ജറുസലം: ഗാസയില്‍ ആക്രമണം ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍ ഇസ്രയേലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നു സഖ്യകക്ഷികളായ യുകെ, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങള്‍ മുന്നറിയിപ്പുനല്‍കി. ഗാസയിലെ ആക്രമണം ഭീതിദമാണെന്നു ബ്രീട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ പാര്‍ലമെന്റില്‍ പറഞ്ഞതിനുപിന്നാലെ, ഇസ്രയേലുമായുള്ള വ്യാപാരചര്‍ച്ചകള്‍ ബ്രിട്ടന്‍ മരവിപ്പിച്ചു. ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ഉയര്‍ത്തി യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കമാണ് ബ്രിട്ടന്‍ നടത്തുന്നത്.

ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയാണ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിര്‍ത്തിയ വിവരം അറിയിച്ചത്. നിലവിലുള്ള വ്യപാര കരാര്‍ തുടരും. എന്നാല്‍, കരാറുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നത് നിര്‍ത്തും. നെതന്യാഹുവിന്റെ സര്‍ക്കാര്‍ വെസ്റ്റ്ബാങ്കിലും ഗസ്സയിലും നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്നാണ് കരാര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നതെന്ന് യു.കെ അറിയിച്ചു.

ലോകം നിങ്ങളെ വിലയിരുത്തുന്നുണ്ടെന്നായിരുന്നു ഇസ്രായേല്‍ നടപടികളോടുള്ള ഡേവിഡ് ലാമിയുടെ പ്രതികരണം. ജനുവരിയിലെ വെടിനിര്‍ത്തലിലേക്ക് ഇസ്രായേല്‍ തിരികെ പോകണം. വെസ്റ്റ് ബാങ്കില്‍ വലിയ ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്. വെസ്റ്റ് ബാങ്കിലെ മൂന്ന് വ്യക്തികള്‍ക്കും ചില സംഘടനകള്‍ക്കും യു.കെ വിലക്കേര്‍പ്പെടുത്തി.

ഗാസയില്‍ സഹായമെത്തിക്കാന്‍ അനുവദിക്കണമെന്ന് മറ്റ് 22 രാജ്യങ്ങളും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. അടിയന്തരമായി ആക്രമണം അവസാനിപ്പിക്കുകയും സഹായ വിതരണം പുനരാരംഭിക്കുകയും ചെയ്തില്ലെങ്കില്‍ ഇസ്രായേലിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഇവര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്രായേല്‍ അനുവദിച്ച പരിമിതമായ ഭക്ഷ്യസഹായം ഗസ്സയിലെ പട്ടിണിയിലായ ജനങ്ങള്‍ക്ക് തികയില്ല.

ഗസ്സയില്‍ ഭക്ഷണം അടക്കം എല്ലാ അത്യാവശ്യ വസ്തുക്കളും തീര്‍ന്നു. ജനങ്ങള്‍ കൊടുംപട്ടിണിയിലാണ്. ജനങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കണം. സഹായ വിതരണം തടഞ്ഞു വെക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിത്. ജനങ്ങള്‍ക്കുള്ള മാനുഷിക സഹായം രാഷ്ട്രീയവത്കരിക്കരുതെന്നും പ്രസ്താവന ആവശ്യപ്പെട്ടു. ബന്ദികളെ മോചിപ്പിക്കാനുള്ള ഏകമാര്‍ഗം വെടിനിര്‍ത്തലാണെന്നും ഗാസയിലേക്കു പൂര്‍ണതോതില്‍ സഹായങ്ങള്‍ എത്തിക്കണമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി സ്റ്റാമര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അടിയന്തര സഹായമെത്തുന്നില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ ഗാസയില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മാനുഷികസഹായവിഭാഗം മേധാവി ടോം ഫ്‌ലെച്ചര്‍ മുന്നറിയിപ്പു നല്‍കി. അതേസമയം ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്തുവന്നു. ഇതിനായി ഹമാസ് ചില വ്യവസ്ഥകള്‍ അംഗീകരിക്കണമെന്നും നെതന്യാഹു പറഞ്ഞു.

ഹമാസ് ആയുധങ്ങള്‍ താഴെവെക്കണം, മുഴുവന്‍ ബന്ദികളേയും വിട്ടയക്കണം, ഹമാസിന്റെ നേതാക്കളെ നാടുകടത്തണം, ഗാസയില്‍ ഹമാസിന്റെ സേനയെ പൂര്‍ണമായും പിന്‍വലിക്കണം എന്നിവയെല്ലാമാണ് നെതന്യാഹു മുന്നോട്ടുവെച്ചിരിക്കുന്ന വ്യവസ്ഥകള്‍. ഗാസയില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങളുടെ പേരില്‍ യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രസ്താവന.

അതിനിടെ, അഭയകേന്ദ്രമായ സ്‌കൂളില്‍ ഉള്‍പ്പെടെ ഗാസയിലെങ്ങും ഇസ്രയേല്‍ ഇന്നലെ നടത്തിയ ബോംബാക്രമണങ്ങളില്‍ 60 പലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടു.മാര്‍ച്ച് 2 മുതലാണു ഗാസയില്‍ ഇസ്രയേല്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞദിവസം മുതല്‍ പരിമിതമായ അളവില്‍ ഭക്ഷ്യവസ്തുക്കളുടെ വിതരണം അനുവദിച്ചിട്ടുണ്ടെങ്കിലും തീര്‍ത്തും അപര്യാപ്തമാണെന്ന് യുഎന്‍ ഏജന്‍സികള്‍ പറഞ്ഞു. ഇന്നലെ 100 ട്രക്കുകള്‍ക്കുകൂടി പ്രവേശനാനുമതി നല്‍കി. വെടിനിര്‍ത്തല്‍ സമയത്തു പ്രതിദിനം 600 ട്രക്കുകളാണ് ഗാസയിലെത്തിയിരുന്നത്.