- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട് വില്‍ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് വാടക കാലാവധി കഴിഞ്ഞപ്പോള്‍ പുതുക്കാതെ വാടകക്കാരെ ഒഴിവാക്കിയ ശേഷം കൂടിയ വാടകക്ക് വീണ്ടും നല്‍കി; നിയമം ലംഘിക്കാതിരുന്നിട്ടും വിവാദമായപ്പോള്‍ മന്ത്രി സ്ഥാനം രാജി വച്ച് യുകെയിലെ വനിതാ നേതാവ്; കേരള നേതാക്കള്‍ കണ്ടുപഠിക്കാന്‍ ഒരു ധാര്‍മ്മിക രാജി..!
കേരള നേതാക്കള്‍ കണ്ടുപഠിക്കാന്‍ ഒരു ധാര്‍മ്മിക രാജി..!
ലണ്ടന്‍: എത്ര വലിയ അഴിമതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാലും മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങള്‍ ഇല്ലാതെ രോഗി മരിച്ചാലും കുലുങ്ങാത്ത നമ്മുടെ നാട്ടില്‍ ഉള്ള മന്ത്രിമാര്‍ അറിയേണ്ടതാണ് ബ്രിട്ടനില്‍ നിന്നുള്ള ഈ രാജി വാര്‍ത്ത. ഒരു നിയമ ലംഘനവും നടത്താതിരുന്നിട്ടും അനാവശ്യമായ വിവാദം ഒഴിവാക്കാന്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു മന്ത്രി രാജി വച്ച വാര്‍ത്തയാണ് ഇത്. മറ്റെന്തൊക്കെ കുറ്റങ്ങള്‍ പറയാമെങ്കിലും, ജനാധിപത്യ ബോധത്തെ എന്നും ഉയര്‍ത്തിപ്പിടിച്ച് മാതൃക കാണിക്കാന്‍ ബ്രിട്ടീഷ് രാഷ്ട്രീയക്കാര്‍ തയ്യാറായിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്നും നാല് വാടകക്കാരെ ഒഴിപ്പിച്ച്, ഏതാനും ആഴ്ചകള്‍ക്ക് ശേഷം 700 പൗണ്ട് അധിക വാടകയ്ക്ക് അത് മറ്റുള്ളവര്‍ക്ക് നല്‍കി എന്ന ആരോപണം ഉയര്‍ന്നതിന്റെ തുടര്‍ന്നാണ് റുഷാനര അലി മന്ത്രി സഭയില്‍ നിന്നും രാജിവെച്ചത്. നേരത്തേ നിശ്ചിതകാലത്തേക്കുള്ള ഫിക്സ്ഡ് ടേം കരാര്‍ വഴിയായിരുന്നു ഇവിടെ വാടകക്കാര്‍ താമസിച്ചിരുന്നത്. കെട്ടിടം വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍, കരാര്‍ കാലാവധി കഴിഞ്ഞാല്‍ പുതുക്കുകയില്ലെന്ന് വാടകക്കാരെ കഴിഞ്ഞ നവംബറില്‍ തന്നെ അലി അറിയിച്ചിരുന്നതാണ്.
എന്നാല്‍, വാടകക്കാര്‍ വീടൊഴിഞ്ഞ് പോയി അധികം താമസിയാതെ ആ കെട്ടിടം വാടകയ്ക്ക് നല്‍കുന്നതിനുള്ള പരസ്യം പ്രത്യക്ഷപ്പെടുകയായിരുന്നു. അതുവരെ പ്രതിമാസം 3300 പൗണ്ട് വാടകയുണ്ടായിരുന്നത് 4000 പൗണ്ട് ആക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയതോടെ ഹൗസിംഗ് ചാരിറ്റികളും, പ്രതിപക്ഷ കക്ഷികളും അവര്‍ക്കെതിരെ നിശിത വിമര്‍ശനവുമായി രംഗത്തെത്തി. വാടക കരാര്‍ പുതുക്കാത്തതിന് പറഞ്ഞ കാരണവും, കെട്ടിടം വീണ്ടും വാടകയ്ക്ക് നല്‍കാനുള്ള തീരുമാനവും തമ്മിലുള്ള വൈരുദ്ധ്യം വ്യക്തമാക്കാന്‍ അവര്‍ക്ക് മേല്‍ സമ്മര്‍ദ്ധം ശക്തമായി.
എന്നാല്‍, കെട്ടിടം വാങ്ങാന്‍ ഒരാളെ കിട്ടാത്തതിനാലാണ് അത് വീണ്ടും വാടകയ്ക്ക് നല്‍കിയതെന്ന് അവര്‍ പറയുന്നു. താന്‍ നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചു കൊണ്ടുതന്നെയാണ് കാര്യങ്ങള്‍ ചെയ്തതെന്ന് അവര്‍ പ്രധാനമന്ത്രിക്ക് എഴുതിയകത്തില്‍ പറയുന്നു. എന്നാല്‍, ഇത്തരമൊരു വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ താന്‍ സര്‍ക്കാരില്‍ തുടരുന്നത് സര്‍ക്കാരിന്റെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടുപോകുന്നതില്‍ തടസ്സമായേക്കും എന്നും അവര്‍ പറയുന്നുണ്ട്.
അലിയുടെ പ്രവര്‍ത്തിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. എന്നാല്‍, സ്വകാര്യ വീട്ടുടമകള്‍, അന്യായമായി വാടക വര്‍ദ്ധിപ്പിക്കുന്നതിനെതിരെ വാടകക്കാര്‍ക്ക് പിന്തുണയേകാന്‍ ലേബര്‍ സര്‍ക്കാര്‍ ഉണ്ടാകുമെന്ന് അവര്‍ കൂടെക്കൂടെ പറഞ്ഞിരുന്നു. മാത്രമല്ല, വാടകക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്ന റെന്റേഴ്സ് റൈറ്റ്‌സ് ബില്ലിന്റെ മുഖ്യ ചാലകശക്തികളില്‍ ഒരാളുമാണ് അലി. ഈ നിയമം അടുത്ത വര്‍ഷം മുതലായിരിക്കും പ്രാബല്യത്തില്‍ വരിക.
ഇതാണ്, അലിക്കെതിരെ കപടനാട്യക്കാരിയാണെന്ന ആരോപണം ഉയരാന്‍ ഇടയായത്.സ്വാര്‍ത്ഥ താത്പര്യവും കപടതയുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര എന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ആരോപിച്ചിരുന്നു. ഇതെല്ലാമാണ് അവരെ രാജിവയ്ക്കാന്‍ പ്രേരിപ്പിച്ചത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം പുറത്തുപോകുന്ന നാലാമത്തെ മന്ത്രിയയണ് റുഷാനര അലി.