 മുതല്‍ 49 ശതമാനം വരെ ഇറക്കുമതി ചുങ്കം ചുമത്തിയത്. പകരത്തിനുപകരമായി തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ നീക്കത്തില്‍ 20 ശതമാനം ചുങ്കമാണ് ഇന്ത്യ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, 'ഡിസ്‌കൗണ്ട്' കഴിച്ച് 27 ശതമാനമാണ് ട്രംപ് ചുമത്തിയത്. ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനവും യൂറോപ്യന്‍ യൂണിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനവുമാണ് തീരുവ ഏര്‍പ്പെടുത്തിയത്.

അതേസമയം ഡോണള്‍ഡ് ട്രംപ് വിതച്ച പകരച്ചുങ്ക കൊടുങ്കാറ്റില്‍ ആടിയുലയുകയാണ് ആഗോള ഓഹരി വിപണികള്‍. ഏപ്രില്‍ രണ്ടിന് ട്രംപിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ തകര്‍ന്നടിഞ്ഞ വിപണികളില്‍ തിങ്കളാഴ്ച ചോരപ്പുഴയൊഴുകി. കുത്തനെ കൂട്ടിയ തീരുവയില്‍നിന്ന് പിന്നോട്ടില്ലെന്ന് ട്രംപ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത് തകര്‍ച്ചയുടെ ആഴം കൂട്ടി. ലോക സമ്പദ്‌വ്യവസ്ഥയില്‍ ട്രംപ് സൃഷ്ടിച്ച വന്‍ അനിശ്ചിതത്വം ഇനിയും തുടരുമെന്നാണ് സൂചനകള്‍.

വരാനിരിക്കുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകളെന്ന ആശങ്ക കൂടുതല്‍ പരിഭ്രാന്തിയിലേക്കാണ് വിപണികളെ നയിക്കുന്നത്. ട്രംപ് ചുമത്തിയ പകരച്ചുങ്കവും ചൈന ഉള്‍പ്പെടെ രാജ്യങ്ങളുടെ തിരിച്ചടിയും പണപ്പെരുപ്പത്തിനും സാമ്പത്തിക വളര്‍ച്ചാ മാന്ദ്യത്തിനും ഇടയാക്കുമെന്ന ആശങ്കയില്‍ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞ് സ്വര്‍ണം ഉള്‍പ്പെടെ മറ്റ് സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിയുകയാണ്.

പകരച്ചുങ്കം പിന്‍വലിക്കാനോ കുറക്കാനോ ട്രംപ് തയാറാകാത്തപക്ഷം നിരവധി രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ തന്നെ തകിടംമറിയും. അമേരിക്കക്കനുകൂലമായ വ്യാപാര കരാറുകളുണ്ടാക്കാന്‍ മറ്റ് രാജ്യങ്ങളെ നിര്‍ബന്ധിക്കുകയെന്ന തന്ത്രവും ട്രംപ് പയറ്റുന്നുണ്ട്. ഇന്ത്യ, ഇസ്രായേല്‍, വിയറ്റ്‌നാം തുടങ്ങി 50ഓളം രാജ്യങ്ങള്‍ കരാറുണ്ടാക്കാന്‍ സന്നദ്ധത അറിയിച്ചതായി വൈറ്റ്ഹൗസ് നാഷനല്‍ ഇക്കണോമിക് കൗണ്‍സില്‍ ഡയറക്ടര്‍ കെവിന്‍ ഹാസെറ്റ് പറഞ്ഞു.ആഗോള എണ്ണ വിലയിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ബ്രന്റ് ക്രൂഡ് ഓയില്‍ വില 2021 ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ബാരലിന് 63.15 ഡോളറാണ് പുതിയ വില.