- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രായേല്‍ വിരുദ്ധ പ്രചാരണം നടത്തുന്ന രണ്ട് ബ്രിട്ടീഷ് എംപിമാര്‍ക്ക് ഇസ്രായേലില്‍ പ്രവേശനം നിഷേധിച്ച് രാജ്യം; ചാരിറ്റിയുടെ ഭാഗമായി വസ്തുതാന്വേഷണത്തിന് എത്തിയ ചൈനീസ്- യെമന്‍ വംശജരായ എംപിമാരെ തടഞ്ഞത് ടെല്‍ അവീവ് എയര്‍പോര്‍ട്ടില്‍
രണ്ട് ബ്രിട്ടീഷ് എംപിമാര്‍ക്ക് ഇസ്രായേലില്‍ പ്രവേശനം നിഷേധിച്ച് രാജ്യം
ടെല്‍ അവീവ്: രണ്ടു ബ്രിട്ടീഷ് എംപിമാര്‍ക്ക് പ്രവേശനം നിഷേധിച്ച് ഇസ്രായേല്‍. യുവാങ് യാങ്, അബ്റ്റിസാം മുഹമ്മദ് എന്നീ എംപിമാര്‍ക്കാണ് ഇസ്രായേല്‍ പ്രവേശനം നിഷേധിച്ചത്. ലണ്ടനില്‍ നിന്ന് വിമാനമാര്‍ഗം ടെല്‍അവീവില്‍ എത്തിയ ഇരുവരെയും ഇസ്രായേല്‍ അധികൃതര്‍ തിരികെ അയക്കുകയായിരുന്നു. ഇസ്രായേലില്‍ വിദ്വേഷ പ്രസംഗം നടത്താന്‍ എത്തിയവരെ മടക്കി അയച്ചു എന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഇസ്രായേല്‍ സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ ചൈനീസ്-യെമന്‍ വംശജരായ എം.പിമാര്‍ ചാരിറ്റിയുടെ ഭാഗമായുള്ള വസ്തുതാന്വേഷണത്തിന് എത്തിയതാണ് എന്നാണ് ബ്രിട്ടന്‍ അവകാശപ്പെടുന്നത്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലമ്മി ഇക്കാര്യത്തില്‍ ശക്തമായ ഭാഷയിലാണ് വിമര്‍ശനം
ഉന്നയിച്ചത്. നടപടി അങ്ങേയറ്റം ആശങ്കാജനകമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പ്രവേശനം നിഷേധിച്ച സാഹചര്യത്തില്‍ രണ്ട് ബ്രിട്ടീഷ് എം.പിമാരും ഇന്നലെ ലണ്ടനില്‍ തിരിച്ചെത്തി.
ശനിയാഴ്ച ഇസ്രയേലില്‍ എത്തിയ സമയത്ത് വിമാനത്താവളത്തില്‍ ഇരുവരേയും തടഞ്ഞുവെച്ചതായി ബ്രിട്ടീഷ് ട്രഷറി ചീഫ് സെക്രട്ടറി
ഡാരന്‍ ജോണ്‍സ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇസ്രയേലിന് എതിരെ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടാണ് രണ്ട് ബ്രിട്ടീഷ് എം.പിമാരും ഇസ്രയേലില്‍ എത്തിയത് എന്നാണ് ഇസ്രയേല്‍ സര്‍ക്കാര്‍ ആരോപിക്കുന്നത്. വെസ്റ്റ്ബാങ്കിലെ ജനങ്ങള്‍ക്ക് നല്‍കുന്ന സഹായ പദ്ധതികളെ കുറിച്ചും അവിടുത്തെ ജനങ്ങളുടെ അവസ്ഥയെ കുറിച്ചും മനസിലാക്കാനാണ് തങ്ങള്‍ സന്ദര്‍ശനത്തിനായി എത്തിയതെന്നാണ് എം.പിമാര്‍ പറയുന്നത്.
ഒരു സംഘം ചാരിറ്റി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇസ്രയേല്‍ സന്ദര്‍ശിച്ചതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. കൗണ്‍സില്‍ ഫോര്‍ അറബ്-ബ്രിട്ടീഷ് അണ്ടര്‍സ്റ്റാന്‍ഡിംഗ്, മെഡിക്കല്‍ എയ്ഡ് ഫോര്‍ പാലസ്തീനിയന്‍സ് എന്നീ സംഘടനകളാണ് പ്രതിനിധി സംഘത്തെ ഇസ്രയേലിലേക്ക് ക്ഷണിച്ചിരുന്നത്. ജറുസലേമിലെ യു.കെ കോണ്‍സല്‍ ജനറലിനെ തങ്ങളുടെ സന്ദര്‍ശനത്തെക്കുറിച്ച് സംഘം അറിയിച്ചിരുന്നതായും യാത്രാ പരിപാടിയുടെ ഭാഗമായി അവരുമായി കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയിട്ടിരുന്നതായും സംഘം വ്യക്തമാക്കി.
ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങള്‍ക്ക് ഫലസ്തീന്‍ സമൂഹങ്ങളെ കാണാനും അവിടത്തെ മാനുഷികവും ആരോഗ്യപരവുമായ സാഹചര്യങ്ങളെക്കുറിച്ച് മനസിലാക്കാനും വേണ്ടിയായിരുന്നു സന്ദര്‍ശനം എന്നായിരുന്നു സംഘടനകള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇവരുടേത് ഔദ്യോഗിക സന്ദര്‍ശനം ആണെന്ന കാര്യം അറിയിച്ചിട്ടില്ല എന്നാണ് ഇസ്രയേല്‍ അധികൃതര്‍ പറയുന്നത്. ഫലസ്തീനിലെ സ്ഥിതിഗതികള്‍ നേരില്‍
കാണുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമെന്നാണ് യുവാങ് യാങും അബ്റ്റിസാം മുഹമ്മദും സമൂഹമാധ്യമമായ എക്സില്‍ ചൂണ്ടിക്കാട്ടുന്നത്. തങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച ഇസ്രയേല്‍ അധികൃതരുടെ നടപടി അത്ഭുതപ്പെടുത്തി എന്നും അവര്‍ അഭിപ്രായപ്പെട്ടു.
ബ്രിട്ടനിലെ എം.പിമാരോടേ് ഇത്തരത്തില്‍ പെരുമാറരുത് എന്ന് ഇസ്രയേല്‍ എം.പിമാരോട് ആവശ്യപ്പെട്ടിട്ടുള്ളതയി ഡേവിഡ് ലമി വ്യക്തമാക്കി. രണ്ട് എം.പിമാരുമായും ഫോണില്‍ സംസാരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഗാസയിലും സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിനാണ് ബ്രിട്ടന്‍ പ്രാധാന്യം നല്‍കുന്നതെന്നും ലമി വ്യക്തമാക്കി. പാര്‍ട്ടി ഏതായാലും ബ്രിട്ടനിലെ എം.പിമാരുടെ അവകാശത്തിനായി സര്‍ക്കാര്‍ നിലകൊള്ളുക തന്നെ ചെയ്യുമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പ്രഖ്യാപിച്ചു.