ലണ്ടന്‍: പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് വലിയൊരു തിരിച്ചടിയായ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവായി തെരഞ്ഞെടുത്തത് ഗ്രീന്‍സ് പാര്‍ട്ടി നേതാവ് സാക്ക് പൊളന്‍സ്‌കിയെയാണ്. ഓപ്പിയം സര്‍വേയില്‍ പൊളന്‍സ്‌കി ലഭിച്ച നെറ്റ് സ്‌കോര്‍ മൈനസ് 1 ആണ്. ഇതാണ് ബ്രിട്ടനിലെ ഏറ്റവും ജനപിന്തുണയുള്ള അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളില്‍ വെച്ച് പൊളന്‍സ്‌കിയെ ഏറ്റവും ജനപിന്തുണയുള്ള നേതാവാകാന്‍ സഹായിച്ചത്. ഒരു രാഷ്ട്രീയ നേതാവിനും നെറ്റ് പോസിറ്റീവ് സ്‌കോര്‍ ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്. രണ്ടാം സ്ഥാനത്ത് മൈനസ് 4 പോയിന്റോടെ ലിബറല്‍ ഡെമോക്രാറ്റ് നെതാവ് സര്‍ എഡ് ഡേവിയാണ്.

ടോറി നേതാവ് കെമി ബെയ്ഡ്‌നോക്കിന് മൈനസ് 10 പോയിന്റ് ലഭിച്ചപ്പോള്‍ റിഫോം യു കെയുടെ നെയ്ജല്‍ ഫരാജിന് ലഭിച്ചത് മൈനസ് 12 പോയിന്റാണ്. പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ മൈനസ് 43 പോയിന്റുകളോടെ ഏറ്റവും ജനപിന്തുണ കുറഞ്ഞ നേതാവായി. പൊളന്‍സ്‌കിക്ക് ലഭിച്ച വന്‍ ജനപിന്തുണ ഡൗണിംഗ് സ്‌ട്രെറ്റില്‍ ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇടതുപക്ഷ സമൂഹത്തില്‍ നിന്നും മറ്റൊരു വെല്ലുവിളി കൂടി ലേബറിന് ഉണ്ടാകുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. അതേസമയം, രാഷ്ടീയ പാര്‍ട്ടികളുടെ കാര്യത്തില്‍ റിഫോം യു കെ വ്യക്തമായ മേധാവിത്വം തുടരുകയാണ്.

പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരോധിക്കാനുള്ള തീരുമാനം റദ്ദ് ചെയ്യുമെന്ന് ടോറി നേതാവ്

അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ പെട്രോള്‍ - ഡീസല്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം പിന്‍വലിക്കുമെന്ന് കണ്‍സര്‍വെറ്റീവ് നേതാവ് പ്രസ്താവിച്ചു. സീറൊ എമിഷന്‍ വെഹിക്കിള്‍ മാന്‍ഡേറ്റ് നല്ലൊരു ആശയമായിരുന്നെങ്കിലും ആത്യന്തമായി വിനാശകാരിയായ ഒരു നിയമമാണെന്നാണ് സണ്‍ഡേ ടെലെഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ അവര്‍ പറയുന്നത്. 2050 ഓടെ നെറ്റ് സീറോ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ 2030 ഓടെ എല്ലാ വാഹനങ്ങളും ഇലക്ട്രിക്കോ ഹൈബ്രിഡോ ആക്കാന്‍ നിയമപരമായി സര്‍ക്കാരിനെ ബാദ്ധ്യസ്ഥമാക്കുന്നതാണിത്.

യൂറോപ്യന്‍ യൂണിയന്റെ സമാനമായ നയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദ്ധം ചെലുത്തുന്ന ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കെമി ബെയ്ഡ്‌നോക്ക് ഇത്തരത്തില്‍ ഒരു നയം വ്യക്തമാക്കിയത് എന്നതും ശ്രദ്ധേയമാണ്. പെട്രോള്‍ ദീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്നതിനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ഇറ്റലി ഉള്‍പ്പടെ അഞ്ച് രാഷ്ട്രങ്ങള്‍ യൂറോപ്യന്‍ യൂണിയനോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. അത്തരമൊരു നയം വന്നാല്‍, ചൈനയായിരിക്കും അതില്‍ നിന്നും നേട്ടം കൊയ്യുക എന്നാണ് അവര്‍ വാദിക്കുന്നത്.